ഗൃഹനാഥനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പതിവായെത്തുന്ന ഓലേഞ്ഞാലി; കൗതുകക്കാഴ്ച!

Heartwarming Friendships Between Human And Bird
SHARE

ഉച്ചഭക്ഷണ സമയത്താണ് ആ വരവ്. ജനാലയിലൂടെ ആരുടെയും അനുമതിക്കു കാത്തു നിൽക്കാതെ അകത്തു കയറും. ഡൈനിങ് ടേബിളിനരികിലെ കസേരയില്‍ ഇരുന്നൊന്നു പരിസരം നിരീക്ഷിച്ച് മേശമേൽ പറന്നിറങ്ങും. അവിടെ അപ്പോൾ ഭക്ഷണം റെഡിയായിരിക്കും. പിന്നെ മടികൂടാതെ അതു കൊത്തിത്തിന്നും. ശേഷം ജനാലയിലൂടെ തന്നെ പറന്നു പുറത്തേക്കു പോകും. 

തിരുവനന്തപുരം ധനുവച്ചപുരത്തെ ഡോ.ശിവദാസന്റെ വീട്ടിൽ ഉച്ചഭക്ഷണ നേരത്തെ പതിവുകാരനാണ് ഈ ഓലേഞ്ഞാലി. ആദ്യമൊക്കെ വല്ലപ്പോഴും വന്നിരുന്ന പക്ഷി ആരും ശല്യപ്പെടുത്താനില്ലെന്നു മനസ്സിലായതോടെ പതിവുകാരനായിരിക്കുകയാണ്. ഉച്ചയൂണു സമയത്ത് ഏതാണ്ടെല്ലാ ദിവസവും ഓലേഞ്ഞാലി ഹാജരുണ്ടാകും. വലിയ അടുപ്പക്കാരനായതോടെയാണ് പക്ഷിയുടെ വരവും പോക്കും വീട്ടുകാർ വിഡിയോയില്‍ ചിത്രീകരിച്ചത്. മനുഷ്യരുമായി വലിയ അടുപ്പം കാണിക്കാത്ത ഓലേഞ്ഞാലികൾ വീട്ടിനുള്ളിൽ കടന്ന് ഭക്ഷണം കഴിക്കുന്നത് അപൂർവമാണ്. 

കാക്കയുടെ വർഗത്തിൽപ്പെടുത്താവുന്ന പക്ഷികളാണ് ഓലേഞ്ഞാലികൾ (Rufous Treepie, Indian Treepie). ഓലമുറിയൻ, പൂക്കുറുഞ്ഞി, കോയക്കുറിഞ്ഞി,  കാറാൻ, കീരിയാറ്റ എന്നിങ്ങനെ പേരിൽ പ്രാദേശികഭേദങ്ങളുണ്ട്. ഭക്ഷണപ്രിയരാണ് ഈ പക്ഷികൾ. കിട്ടുന്നതെന്തും ഭക്ഷിക്കാൻ ഇവയ്ക്കു മടിയില്ല. എങ്കിലും പുഴുക്കൾ, ഷ‌ട്പദങ്ങൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, മുട്ടകൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ടഭക്ഷണം. തെങ്ങോലകളിൽ ഞാന്നു കിടന്ന് ഓലയുടെ അടിഭാഗത്തുള്ള പുഴുക്കളെ ഇവ പിടിക്കുന്നത് രസകരമായ കാഴ്ചയാണ്. അതുകൊണ്ടാണ് ഇവയ്ക്ക് ഓലേഞ്ഞാലി എന്നു പേരു വന്നത്.  ഉയരമുള്ള മരങ്ങളിൽ കൂടുകൂട്ടുന്നതിനാൽ ഇവയുടെ കൂട് അത്രവേഗമൊന്നും കണ്ടുപിടിക്കാനാകില്ല.

English Summary: Heartwarming Friendships Between Human And Bird

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA