ADVERTISEMENT

കോവിഡിനെ തുടർന്ന്  അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രത്തിൽ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ക്ഷീണിച്ച് ശരീരമാസകലം വ്രണങ്ങളുമായി കഴിഞ്ഞ ആനയ്ക്ക് ദുരിതത്തിൽ നിന്നും മോചനം. കിഴക്കൻ തായ്‌ലൻഡിലെ ചാങ് സിയാം വിനോദ സഞ്ചാര കേന്ദ്രത്തിൽ  സവാരിക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന ഖുൻ പാൻ എന്ന 50 വയസുള്ള കൊമ്പനാനയാണ് ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രണ്ടു മാസങ്ങളായി ആരോഗ്യം പൂർണമായി നഷ്ടപ്പെട്ടതിനെ തുടർന്ന് എഴുന്നേൽക്കാൻ പോലുമാവാത്ത നിലയിൽ പൊടിക്കുള്ളിൽ കിടക്കുകയായിരുന്നു ആന.

ഖുൻപാനിന്റെ നീണ്ടു വളഞ്ഞ കൊമ്പുകളിൽ പലയിടങ്ങളിലും പൊട്ടലുണ്ടായിട്ടുണ്ട്. മാർച്ച് മാസത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സന്ദർശകരുടെ വരവ് നിലച്ചതു മൂലം ആനയ്ക്ക് ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ആനയുടെ ഉടമസ്ഥനായ ലീ പറയുന്നു. ഡിസംബറിൽ  വീണ്ടും കോവിഡ് രൂക്ഷമായതോടെ ആനക്ക് വേണ്ട പോഷകാഹാരം നൽകാൻ ഒരു മാർഗവുമില്ലാതായി. 37 ആനകളാണ്  ലീയുടെ ഉടമസ്ഥതയിൽ  കേന്ദ്രത്തിലുള്ളത്. എല്ലാ ആനകളുടേയും നില പരിതാപകരമാണെന്നും ഖുൻ പാനാണ് അതിൽ ഏറ്റവും അവശനിലയിലായതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ആഴ്ച അവസാനത്തോടെ ആനയുടെ നില തികച്ചും പരിതാപകരമാണെന്നും അത് മരണത്തോട് അടുക്കുകയാണെന്നുമറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സമീപത്തുള്ള മൃഗാശുപത്രിയിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ കണ്ടത് അനങ്ങാൻ പോലുമാവാതെ അവശനിലയിലായ ഖുൻ പാനിനെയാണ്. ലതർ ബെൽറ്റുകൾ കൊണ്ട് താങ്ങു നൽകിയശേഷം അവ അടുത്തുള്ള മരങ്ങളിലേക്ക് ബന്ധിച്ചാണ് ആനയെ എഴുന്നേൽപ്പിച്ചത്.

മെഡിക്കൽ സംഘം  ഗ്ലൂക്കോസ് അടക്കമുള്ള മരുന്നുകൾ  നൽകി. പ്രദേശവാസികളും പഴങ്ങളും കരിമ്പും സംഭരിച്ചെത്തിച്ചു നൽകുകയായിരുന്നു. ആഹാരം ലഭിച്ചതിനു പിറ്റേന്നുതന്നെ ആനയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയതായി അധികൃതർ പറയുന്നു. ശാരീരിക സ്ഥിതി മോശമായതിനാൽ ആനയെ പാർക്കിൽ നിന്നും നീക്കം ചെയ്യുന്നത് ആയാസകരമാണ്. അതിനാൽ  മെഡിക്കൽ സംഘം പാർക്കിൽ നേരിട്ടെത്തിയാണ് ആനയ്ക്ക് ചികിത്സ നൽകുന്നത്.

ഖുൻ പാനിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പ്രതികരണവുമായി രാജ്യാന്തര മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസും (peta)  രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളോളം ആനകളെ ദുരിതത്തിലാക്കി ചൂഷണം ചെയ്തു  ലാഭം കൊയ്ത ഇത്തരം കേന്ദ്രങ്ങൾ അവയെ ദുരിത സ്ഥിതിയിൽ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഇത്തരത്തിൽ പട്ടിണിക്കിട്ട് കൊല്ലാതെ വിപരീത സാഹചര്യങ്ങളിൽ അവയെ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് കൈമാറണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിർദേശം.

English Summary: Rescuers Battle to Save Starving Elephant Found 'Days From Death'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com