ലക്ഷ്യം കരടികളുടെ പിത്താശയം; ഒരു ജീവിയോടും ചെയ്യരുത് ഇത്; ചൈനീസ് കൊടുംക്രൂരത!

Overview of Bear Farming and the Trade in Bear Bile
ഫയൽ ചിത്രം
SHARE

ജനിക്കുമ്പോൾ ഉപയോഗിക്കുന്ന കൂട് തന്നെ വർഷങ്ങളോളം ഉപയോഗിക്കുക. കരടികൾ എത്ര വലുതായാലും ആ കൂട് മാറ്റില്ല, അത് തുറക്കുകയുമില്ല. അതിനകത്തു വളഞ്ഞു കൂടിയിരുന്ന് കിട്ടുന്നതെല്ലാം കഴിച്ച് പ്രാണൻ പിടയുന്ന വേദനയോടെ അവ ജീവിതം തുടരും. എണീറ്റു നിൽക്കാനോ നടുനിവർത്തിയിരിക്കാനോ തിരിയാനോ ഒന്നും സാധിക്കില്ല. പരുക്കേറ്റും വേദന തിന്നും മാനസികമായി തകർന്നും 30 വർഷം വരെ വളർത്തുന്ന കരടികളുണ്ട്. നിയമങ്ങളേറെ വന്നിട്ടും ഇന്നും ഇതിൽ നിന്നു രക്ഷ കിട്ടിയിട്ടില്ല ഏഷ്യാറ്റിക് ബ്ലാക്ക് എന്നും ബൈൽ(പിത്തരസം) കരടി എന്നും ബാറ്ററി കരടി എന്നും ഓമനപ്പേരുള്ള ഇവയ്ക്ക്.

ദശാബ്ദങ്ങളായി ഇവയ്ക്കു വേണ്ടിയുള്ള വേട്ട ചൈനയിലും വിയറ്റ്നാമിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ നടക്കുന്നു. എന്നാൽ കരടികളുടെ മാംസത്തിനോ രോമത്തിനോ ഒന്നും വേണ്ടിയല്ല. വേട്ടക്കാരുടെ ലക്ഷ്യം ഈ കരടികളുടെ പിത്താശയമാണ്. കരടിവേട്ട എളുപ്പമല്ലാത്തതിനാലും ഇടയ്ക്ക് നിരോധനം വന്നതിനാലും ചൈന ഉൾപ്പെടെ ഇവയെ കൂട്ടിലിട്ടു വളർത്താൻ തുടങ്ങി. ദിനംപ്രതിയെന്നോണം ഈ പിത്താശയത്തിലെ ‘ഉൽപന്നത്തിന്’ ആവശ്യക്കാരേറുകയും ചെയ്തു. അതോടെ ‘കരടിക്കൃഷി’യും ശക്തമായി. പിത്താശയത്തിൽ നിന്നു ലഭിക്കുന്ന വസ്തു ഉണക്കിപ്പൊടിച്ചും ഗുളിക രൂപത്തിലുമൊക്കെയായി വിൽക്കുന്നതാണ് രീതി. കരളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസമാണ് പിത്താശയത്തിൽ സംഭരിക്കപ്പെടുന്നത്. 

മുടി കൊഴിച്ചിൽ മുതൽ അസ്ഥിരോഗങ്ങൾ ഭേദപ്പെടുത്താനും അപസ്മാരത്തിനും വരെ ഇത് ഉത്തമമാണെന്നാണ് അന്ധവിശ്വാസം. ചൈനീസ് പരമ്പരാഗത മരുന്നുകളിലെ പ്രധാന അസംസ്കൃത വസ്തുക്കളിലൊന്നാണിത്. പ്രത്യേകതരം ട്യൂബുകളിറക്കിയാണ് പിത്താശയത്തിൽ നിന്ന് പിത്തരസം ശേഖരിക്കുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത് നടന്നു കൊണ്ടിരിക്കും. ഒടുവിൽ വയസ്സാകുന്നതോടെ കരടികളെ കൊന്നുകളയും. ഓരോ തവണയും കുറഞ്ഞത് 25,000 ഡോളറെങ്കിലും ഒരു കരടിയുടെ പിത്താശയത്തിൽ നിന്നുള്ള ‘രസം’ വിറ്റു ലഭിക്കും. ഒരു ഘട്ടത്തിൽ 12,000ത്തോളം കരടികളെ പിത്താശയത്തിനു വേണ്ടി മാത്രം വളർത്തിയിരുന്നെന്നാണു കണക്ക്. ചൈന, വിയറ്റ്നാം, മ്യാൻമാർ, ലാവോസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലായിരുന്നു ഇത്. ചൈനയിൽ ഇന്നും പലയിടത്തും ഈ രീതി തുടരുന്നുണ്ട്. 

Overview of Bear Farming and the Trade in Bear Bile
ഫയൽ ചിത്രം

ഏഷ്യാറ്റിക് ബ്ലാക്ക് കരടികളെയാണ് ഇത്തരത്തിൽ പ്രധാനമായും വളർത്തിയിരുന്നത്. അതുകൊണ്ടു തന്നെയാണ് ഏതു നിമിഷവും വംശനാശത്തിലേക്കു വഴുതിവീഴാം (Vulnerable) എന്ന ഓർമപ്പെടുത്തലോടെ ഐയുസിഎന്നിന്റെ റെഡ്‌ലിസ്റ്റിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നതും. 1980കളിൽ ഇവയുടെ വേട്ടയാടൽ നിരോധിച്ചതാണ്. എന്നാൽ അതിനോടകം പല വനങ്ങളിൽ നിന്നും ഇവ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നെന്നതാണു സത്യം. അങ്ങനെയാണ് ഇവയെ ‘കൃഷി’ ചെയ്യാൻ തീരുമാനമായത്. അതാകട്ടെ തികച്ചും പ്രാകൃതമായ രീതികളിലും. പിത്താശയം ശേഖരിക്കുന്നതിനുള്ള ശസ്ത്രക്രിയയും ചൈനയില്‍ പലയിടത്തും പ്രാകൃതമാണ്. മിക്ക കരടികളും ശസ്ത്രക്രിയയ്ക്കൊടുവിൽ ചാവുകയാണു പതിവ്. അശാസ്ത്രീയ രീതികൾ പ്രയോഗിക്കുന്നതാണു കാരണം, അല്ലെങ്കിൽ അണുബാധയേൽക്കുന്നതും. 

ഒരു ഘട്ടത്തിൽ 200 കോടി ഡോളർ വരെയെത്തിയിട്ടുണ്ട് ഏഷ്യാറ്റിക് കരടികളുടെ പിത്താശയത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ രാജ്യാന്തര കച്ചവടം.  അതിനിടെ 1994ൽ ചൈന പുതുതായി ഫാം നിർമിച്ചു കരടികളെ വളർത്തുന്നത് നിരോധിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അതിലും വെള്ളം ചേർത്തു. നിബന്ധനകളോടെ വളർത്താമെന്നായിരുന്നു ഭേദഗതി. കൂടുകൾക്കു വലുപ്പവും വൃത്തിയുള്ള അന്തരീക്ഷവും മികച്ച പരിചരണവുമൊക്കെ നിർദേശിച്ചെങ്കിലും ഇന്നും കരടികള്‍ക്ക് ദുരിതജീവിതമാണ്. വിയറ്റ്നാമും ദക്ഷിണ കൊറിയയും പൂർണമായും ഈ കാടത്തം നിരോധിച്ചു. രാജ്യാന്തര മെഡിക്കൽ സംഘടനകൾ പലപ്പോഴും റിപ്പോർട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്, കരടികളുടെ പിത്തരസത്തിന് യാതൊരു ഔഷധഗുണവുമില്ലെന്ന്. പക്ഷേ ഒന്നും ഫലവത്തായില്ലെന്നു മാത്രം.

English Summary: Overview of Bear Farming and the Trade in Bear Bile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA