ADVERTISEMENT

കല്‍പറ്റ ∙ ആനക്കൂട്ടത്തില്‍നിന്നു വഴി പിരിഞ്ഞ വഴിക്കടവിലെ കുട്ടിയാനയെ കോന്നിയിലേക്കു മാറ്റാന്‍ തീരുമാനം. മുത്തങ്ങയിലേക്കു കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും മുത്തങ്ങ ആനപ്പന്തിയില്‍ കുട്ടിയാന പരിപാലനത്തിനു വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ കോന്നിയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. തിങ്കളാഴ്ചയാണു കുട്ടിയാനയെ കോന്നിയിലേക്കു മാറ്റുക. മുത്തങ്ങയിലേത് പ്രധാനമായും ആന പരിശീലനത്തിനായുള്ള ക്യാംപ് ആണ്. കുട്ടിയാനകളുടെ പരിപാലനവും പുനരധിവാസവും കോന്നിയിലാണു നടക്കുന്നത്. മുത്തങ്ങയെക്കാള്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ ഉള്ളതിനാലാണു കോന്നി തിരഞ്ഞെടുത്തത്.

ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുക്കണമെന്നതിനാല്‍ ആദ്യം കോടനാട് ആനക്കൊട്ടിലിലെത്തിച്ച് ആവശ്യത്തിനു വിശ്രമം നല്‍കിയതിനുശേഷമേ കോന്നിയിലേക്കു കൊണ്ടുപോകൂ. കോടനാട്ടുനിന്നു വ്യാഴാഴ്ചയ്ക്കുള്ളില്‍ ആനയെ കോന്നിയിലെത്തിക്കാനാണു തീരുമാനമെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. റോഡ് മാര്‍ഗം പ്രത്യേക വാഹനത്തിലാണ് ആനയെ കോന്നിയിലെത്തിക്കുക. കഴിഞ്ഞ ഒരു മാസത്തോളമായി ഈ ആനക്കുട്ടി വഴിക്കടവ് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ പരിപാലനത്തില്‍ കഴിയുകയാണ്. മാര്‍ച്ച് 13നാണു വഴിക്കടവ് പുത്തരിപ്പാടത്തെ വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ കുട്ടിയാനയെ കണ്ടെത്തിയത്. ഒറ്റപ്പെട്ടു നടന്ന കുട്ടിക്കൊമ്പനെ പിടികൂടി ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ പലതവണ വനപാലകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

അമ്മയാന ഉപേക്ഷിച്ച കുട്ടിക്കൊമ്പനിപ്പോള്‍ വനപാലകരുടെ ഒാമനയാണ്. നെല്ലിക്കുത്ത് ഫോറസ്റ്റ് ഒൗട്ട്പോസ്റ്റിലെ ക്വാര്‍ട്ടേഴ്സിലാണിപ്പോള്‍ കുട്ടിയാനയുടെ ജീവിതം. വേനല്‍ ചൂടേറിയതോടെ ഫാനിട്ട് ഉഷ്ണം കുറയ്ക്കുന്നുണ്ട്. വെറ്റിനറി സര്‍ജന്‍മാരുടെ നിര്‍ദേശപ്രകാരം കൃത്യമായ സമയക്രമത്തില്‍ ഭക്ഷണവും മരുന്നും നല്‍കുന്നുണ്ട്. ഒപ്പം രണ്ടു നേരം കുളിയും. പ്രഭാതസവാരിയുമുണ്ട്

കുട്ടിയാനയ്ക്ക് ആരോഗ്യമില്ലാതിരുന്നതിനാല്‍ മറ്റ് ആനകള്‍ ഉപേക്ഷിക്കുന്നതാവാമെന്ന് കുട്ടിയാനയെ പരിപാലിച്ച വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍ പറഞ്ഞു. ആനക്കുട്ടിക്കും കൂട്ടത്തോടൊപ്പം ചേരാന്‍ താല്‍പര്യമില്ലെന്ന മട്ടാണ്. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന്‍ ഔട്ട്പോസ്റ്റിലെ മുറിയില്‍ റബര്‍ മാറ്റിട്ടാണ് ആനയെ പാര്‍പ്പിക്കുന്നത്. ദിവസേന 10 ലീറ്റര്‍ ലാക്ടോസും ഗ്ലൂക്കോസും മരുന്നും നല്‍കുന്നുണ്ട്. 3 മാസം പ്രായമുള്ള ആനക്കുട്ടി നിലവില്‍ ആരോഗ്യവാനാണെന്ന് ഡോ. അരുണ്‍ സത്യന്‍ പറഞ്ഞു. 

English Summary: Elephant calf abandoned by herd becomes apple of eye of forest guards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com