തുഴയിൽ സ്റ്റോൺഫിഷ്, കുത്തേറ്റാൽ മണിക്കൂറുകൾക്കകം മരണം; കയാക്കർമാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്!

Terrified kayakers discovers a deadly stonefish
SHARE

വടക്കൻ ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലുള്ള നദിയിൽ കയാക്കിങ് നടത്താൻ ഇറങ്ങിയ സംഘം അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമണം ഏറ്റാൽ ഒരു മണിക്കൂറിനുള്ളിൽ മരണം വരെ സംഭവിക്കാവുന്ന കൊടിയ വിഷമുള്ള സ്റ്റോൺഫിഷ് ഇവരുടെ തുഴയിൽ പറ്റിപ്പിടിക്കുകയായിരുന്നു. കയാക്കർമാർ പകർത്തിയ സ്റ്റോൺ ഫിഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കയാക്കിങ് നടത്തുന്നതിനിടെ തുഴ കട്ടിയുള്ള എന്തോ വസ്തുവിൽ തട്ടിയതായി തോന്നിയതിനെ തുടർന്ന് ഉയർത്തി നോക്കിയപ്പോഴാണ് സ്റ്റോൺ ഫിഷ് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വളരെ വേഗം ജനശ്രദ്ധ നേടുകയായിരുന്നു. സ്റ്റോൺ ഫിഷിന്റെ ആക്രമണത്തെ തുടർന്ന് മാസങ്ങളോളം ആശുപത്രിയിൽ ചെലവിടേണ്ടി വന്നവരുടെ അനുഭവങ്ങളും പലരും കമന്റുകളായി കുറിച്ചിട്ടുണ്ട്.

വെള്ളത്തിൽ ജീവിക്കുന്ന ഏറ്റവും അപകടകാരികളായ ജീവികളുടെ പട്ടികയിലാണ് സ്റ്റോൺ ഫിഷുകളുടെ സ്ഥാനം. മത്സ്യ വർഗത്തിൽ ഉൾപ്പെട്ടവയാണെങ്കിലും ഇവയുടെ രൂപം മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ അൽപം വലുപ്പമുള്ള ഒരു കല്ലാണെന്ന് മാത്രമേ തോന്നു. ഇവയുടെ ശരീരത്തിന്റെ വശങ്ങളിലെ ചിറകിൽ ഏറെ ബലമുള്ള 13 മുള്ളുകളുണ്ട്. ഈ മുള്ളുകൾ ഉപയോഗിച്ചാണ് അവ ശത്രുക്കളുടെ ശരീരത്തിലേക്ക് കൊടിയ വിഷം കുത്തിവയ്ക്കുന്നത്.

വടക്കൻ ഓസ്ട്രേലിയയിലാണ് സ്റ്റോൺ ഫിഷുകൾ കൂടുതലായുള്ളത്. വെള്ളത്തിൽ ആഴം കുറഞ്ഞ ഭാഗത്ത് കാണപ്പെടുന്ന ഇവയുടെ മേൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് കൂടുതൽ ആളുകൾക്കും കുത്തേറ്റിട്ടുള്ളത്. ഇവയുടെ വിഷം ശരീരത്തിൽ പ്രവേശിച്ച ഉടൻ ചികിത്സ തേടിയില്ലെങ്കിൽ മരണം ഉറപ്പാണ്. കടിയേറ്റ ഭാഗത്ത് കൊടിയ വേദന ഉണ്ടാകുന്നതിനു പുറമേ ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടും മസിലുകളുടെ ബലം നഷ്ടമാവുകയും അങ്ങനെ ഹൃദയാഘാതം വരെ സംഭവിക്കുകയും ചെയ്യും.

English Summary: Terrified kayakers discovers a deadly stonefish - the world's most venomous fish which can kill in an hour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA