ADVERTISEMENT

വേനൽ കടുത്തതോടെ വനത്തിൽ നിന്നു മൃഗങ്ങൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക്. വിളകൾ നശിപ്പിക്കുന്നതിനൊപ്പം കൃഷിക്കാർക്കും തൊഴിലാളികൾക്കും നേരെ ആക്രമണങ്ങളും പതിവായി . കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാർ 63–ാം മൈൽ തെക്കേൽ വീട്ടിൽ കുഞ്ഞേപ്പ് എന്ന കർഷകന്റെ ഒന്നര ഏക്കർ ഏലത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. 

കാപ്പി, കുരുമുളക് എന്നിവയ്ക്കു നാശമുണ്ട്. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനമേഖലയോടു ചേർന്നു കിടക്കുന്ന മേഖലയിൽ വന്യമൃഗശല്യം പതിവാണ്. ഒരു വർഷത്തിനിടെ ഒരു ഡസൻ തവണ ഈ മേഖലയിൽ കാട്ടനാക്കൂട്ടത്തിന്റെ വിളയാട്ടം നാശം വിതച്ചതായാണു നാട്ടുകാർ പറയുന്നത്. വളളക്കടവ്,കല്ലാർ മേഖലകളിൽ പുലി, കടുവ, കരടി, പന്നി എന്നിവയുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തുന്നു. 

പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നു പശുക്കളെ കൂട്ടത്തോടെ കാണാതായി. വീടുകളിലെ തൊഴുത്തിൽ എത്തി വരെ പശുക്കളെ പുലി പിടിച്ചതായി പറയുന്നു. ഒരു തവണ ക്യാമറയും കൂടും സ്ഥാപിച്ചു പുലിയെ പിടികൂടി ഉൾവനത്തിൽ എത്തിച്ചു വിട്ടയച്ചിരുന്നു. എന്നാൽ വീണ്ടും ജനവാസകേന്ദ്രങ്ങളിൽ പുലിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. 

∙ആനയുടെ ആക്രമണത്തിൽ പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണു തൊഴിലാളിക്ക് പരുക്കേറ്റു . വളളക്കടവ് എട്ടാം നമ്പർ പുതുവലിൽ ശേയുദാസിനാണ് (44) പരുക്കേറ്റത്. സത്രത്തിൽ ജോലിക്കു പോകുന്നതിനിടെയാണ് സംഭവം. തൊട്ടടുത്ത് എത്തുന്നതിനു മുൻപ് ആനയെ കണ്ടതിനാലാണ‌ു യേശുദാസ് രക്ഷപ്പെട്ടത്.

∙ സംരക്ഷണ വേലികൾ, നഷ്ടപരിഹാരം

പ്രളയം സംരക്ഷണവേലി തകർന്നതോടെയാണ് വന്യമൃഗങ്ങൾ കൂടുതലായി ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്. കൃഷിനാശം പതിവായതിനെത്തുടർന്നു പിന്നാലെ വളളക്കടവ് മുതൽ പെരിയാർ തീരങ്ങളിൽ വൈദ്യുതി വേലി, സംരക്ഷണവേലി എന്നിവ വനം വകുപ്പ് ഒരുക്കിയിരുന്നു. പ്രളയത്തിൽ ഇവ പൂർണമായും നശിച്ചു. ചില കേന്ദ്രങ്ങളിൽ ഇവ പുനഃസ്ഥാപിക്കാൻ വനം വകുപ്പ് തുടങ്ങിയെങ്കിലും ഭൂരിപക്ഷം കേന്ദ്രങ്ങളിലും നിലവിൽ വേലിയില്ല . 

കല്ലാർ, പരുന്തുംപാറ, തോട്ടാപ്പുര എന്നിവിടങ്ങളിൽ വേലികൾ നിർമിക്കാമെന്ന വാഗ്ദാനം ഇനിയും നിറവേറിയിട്ടില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. കൃഷിനാശം നേരിട്ടവർക്കു നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ് . വിളകൾ അനുസരിച്ച് സർക്കാർ തുക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകളിൽ തീരുമാനം വൈകുകയാണ്. കർഷകരിൽ നല്ലൊരു പങ്കും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ തയാറാവുന്നുമില്ല.

English Summary: Wild animals wander around Vandiperiyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com