34 സെന്‍റിമീറ്റര്‍ നീളം, 4 കിലോ ഭാരം; കല്ലുകൾ ചേർത്ത് കൂടൊരുക്കും, തവളകൾക്കിടയിലെ ‘ബാഹുബലി’!

The World's Biggest Frogs Are So Chunky, They Shift Rocks to Build Their Own Ponds
SHARE

ലോകത്തെ ഏറ്റവും വലുപ്പമേറിയ തവളകളാണ് ഗോലിയാത്ത് തവളകള്‍. വലുപ്പം കൊണ്ട് മാത്രമല്ല കരുത്തു കൊണ്ടും ഇവ തവളക്കൂട്ടത്തിലെ ബാഹുബലി വംശമാണ്. ആഫ്രിക്കന്‍ സ്വദേശികളായ ഈ തവളകളുടെ ഒരു വലിയ പ്രത്യേകതയാണ് 2019ൽ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സ്വന്തമായി ഇവ കൂടുണ്ടാക്കുമെന്നും ഇതിനായി പാറക്കല്ലുകള്‍ പോലും പെറുക്കി കൂട്ടുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്.

കൂടുകളാകുന്ന കുളങ്ങള്‍

വാല്‍മാക്രികള്‍ എന്നറിയപ്പെടുന്ന തവളക്കുഞ്ഞുങ്ങളെ എല്ലാവര്‍ക്കുമറിയാം. വെള്ളത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഗോലിയാത്ത് തവളകള്‍ പ്രത്യേക കുളങ്ങള്‍ അഥവാ കൂടുകള്‍ ഉണ്ടാക്കുന്നത്. കല്ലുകള്‍ കൂട്ടിവച്ചുണ്ടാക്കുന്ന ഈ കുളങ്ങളിലാണ് ഇവ കുട്ടികളെ സംരക്ഷിക്കുന്നത്. 2 കിലോ വരെയുള്ള കല്ലുകള്‍ ഇത്തരത്തില്‍ കുളങ്ങള്‍ നിർമിക്കുന്നതിനായി ഈ തവളകള്‍ ശേഖരിക്കാറുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഈ കല്ലുകളുടെ ശേഖരണം തന്നെയാകും ഈ തവളകളുടെ കൂറ്റന്‍ശരീരത്തിന് പിന്നിലുള്ള കാരണമെന്നും ഗവേഷകര്‍ കരുതുന്നു. കല്ലുകള്‍ കൊണ്ട് കൂടുകള്‍ നിർമിക്കുന്നത് വഴി തലമുറകള്‍ കഴിയുന്തോറും പരിണാമത്തിലൂടെ ഈ തവളകളുടെ വലുപ്പം വർധിച്ചിരിക്കാമെന്നാണ്  ഗവേഷകരുടെ കണക്കുകൂട്ടല്‍.

ആഫ്രിക്കയില്‍ തന്നെ കാമറൂണിലും, ന്യൂഗിനിയയിലും  മാത്രമാണ് ഈ തവളകളെ കാണാനാകുന്നത്. 34 സെന്‍റിമീറ്റര്‍ വരെ നീളവും 4 കിലോ വരെ ഭാരവും വയ്ക്കുന്ന ഈ തവളകളെക്കുറിച്ച് പക്ഷേ ശാസ്ത്രത്തിന് വളരെ കുറച്ച് അറിവുമാത്രമാണ് ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെയാണ് ഇവയുടെ കൂട് നിർമിയ്ക്കുന്ന സ്വഭാവം തിരിച്ചറിയാന്‍ ഇത്രയും വൈകിയതും. കൂട് നിർമിക്കുക മാത്രമല്ല ഈ കൂടുകളുടെ സുക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന രീതിയും ഈ തവളകള്‍ക്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മക്കളുടെ സുരക്ഷ പ്രധാനം

ഗോലിയാത്ത് തവളകള്‍ വലുപ്പമുള്ള ശരീരമുള്ളവര്‍ മാത്രമല്ല രക്ഷകര്‍ത്താക്കളെന്ന നിലയിലും വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നവരാണെന്ന് ഇവയെക്കുറിച്ച് ഗവേഷണം നടത്തിയ ബര്‍ലിന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ മാര്‍വിന്‍ ഷാഫര്‍ പറയുന്നു. രണ്ട് തരത്തിലാണ് കുളങ്ങള്‍ തവളക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഒന്ന് നദിയിലെ ഒഴുക്കില്‍ പെട്ട് ഇവ ഒലിച്ചു പോകാതെ കുളം വാല്‍മാക്രികളെ സംരക്ഷിക്കും. കുത്തനെ ഒഴുക്കുള്ള നദികളുടെ വശങ്ങളിലായാണ് ഈ തവളകൾ കുളങ്ങള്‍ നിർമിക്കുക. രണ്ടാമതായി മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ള നദിയിലെ വേട്ടക്കാരില്‍ നിന്ന് ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും തവളകളുടെ കുളം സഹായിക്കും.

കാമറൂണിലെ എംപൗല നദിക്കരയിലാണ് ഈ തവളകളെ കുറിച്ചുള്ള വിശദമായ പഠനം കഴിഞ്ഞ വർഷം ഗവേഷകര്‍ നടത്തിയത്. തവളകളുടെ കൂടുകള്‍ കൂട്ടത്തോടെ കാണപ്പെട്ട  22 പ്രദേശങ്ങളാണ് ഈ നദിക്കരയില്‍ ഗവേഷക സംഘം കണ്ടെത്തിയത്. ഇവയില്‍ 14 കൂടുകളില്‍ ഓരോന്നിലും കുഞ്ഞുങ്ങളുടെ എണ്ണം  മൂവായിരത്തിലധികമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ പല പ്രായത്തിലും വലുപ്പത്തിലുമുള്ള തവളക്കുഞ്ഞുങ്ങള ഒരു കൂട്ടില്‍ തന്നെ കാണാനും കഴിഞ്ഞു. ഇതില്‍ നിന്ന് കുളങ്ങള്‍ ഒരു തവണത്തേക്ക് മാത്രമല്ല നിർമിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.  

പ്രദേശത്ത് ക്യാമറ സ്ഥപിച്ചാണ് ഗോലിയാത്ത് തവളകളുടെ കുളം നിർമാണത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. അതേസമം പുതിയ കുളങ്ങളുടെ നിർമാണം ഈ സമയത്ത് നടക്കാത്തതിനാല്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ല. പക്ഷേ ഗവേഷകര്‍ പുറത്തു വിട്ട വിഡിയോയില്‍ തവളകള്‍ കുളങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാകും. 

നിലനില്‍പ് ഭീഷണിയില്‍

അതേസമയം കുളങ്ങള്‍  നിർമിക്കുന്നതും ഇവയ്ക്ക് കാവല്‍ നില്‍ക്കുന്നതും ആണ്‍ തവളകളാണോ അതോ പെണ്‍തവളകളാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനും വിശദമായ നിരീക്ഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം മൂന്ന് തരത്തിലാണ് ഈ തവളകള്‍ ചെറു കുളങ്ങള്‍ നിർമിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒന്ന് നദീതീരങ്ങളില്‍ സ്വാഭാവികമായുണ്ടാകുന്ന ചെറു പാറക്കുഴികളിലെ ഇലകളും കമ്പുകളും എടുത്ത് മാറ്റി ഇവ തവളകള്‍ ഉപയോഗിക്കും. രണ്ടാമതായി ഇങ്ങനെ സ്വാഭാവികമായി കാണപ്പെടുന്ന ചെറു കുഴികളുടെ അടിയിലെ മണ്ണ് നീക്കി ആഴം കൂട്ടും. പാറക്കല്ലുകള്‍ ഉരുട്ടി എത്തിച്ച് കൂട്ടിവച്ച് സൃഷ്ടിക്കുന്ന കുളങ്ങളാണ് മൂന്നാമത്തേത്. 

ഭൂമിയിലെ ഏറ്റവും വലുപ്പമേറിയ ഈ തവളവര്‍ഗത്തിന്‍റെ നിലനില്‍പ് പക്ഷേ അത്ര സുരക്ഷിതമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവയുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍. വലിയ തോതിലുള്ള വനനശീകരണമാണ് ഈ തവളകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണത്തിനു വേണ്ടിയുള്ള വേട്ടയാടലും (വലുപ്പം കൂടിയ കാലുകളാണ് ഇതിന് പ്രധാന കാരണം), ഓമനിച്ചു വളര്‍ത്താന്‍ ആളുകള്‍ പിടികൂടുന്നതുമെല്ലാം ഈ തവള വംശത്തിന് ഭീഷണിയാകുന്നുണ്ട്. 

English Summary: The World's Biggest Frogs Are So Chunky, They Shift Rocks to Build Their Own Ponds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA