ADVERTISEMENT

യുകെ പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ ഔദ്യോഗിക എലിപിടുത്തക്കാരനായി ലാറി ചുമതലയേറ്റിട്ട് കഴിഞ്ഞ ദിവസം 10 വർഷം തികഞ്ഞു. ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ലാറി ചുമതലയേറ്റത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന്. വീരശൂര പരാക്രമത്തിൽ റാങ്ക്‌ലിസ്റ്റിൽ മുൻപന്തിയിലെത്തിയ ലാറി ഇന്ന് വലിയ നിലയിലാണ്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോഴും ലാറി ഔദ്യോഗിക ജീവിതത്തിൽ തുടർന്നു.

സാധാരണയായി ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ പുതിയ പ്രധാനമന്ത്രി താമസത്തിനെത്തുമ്പോൾ പഴയ താമസക്കാരെല്ലാം പെട്ടിയും കിടക്കയുമെടുത്തു സ്ഥലം വിടണമെന്നാണു വയ്പ്. ലാറിപ്പൂച്ചയ്ക്കു പക്ഷേ, അതൊന്നും ബാധകമല്ല. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എലിയെ പിടിക്കുകയെന്ന ഭാരിച്ച ചുമതല വഹിക്കുന്ന പൂച്ചയോട് ‘നീ സ്ഥലം വിടടേ’ എന്ന് ആരും ഉത്തരവിടില്ല. 

വെളുപ്പും ചാരനിറവും ഇടകലർന്ന സുമുഖൻ പൂച്ചയെ ലോകത്തിനു മുഴുവനുമറിയാം. പത്താം നമ്പർ വസതിയുടെ വാതിൽ തുറക്കുമ്പോഴെല്ലാം ആദ്യം ചാടിയിറങ്ങുന്നതു കക്ഷിയാണ്. തൽസമയ ടിവി പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ വീടിന്റെ മുൻവാതിലിനു കുറുകെ ഒരു പൊണ്ണൻ എലിയുടെ പിന്നാലെ പായുന്നതു ക്യാമറയിൽ പതിഞ്ഞതാണു ലാറിയുടെ നക്ഷത്രം മാറ്റിയെഴുതിയത്.

എ ടു സഡ് കാര്യങ്ങളും നോക്കുന്നുണ്ട് ലാറി. അതിഥികളെ വരവേൽക്കുന്നതു മുതൽ വസതിയിലെ എലികളുടെ വിളയാട്ടം വരെ കൃത്യമായി നിരീക്ഷിക്കും. സുരക്ഷാ പ്രതിരോധ രംഗത്ത് പൂച്ചയല്ല, പുലിയാണ് ലാറി. ലാറിയുടെ ഉടമസ്ഥത സംബന്ധിച്ചും പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും പുള്ളിയെ ബാധിച്ചിട്ടുമില്ല. 2007ൽ ജനിച്ച ലാറി 2011ലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എത്രയെത്ര വിശ്വവിഖ്യാതമായ എലിപിടുത്തങ്ങൾ. 2011 ഏപ്രില്‍ 22 നാണ് ആദ്യമായി എലിയെ പിടിക്കുന്നത്. പിന്നെ തുടർന്നങ്ങോട്ട് പ്രധാനമന്ത്രിയുടെ വസതിയിലെ മാത്രമല്ല, പൊതുജനങ്ങളെ ഉപദ്രവിക്കുന്ന എലികളെയും പിടികൂടിയിട്ടുണ്ട്. 

ഡേവിഡ് കാമറൺ തന്റെ പ്രധാനമന്ത്രി പദത്തിലെ അവസാന പ്രസംഗത്തിൽ പറഞ്ഞത് ശ്രദ്ധേയമാണ്. ലാറി ഒരു പേഴ്സൺ സ്റ്റാഫല്ല, സിവിൽ സെർവന്റ് ആണ്. അതോടെ പ്രധാനമന്ത്രിയും ഭരണകൂടവും മാറിയപ്പോഴും ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ എന്ന പദവിയിൽ നിന്നും ലാറിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 10 വർഷം പൂർത്തിയാക്കിയ ലാറിയ്ക്ക്  ട്വിറ്ററിൽ നിറയെ ആശംസകളാണ്. മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായിരുന്നപ്പോൾ പത്താം നമ്പർ വസതിയിലേക്കു വിശന്നുവലഞ്ഞു കയറിവന്ന ഒരു അനാഥപ്പൂച്ചയ്ക്കു വേണ്ടിയാണ് 1989ൽ ചീഫ് മൗസർ തസ്തിക തുടങ്ങിയത്. ബ്രിട്ടനിലെ പൂച്ചകളുടെ ഒരു ഭാഗ്യമേ!

English Summary: Larry the cat celebrates 10 years at 10 Downing Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com