ADVERTISEMENT

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മരിച്ച് പോയ ഒരാളുടെ സമൂഹിക സാമ്പത്തിക നിലവാരം എങ്ങനെയാകും മനസ്സിലാകുക. എത്ര മനോഹരമായ കല്ലറ നിമിച്ചാലും അവയെല്ലാം ഒരു പക്ഷേ തകര്‍ന്നടിഞ്ഞെന്നു വരും. അപ്പോള്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പ് മരിച്ച് പോയ ഒരാള്‍ അക്കാലത്തെ സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടെത്താന്‍ എന്തുചെയ്യും?. എന്നാല്‍ പല സംസ്കാരങ്ങളിലും ഉള്ള ഒരു ആചാരം ഇത്തരം കണ്ടെത്തലുകള്‍ എളുപ്പമാക്കാന്‍ സഹായിക്കും. ഉദാഹരണം, തെക്കേ അമേരിക്കയിലെ അറ്റാക്കാമാ മരുഭൂമിയില്‍ ജീവിച്ചിരുന്നവരുടെ കല്ലറകളില്‍ നിന്ന് ലഭിച്ച ആമസോണ്‍ തത്തകളാണ്. 

ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അറ്റാക്കാമയിലെ ഇപ്പോള്‍ കല്ലറകള്‍ കണ്ടെത്തിയ മേഖലയില്‍ മനുഷ്യരുടെ ആദിമ സംസ്കാരങ്ങളില്‍ ഒന്ന് നിലവിലുണ്ടായിരുന്നത്. ഈ മേഖലയില്‍ നിന്ന് ചുരുങ്ങിയത് 500 കിലോമീറ്ററെങ്കിലും അകലെയാണ് ആമസോണ്‍ കാടുകള്‍. ഈ ആമസോണ്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന മക്കാവ് ഇനത്തില്‍ പെട്ട തത്തകളെയാണ് മമ്മികളാക്കി കല്ലറകളില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 1000 മുതല്‍ 1400 വര്‍ഷം വരെ കാലയളവിനുള്ളിലാണ് ഈ തത്തകളെല്ലാം തന്നെ കല്ലറളില്‍ ആക്കപ്പെട്ടത്. ഇവയെ വാങ്ങിക്കൊണ്ട് വന്നവരോ ഇവയെ വളര്‍ത്തിയിരുന്നവരോ ആകാം ഈ കല്ലറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു.

അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ഒരു പക്ഷിയെ വളര്‍ത്താനായി എത്തിക്കുക എന്നത് ഇക്കാലത്ത് ഒരു അദ്ഭുതമല്ല. എന്നാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വരണ്ട ഭൂമിയായ അറ്റാക്കാമാ മരുഭൂമിയിലേക്ക് അതും സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു മേഖലയിലേയ്ക്ക് ഈ പക്ഷികളെ എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ആകര്‍ഷകമായ സൗന്ദര്യമുള്ള തത്തകളെ വാങ്ങാനും അവയെ കേടുപാടുകള്‍ കൂടാതെ ഈ മേഖലയിലേക്കെത്തിക്കാനും വലിയ ചെലവ് വേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഈ സമൂഹത്തില്‍ ജീവിച്ചിരുന്ന ഉന്നതരുടേതാകും തത്തകള്‍ കൂടി ഉള്‍പ്പെട്ട കല്ലറകളെന്ന് ഗവേഷകര്‍ അനുമാനിക്കുന്നത്.

ഇതോടൊപ്പം മറ്റൊരു ചോദ്യം കൂടിയുണ്ട്, ഈ തത്തകള്‍ എങ്ങനെ മമ്മിഫൈഡ് രൂപത്തിലേക്ക് മാറി എന്നത്. സാധാരണ ഗതിയില്‍ കുഴിച്ചിട്ടാല്‍ എല്ലുകളൊഴികെ മറ്റെല്ലാം ദ്രവിച്ച് മണ്ണിടയുകയാണ് പതിവ്. എന്നാല്‍ ഈ പക്ഷികളുടെ കാര്യത്തില്‍ ഇവ മമ്മിഫൈഡ് ചെയ്യപ്പെടുകയാണുണ്ടായത്. അതായത് ശരീരം ദ്രവിക്കാതെ ഇന്നും ഇവ തുടരുന്നു. ഒന്നിലധികം പെട്ടിക്കുള്ളിലാക്കിയാണ് ഈ പക്ഷികളെയെല്ലാം അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ശരീരം ദ്രവിക്കാതെ തുടരാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പെട്ടിക്കുള്ളില്‍ ഈജിപ്ഷ്യന്‍ മമ്മികള്‍ അടക്കം ചെയ്യുമ്പോളുള്ളതിനു സമാനമായ രീതിയില്‍ ഏതെങ്കിലും വസ്തുക്കള്‍ നിറച്ചിരുന്നോ എന്ന പരിശോധനയ്ക്ക് തയാറെടുക്കുകയാണ് ഗവേഷകരിപ്പോള്‍.

തത്തകളെ അടക്കം ചെയ്ത പെട്ടികള്‍ കണ്ടെത്തിയതിലൂടെ അവയുടെ ഉടമസ്ഥരുടെ സാമ്പത്തിക നിലവാരം മാത്രമല്ല ഗവേഷകര്‍ തിരിച്ചറിഞ്ഞത്. മറിച്ച് തെക്കേ അമേരിക്കയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളില്‍ ഒന്നായ ഇന്‍ക വംശജരുടെ കടന്നു വരവാണ്. എഡി 1000 വര്‍ഷത്തിനോടടുത്താണ് ഈ കണ്ടെത്തിയ തത്തകളില്‍ ഏറ്റവും ഒടുവിലത്തേതിന്‍റെ ജഢം മമ്മിയായി സംസ്കാരിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇത്തരത്തിലുള്ള പക്ഷികളുടെ ജഢങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അതേ മേഖലയില്‍ തന്നെ സജീവമായ ശവസംസ്കാരങ്ങളും മനുഷ്യവാസവും തുടര്‍ന്നതിന്‍റെ തെളിവുകള്‍ ലഭ്യവുമാണ്. ഈ സാഹചര്യത്തിലാണ് ഒരു സംസ്കാരത്തിന് മേല്‍ മറ്റൊരു സംസ്കാരം അധിനിവേശം നടത്തിയതിന്‍റെ തെളിവായി കൂടി ഗവേഷകര്‍ തത്തകളെ കുറിച്ചുള്ള പഠനത്തിലെ കണ്ടെത്തലുകളെ വിലയിരുത്തുന്നത്. 

ഇന്‍ക വംശജരുടെ കടന്നു വരവിന് മുന്‍പായി ഈ മേഖലയുടെ അധികാരം കയ്യാളിയിരുന്നത് ടിവാന്‍കു വംശജരായിരുന്നു. അതുകൊണ്ട് തന്നെ ടിവാന്‍കു വംശജരായിരിക്കാം  തത്തകളെ ഉടമയ്ക്കൊപ്പം കുഴിച്ചിട്ടിരിക്കുക എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇതോടൊപ്പം ഈ പക്ഷികളുടെ സംരക്ഷണത്തില്‍ അവര്‍ കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല എന്നു ഗവേഷകര്‍ തെളിവുകളിലൂടെ സ്ഥാപിക്കുന്നു. ചിറകുകള്‍ ഒടിച്ച നിലയിലും, ചിറകുകളിലെ തൂവലുകള്‍ പറിച്ച് മാറ്റിയ നിലയിലുമാണ് എല്ലാ പക്ഷികളെയും തന്നെ ഗവേഷര്‍ കണ്ടെത്തിയത്. 

English Summary: Mummified Parrots Found In The Atacama Desert Transported Hundreds Of Miles While Alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com