ADVERTISEMENT

ഒറ്റ വിഡിയോയിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ഏപ്രിൽ ഇനി ഓർമ്മ.  ജിറാഫിന് ദയാവധം നൽകിയതായി ന്യൂയോർക്ക് മൃഗശാല അറിയിച്ചു. 2017ൽ ഏപ്രിൽ കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിലൂടെ  മൃഗശാല പങ്കുവച്ചിരുന്നു. സന്ധിവീക്കം  മൂർച്ഛിച്ചതിനെ തുടർന്നാണ്  ജിറാഫിന് ദയാവധം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.

2017 ൽ യൂട്യൂബിൽ എത്തിയ ഏപ്രിലിന്റെ  പ്രസവദൃശ്യങ്ങൾ നാലുമാസം കൊണ്ട് 232 മില്ല്യൻ ആളുകളാണ് കണ്ടത്. കാഴ്ചക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ റെക്കോഡിട്ട് ഏപ്രിൽ യൂട്യൂബിന്റെ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. അനിമൽ അഡ്വഞ്ചർ പാർക്ക് എന്ന മൃഗശാലയിലെ ജീവനക്കാർക്കും സന്ദർശകർക്കും ഏറെ പ്രിയപ്പെട്ട മൃഗമായിരുന്നു ഏപ്രിൽ എന്ന് ഉടമയായ ജോർദാൻ പാച്ച് പറഞ്ഞു. 20 വയസ്സായിരുന്നു ഏപ്രിലിന്റെ പ്രായം.

കഴിഞ്ഞ വേനൽക്കാലത്താണ് ഏപ്രിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. ചലിക്കുന്നതിൽ ബുദ്ധിമുട്ട് കണ്ടു തുടങ്ങിയതോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ്  ജിറാഫിന്റെ കാലിന്  സന്ധിവീക്കമുള്ളതായി കണ്ടെത്തിയത്. വലുപ്പമേറിയ മൃഗങ്ങളിൽ സന്ധിവീക്കം ഉണ്ടായാൽ അവയുടെ ആരോഗ്യം വളരെ പെട്ടെന്ന് ക്ഷയിക്കും. ഇതുതന്നെയാണ് ഏപ്രിലിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് മൃഗരോഗവിദഗ്ധർ വ്യക്തമാക്കി.

വേദന കുറയ്ക്കാനുള്ള മരുന്നുകൾ നൽകുകയും  കാലുകൾ നോവാത്ത വിധത്തിൽ തറ ഒരുക്കുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയുമെല്ലാം ചെയ്തെങ്കിലും ഏപ്രിലിന്റെ ആരോഗ്യനില നാൾക്കുനാൾ മോശമാവുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടുതൽ സമയവും കിടന്നു തന്നെയാണ് ഏപ്രിൽ തള്ളിനീക്കിയത്. ഒടുവിൽ മാർച്ചിൽ നടത്തിയ പരിശോധനയിൽ സന്ധിവീക്കം ചികിത്സിക്കാനാകാത്ത വിധത്തിൽ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന്  ഏപ്രിലിന് വേദനകളിൽ നിന്നും മോചനം എന്ന നിലയിലാണ് ദയാവധം നൽകാൻ തീരുമാനമായത്. 2019ൽ ഏപ്രിൽ മറ്റൊരു ഒരു കുഞ്ഞിനും ജന്മം നൽകിയിരുന്നു.

English Summary: Internet Sensation April the Giraffe Euthanized After Worsening Bout with Advanced Arthritis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com