ADVERTISEMENT

ഒഴുകി നീങ്ങുന്ന മഞ്ഞുപാളിയിൽ കിടന്നുറങ്ങിപ്പോയ ഒരു വാൽറസ് ആർട്ടിക് മേഖലയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ കടന്ന് അയർലൻഡ് തീരത്ത് വന്നടിഞ്ഞ സംഭവം കഴിഞ്ഞമാസം വാർത്തയായിരുന്നു. വാലി എന്ന് ഓമനപ്പേരു നൽകിയ വാൽറസിനെ കാണാനില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉത്തരധ്രുവത്തിൽ മാത്രം കാണുന്ന വാൽറസിനെ അടുത്തുകാണാനുള്ള അവസരം  ലഭിച്ചതോടെ  സന്ദർശകർ നിരന്തരമെത്തി ശല്യപ്പെടുത്തിയതിനെ തുടർന്നാണ് വാലിയെ കാണാതായതെന്നാണ് നിഗമനം.

ബ്രോഡ് ഹെവൻ സൗത്ത് ബീച്ചിലെ ഒരു പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് വാലിയെ ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം തെക്കുഭാഗത്തേക്ക് നീന്തി ടെൻബി എന്ന സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. ടെൻബി തുറമുഖത്ത് ബോട്ടുകള്‍ വെള്ളത്തിലിറക്കാ നായി നിർമിച്ച ചരിഞ്ഞ തട്ടിൽ നിലയുറപ്പിച്ച വാൽറസിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

വാൽറസിനെ കാണുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ നിരവധി സന്ദർശകർ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ജെറ്റ് സ്കീകളിലും പാഡിൽ ബോർഡുകളിലുമൊക്കെയായി എത്തിയ സന്ദർശകർ വാലിക്ക് അരികിലെത്താൻ ശ്രമങ്ങൾ നടത്തി. വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഡ്രോണുകൾ അതിനടുത്തേക്കയച്ചവരും ഏറെയാണ്. മനുഷ്യരുടെ സാമീപ്യം തിരിച്ചറിഞ്ഞ വാൽറസ് അവിടെ നിന്നും രക്ഷപ്പെട്ടതാവാമെന്ന് വെൽഷ് മറൈൻ ലൈഫ് റെസ്ക്യൂവിലെ ഉദ്യോഗസ്ഥനായ ടെറി ലെഡ്ബെറ്റർ വ്യക്തമാക്കി.

വാലിയെ കാണാനെത്തിയ സന്ദർശകരെ നിയന്ത്രിക്കുന്നതിന് അധികൃതർക്ക് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. മറ്റ്  മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യർ അടുത്തെത്തിയാൽ  ആക്രമണകാരികളാകുന്നവയാണ് വാൽറസുകൾ. അതിനാൽ വാലിയെ എവിടെയെങ്കിലും കണ്ടാൽ സമീപത്തെത്താൻ ആളുകൾ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. നിലവിൽ  വാൽറസിനെ കണ്ടെത്താനുള്ള തിരച്ചിലുകൾ  ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ.

English Summary: Wally the Walrus goes missing from Tenby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com