കടലിൽ നീന്താനിറങ്ങിയ ഗവേഷകനെ ഓടിച്ചിട്ടടിച്ച് നീരാളി; കൗതുക ദൃശ്യം!

Man In Australia Goes Out For A Swim, Gets Beaten Up By 'Angriest Octopus'
SHARE

മനുഷ്യർ മൃഗങ്ങളെ പ്രഹരിക്കുന്നതിന്റെ ധാരാളം ദൃശ്യങ്ങൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാൽ മറ്റു ജീവജാലങ്ങൾ  മനുഷ്യരെ അടിക്കുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ഇല്ല എന്നു തന്നെ പറയാം. ഇപ്പോഴിതാ കടലിൽ കുളിക്കാനിറങ്ങിയ ഒരാളെ നീണ്ട കൈകൾ ഉപയോഗിച്ച് നീരാളി വീശിയടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലോകത്തിലെ ഏറ്റവും ദേഷ്യക്കാരനായ നീരാളിയാണിതെന്ന് ദൃശ്യങ്ങൾ കണ്ടവർ പ്രതികരിക്കുന്നു.

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കടൽതീരത്ത് കുളിക്കാനിറങ്ങിയ ഗവേഷകനായ ലാൻസ് കാൾസൺ എന്ന വ്യക്തിക്കാണ് നീരാളിയുടെ പ്രഹരമേറ്റത്. രണ്ടു വയസുകാരിയായ മകളെയും കൂട്ടി കടലിൽ നീന്തുന്നതിനിടെ തിരണ്ടിയുടെ വാലിനോടു സാദൃശ്യമുള്ള എന്തോ ഒന്ന് വെള്ളത്തിനു മുകളിൽ ഉയർന്ന് ഒരു കടൽകാക്കയെ അടിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ സമീപത്തു ചെന്ന് നോക്കിയപ്പോഴാണ് അതൊരു വലിയ നീരാളിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടൻതന്നെ അദ്ദേഹം നീരാളിയുടെ ദൃശ്യങ്ങളും പകർത്തി.

എന്നാൽ ഇതോടെ നീരാളിയുടെ ശ്രദ്ധ ലാൻസിന്റെ നേർക്കായി. വെള്ളത്തിലൂടെ വളരെവേഗം അടുത്തെത്തിയ നീരാളി നീണ്ട കൈ ഉയർത്തി അദ്ദേഹത്തെ വീശി അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ പ്രതികരണം കണ്ട് താൻ അമ്പരന്നു പോയതായി ലാൻസ് വ്യക്തമാക്കി. ഇതിനു ശേഷം ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് നീരാളി അവിടെനിന്നും നീങ്ങിയെന്ന് തോന്നിയപ്പോഴാണ് ലാൻസ് വീണ്ടും നീന്തൽ തുടർന്നത്. പക്ഷേ അപ്പോഴും നീരാളി അദ്ദേഹത്തെ പിന്തുടർന്നു.

നീന്താൻ ഇറങ്ങി സെക്കൻഡുകൾക്കകം നീരാളി പിന്നിൽ നിന്നു ലാൻസിന്റെ കൈയിലേക്ക് വീശിയടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ലാൻസിന്റെ കണ്ണട വെള്ളം വീണു മൂടുകയും ചെയ്തു. അത് തുടച്ചു നീക്കാൻ സമയം ലഭിക്കും മുൻപ് മുമ്പ് നീരാളി വീണ്ടും അദ്ദേഹത്തെ ആക്രമിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ കഴുത്തിലാണ് പ്രഹരമേറ്റത്. പിന്നെ ഒട്ടും സമയം കളയാതെ താൻ കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു എന്ന് ലാൻസ് വിശദീകരിച്ചു.

കരയിലെത്തി ശരീരം പരിശോധിച്ചപ്പോൾ  ലാൻസിന്റ മുതുകിലും കയ്യിലും കഴുത്തിന്റെ ഇടതുഭാഗത്തുമായി നീരാളിയുടെ കൈകൾ പതിഞ്ഞ പാട് തെളിഞ്ഞു കാണാമായിരുന്നു. മറ്റു മരുന്നുകളൊന്നും കരുതാതിരുന്നതിനാൽ  കൈയിലുണ്ടായിരുന്ന കോള മുറിവിൽ ഒഴിക്കുകയാണ് ചെയ്തത്. എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ഇത് വേദന അൽപം കുറയ്ക്കാൻ സഹായിച്ചെന്നും ലാൻസ് വ്യക്തമാക്കി.

English Summary: Man In Australia Goes Out For A Swim, Gets Beaten Up By 'Angriest Octopus'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA