ADVERTISEMENT

മിന്നൽപ്രളയം നാശംവിതച്ച ഉത്തരാഖണ്ഡിലെ ചമോലി തപോവനിൽ നൊമ്പരക്കാഴ്ചയായി ബ്ലാക്കി എന്ന നായ. രക്ഷാപ്രവർത്തകർക്കൊപ്പം രാപകലില്ലാതെ തന്റെ പ്രിയപ്പെട്ടവർക്കായുള്ള തിരച്ചിലിലാണ് ബ്ലാക്കിയും. പട്ടാള ഉദ്യോഗസ്ഥർ നിരവധി തവണ ബ്ലാക്കിയെ ദുരന്തമുഖത്തു നിന്നും നീക്കാൻ ശ്രമിച്ചെങ്കിലും നായ വീണ്ടും അവിടേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ മിണ്ടാപ്രാണിയുടെ കാത്തിരിപ്പ് വേദനയാവുകയാണ്. 

രണ്ട് വയസ്സു പ്രായമുള്ള നായ തപോവനിലെ തൊഴിലാളികളുടെ അരുമയായിരുന്നു. പരിസരത്തു ജനിച്ചുവളർന്ന ബ്ലാക്കിക്ക് ഭക്ഷണവും കിടക്കാൻ ചണച്ചാക്കും മറ്റും നൽകി സംരക്ഷിച്ചിരുന്നത് ഇവിടുത്തെ തൊഴിലാളികളായിരുന്നു. ഇവരെപ്പോലെ തന്നെ പുലർച്ചെ ഇവിടെയെത്തുന്ന ബ്ലാക്കി വൈകുന്നേരം കുന്നിറങ്ങുകയാണ് പതിവ്. ഞായറാഴ്ച വൈകുന്നേരവും പതിവുപോലെ ബ്ലാക്കി മടങ്ങിയിരുന്നു. അതിനാൽ അപകട സമയത്ത് നായ അവിടെയുണ്ടായിരുന്നില്ല. എന്നാൽ പിറ്റേന്ന് രാവിടെ പതിവുപോലെ എത്തിയ നായ കണ്ടത് ദുരന്തം നാശം വിതച്ച പ്രദേശമായിരുന്നു. അവിടെ ഇരമ്പുന്ന വാഹനങ്ങളും നിരവധി അപരിചിതരായ ആളുകളും. തന്റെ പ്രിയപ്പെട്ടവരെ ആരെയും ബ്ലാക്കിക്ക് അവിടെ കണ്ടെത്താനായില്ല. പലരും ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബ്ലാക്കി അവിടം വിട്ടുപോകാൻ തയാറായിട്ടില്ല. തിരക്കിനിടയിൽ അവർ തന്റെ കാത്തിരിപ്പ് തുടരുകയാണ്.

തപോവനിലുള്ള തുരങ്കത്തിൽ നിന്ന് ഇതിനിടെ രക്ഷാപ്രവർത്തകർ 6 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരാഴ്ച നീണ്ട അക്ഷീണ പ്രയത്നത്തിനൊടുവിലാണു സിമന്റും ചെളിയും നിറഞ്ഞ തുരങ്കം തുരന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. എൻടിപിസിയുടെ കീഴിലുള്ള തപോവൻ – വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിനുള്ളിൽ ആകെ 35 പേർ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരം. ചമോലി ജില്ലയിലെ റേനി ഗ്രാമത്തിൽ നിന്ന് 6 മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇതോടെ, പ്രളയ ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം 50 ആയി.

English Summary: Amidst the rescue operation in Tapovan dam, dog waits for days for his caretaking workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com