ADVERTISEMENT

ഇരയെ കഷ്ടപ്പെട്ട് പിടികൂടി സ്വസ്ഥമായിരുന്ന് കഴിക്കുന്നതാണ് പുള്ളിപ്പുലികളുടെ രീതി. അതിനായി വലിയ മരങ്ങളാണ് ഇവ തിരഞ്ഞെടുക്കുക. ഇരയുമായി മരത്തിൽ കയറി അതിനെ ഏതെങ്കിലും ശിഖരത്തിൽ വച്ച് സ്വസ്ഥമായി ആരെയും പേടിക്കാതെ കഴിക്കാനാണ് ഇവ ഈ മാർഗം സ്വീകരിക്കുന്നത്. താഴെവച്ച് ഭക്ഷിച്ചാൽ കഴുതപ്പുലികളും കാട്ടുനായ്ക്കളുമൊക്കെ സംഘം ചേർന്ന് ആക്രമിച്ച് ഇരയെ തട്ടിയെടുക്കും. ഒടുവിൽ അവയുടെ ആക്രമണം ഭയന്ന് ഇരയെ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്.

ഇത്തരത്തിൽ പുള്ളിപ്പുലി പിടികൂടി മരത്തിൽ സൂക്ഷിച്ച ഇരയെ ലക്ഷ്യമാക്കിയെത്തിയ സിംഹത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയതാണ് രസകരമായ ഈ ദൃശ്യം. വളരെ അപൂർവമായി മാത്രമേ സിംഹങ്ങൾ മരത്തിൽ കയറാറുള്ളൂ. വിനോദ സഞ്ചാരിയായ സാന്ദ്രയാണ് ഈ അപൂർവ ദൃശ്യം പകർത്തിയത്. ഇരതേടി നടന്ന സിംഹം കൂറ്റൻ മരത്തിനു ചുവട്ടിലെത്തിയപ്പോഴാണ് മാംസത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്. മരത്തിനു മുകളിൽ നിന്നാണെന്നു മനസ്സിലാക്കിയ സിംഹം സാവധാനം മരത്തിനു മകളിലേക്ക് കയറി. ഇരയെ ലക്ഷ്യമാക്കിയെത്തിയ സിംഹത്തെ ശക്തമായിത്തന്നെ പുലി നേരിട്ടു.

വാശിയേറിയ പോരാട്ടത്തിനിടയിൽ വലിയ മൃഗങ്ങളുടെ ഭാരം താങ്ങാനാകാതെ ശിഖരം ഒടിഞ്ഞു താഴേക്കു വീഴുകയായിരുന്നു. ശിഖരത്തിനൊപ്പം പുള്ളിപ്പുലിയും ഇരയും സിംഹവുമെല്ലാം നിമിഷങ്ങൾക്കകം താഴേക്കു പതിച്ചു. ഉടൻതന്നെ തന്നെ പുള്ളിപ്പുലി സംഭവസ്ഥലത്തുനിന്ന് ഓടിമറയുകയും ചെയ്തു. മേയ് ആദ്യം പങ്കുവച്ച ഈ ദൃശ്യം ഇതുവരെ 18 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Lion Tries Stealing from Leopard – Both Fall Out Tree While Fighting For Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com