ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ വേട്ടക്കാരനെ കാട്ടാനകൾ ചവിട്ടിക്കൊന്നു.  അനധികൃതമായി വേട്ടയാടാനെത്തിയ മൂന്ന് പേരിൽ ഒരാളെയാണ് കാട്ടാനകൾ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നതിനെ തുടർന്ന്  രക്ഷപ്പെടുന്നതിനിടെയിൽ കാട്ടാനകളുടെ മുന്നിൽ അകപ്പെടുകയായിരുന്നു.

കാട്ടാനകളുടെ ആക്രമണത്തിനിരയായ വ്യക്തിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനിടെ വനപാലകരെത്തിയത് തിരിച്ചറിഞ്ഞ വേട്ടക്കാർ കാടിനുള്ളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് നായകളുടെയും ഹെലികോപ്റ്ററിന്റെയും സഹായത്തോടെ മൂന്ന് പേരിൽ ഒരാളെ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. മറ്റൊരാൾക്ക് കണ്ണിൽ ഗുരുതരമായി  പരുക്കേറ്റിരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട് ഓടുന്നതിനിടെ താനും കൂട്ടാളികളും കാട്ടാനക്കൂട്ടത്തിനു നടുവില്‍ അകപ്പെടുകയായിരുന്നു എന്ന് പിടിയിലായ വ്യക്തി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിലാണ് ആന ചവിട്ടി കൊന്ന നിലയിൽ മൂന്നാമത്തെ വ്യക്തിയുടെ മൃതശരീരം കണ്ടെത്തിയത്. വേട്ടക്കാർ ഉപയോഗിച്ച മഴുവും തോക്കും അടക്കമുള്ള ആയുധങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട കുറ്റവാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ഇടപെടലിനെ അഭിനന്ദിച്ച് ദേശീയോദ്യാനത്തിന്റെ മാനേജിങ് എക്സിക്യൂട്ടീവായ ഗരേത് കോൾമാൻ രംഗത്തെത്തി. രക്ഷപ്പെട്ട വേട്ടക്കാരനെ കണ്ടെത്താൻ വനത്തിനു സമീപത്തുള്ളവരുടെ സഹകരണവും ആവശ്യമാണ്. അനധികൃത വേട്ടയാടൽ തടയേണ്ടത് ഓരോ വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: poacher trampled to death by elephants in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com