ADVERTISEMENT

1935 ഏപ്രില്‍ 25, സിഡ്നിയിലെ കൂഗേ അക്വേറിയത്തില്‍ അത്രയൊന്നും തിരക്കില്ലാത്ത ഒരു ദിവസമായിരുന്നു. എങ്കിലും അക്വേറിയത്തിലെ പ്രധാന ആകര്‍ഷണമായ പുതിയ ടൈഗര്‍ ഷാര്‍ക്കിനെ കാണാന്‍ തരക്കേടില്ലാത്ത ജനക്കൂട്ടമുണ്ടായിരുന്നു. ഇനിനിടയിലാണ് കാഴ്ചക്കാരില്‍ ഭീതി വിതച്ചു കൊണ്ട് സ്രാവ് കടിച്ചെടുത്ത ഒരു കൈയുമായി പ്രത്യക്ഷപ്പെടുന്നത്. അറ്റുപോയ കൈ കാഴ്ചക്കാരുടെ മുന്നില്‍ വച്ച് സ്രാവ് തുപ്പിക്കളയുകയും ചെയ്തു. അലറി വിളിച്ചോടിയ സന്ദര്‍ശകര്‍ക്ക് പിന്നാലെ പൊലീസ് അക്വേറിയത്തിലേക്കെത്തി. സ്രാവിന്‍റെ ടാങ്കില്‍ നിന്ന് കൈ വീണ്ടെടുത്ത് പരിശോധിച്ചു. അറ്റുപോയിട്ട് അധികം ദിവസമാകാത്ത ആ കൈയില്‍ രണ്ട് ബോക്സര്‍മാര്‍ ഏറ്റുമുട്ടുന്നത് പച്ച കുത്തിയിരുന്നു.

കൈയിലെ പച്ച കുത്തിയ ചിത്രം ഒരു കച്ചിത്തുരുമ്പായിരുന്നു. ആരുടേതാണ് കൈയെന്നും, അയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്നും അറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. അധികം വൈകാതെ തന്നെ കൈയുടെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ജെയിംസ് ജിമ്മി സ്മിത്ത് എന്ന അമച്വര്‍ ബോക്സറുടേതാണ് കൈയെന്ന് സഹോദരന്‍റെ മൊഴിയും ഫിംഗര്‍ പ്രിന്‍റും ഉപയോഗിച്ച് പോലീസ് ഉറപ്പിച്ചു. ജിമ്മിയെ താന്‍ കണ്ടിട്ട് ദിവസങ്ങളായെന്ന് സഹോദരനും, മറ്റ് പരിചയക്കാരും മൊഴി നല്‍കിയതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഇംഗ്ലണ്ടില്‍ ജനിച്ച ജിമ്മി ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.  സിഡ്നിയിലെ അധോലോകവുമായി സജീവ ബന്ധമുണ്ടായിരുന്ന ആളായിരുന്നു ജിമ്മി. പ്രത്യേകിച്ചും റഗിനാള്‍ഡ് ഹോംസ് എന്ന ബിസിനസ്സുകാരന് വേണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജിമ്മി സജീവമായിരുന്നു. സിഡ്നിയിലെ മയക്കു മരുന്ന് വ്യാപാരങ്ങളില്‍ ജിമ്മി സജീവമായി ഇടപെട്ടിരുന്നതായും പൊലീസ് തിരിച്ചറിഞ്ഞു. സിഡ്നി തുറമുഖത്തെത്തുന്ന ബോട്ടുകള്‍ വഴി മയക്കുമരുന്ന് നഗരത്തിലേക്കെത്തിക്കുന്നതില്‍ വലിയ പങ്ക് ജിമ്മിക്കുണ്ടായിരുന്നു.

എന്നാല്‍ ആയിടയ്ക്ക് ജിമ്മിയും ഹോംസും തമ്മില്‍ അകന്നിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കിയത്. 1930 കളിലെ സാമ്പത്തിക മാന്ദ്യം ഹോംസിന്‍റെ വ്യാപാരത്തെ ബാധിച്ചു. ഇതിനിടെ ഹോംസിന്‍റെ ഒരു ആഡംബര ബോട്ട് കടലില്‍ മുങ്ങുകയും ചെയ്തു. ഇതിന് പിന്നില്‍ പണത്തിന് വേണ്ടി തന്നെ ശല്യപ്പെടുത്തിയിരുന്നു ജിമ്മി ആണെന്ന് ഹോംസ് വിശ്വസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെ ജിമ്മിയുമായി നേരിട്ട് ശത്രുതയുള്ള ഹോംസിന് ജിമ്മിയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പൊലീസ് ബലമായി സംശയിച്ചു.

ഏപ്രില്‍ 7 ന് , അതായത് കൈ കണ്ടെടുക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജിമ്മിയെ അവസാനമായി പലരും കണ്ടത്. അന്ന് ജിമ്മി , ബ്രാഡി എന്ന ആള്‍ക്കൊപ്പം സെസില്‍ ഹോട്ടലില്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബ്രാഡിയുടെ താമസസ്ഥലത്തേക്കു പോയി. എന്നാല്‍ അധികം വൈകാതെ ബ്രാഡി താമസിക്കുന്ന പ്രദേശത്ത് നിന്ന് അയാളെ മാത്രം ഹോംസിന്‍റെ വീട് സ്ഥിതി ചെയ്യുന്ന തെരുവില്‍ കൊണ്ട് വിട്ടതായി ഒരു ടാക്സി ഡ്രൈവര്‍ മൊഴിനല്‍കി. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി അയാള്‍ പറഞ്ഞു, വളരെ അസ്വസ്ഥനായിരുന്ന ബ്രാഡി തന്‍റെ കോട്ടിനുള്ളില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.

ജിമ്മിക്ക് ‘സെന്‍റ് ഓഫ്’

പൊലീസ് വൈകാതെ ബ്രാഡിയെ കസ്റ്റഡിയിലെടുത്തു. ഇതോടെ പരിഭ്രാന്തനായ ബ്രാഡി ഉത്തരവാദിത്തം ഹോംസിന്‍റെ തലയിലിട്ടു. ഹോംസാണ് ജിമ്മിയെ കൊന്നതെന്ന ബ്രാഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോംസിനെ തേടി പൊലീസെത്തി. എന്നാല്‍ ഹോംസ് ബ്രാഡിയെ അറിയുക പോലുമില്ലെന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് പൊലീസന്വേഷണത്തില്‍ അസ്വസ്ഥനായ ഹോംസ് പൊലീസിനെ വെട്ടിച്ച് സ്പീഡ് ബോട്ടില്‍ കടന്നു കളയുകയും, ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാം പരാജയപ്പെട്ടതോടെ ഹോംസ് പൊലീസിന് മുന്നില്‍ ജിമ്മിയുടെ തിരോധാനത്തെ സംബന്ധിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു.

ബ്രാഡി അന്ന് തന്നെ വീട്ടില്‍ വന്നിരുന്നു എന്നു സമ്മതിച്ച ഹോംസ് അന്ന് ബ്രാഡിയുടെ കൈയില്‍ അറുത്തെടുത്ത കയ്യും ഉണ്ടായിരുന്നു വെന്നു പറഞ്ഞു. ആ കൈയുമായെത്തി ബ്രാഡി തന്നെ വിരട്ടി. വലിയ സംഖ്യ പ്രതിഫലമായി നല്‍കിയില്ലെങ്കില്‍ ഹോംസ് പറഞ്ഞിട്ടാണ് താന്‍ കൊന്നതെന്ന് പൊലീസിനോട് വെളിപ്പെടുത്തുമെന്നും ബ്രാഡി ഭീഷണി മുഴക്കി. അന്നത്തെ ബ്രാഡിയുടെ വാക്കുകളില്‍ നിന്ന് ഹോംസ് മനസ്സിലാക്കിയത് ജിമ്മിയെ കൊന്ന ശേഷം ബ്രാഡി അയാളുടെ ശരീരം പലഭാഗങ്ങായി മുറിച്ച്  വീപ്പയിലാക്കി കടലില്‍ താഴ്ത്തി എന്നാണ്. സിഡ്നിയിലെ അധോലോക മാഫിയയ്ക്കിടയില്‍ സെന്‍റ് ഓഫ് എന്നറിയപ്പെടുന്ന പ്രവര്‍ത്തിയാണിത്. 

തനിക്കറിയാവുന്ന കാര്യങ്ങള്‍ ജഡ്ജിന് മുന്നില്‍ പറയാന്‍ തയാറാണെന്ന് ഹോംസ് വ്യക്തമാക്കിയതോടെ പൊലീസിന്‍റെ ശ്വാസം നേരെ വീണു. ലഭിച്ച തെളിവുകളും, ടാക്സി ഡ്രൈവറുടെ മൊഴിയുമെല്ലാം ചേര്‍ത്തുവച്ച് ബ്രാഡിയെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹോംസിന്‍റെ ശവശരീരമാണ് പിറ്റേന്ന് പോലീസ് കണ്ടെത്തിയത്. നെഞ്ചില്‍ അഞ്ച് വെടിയുണ്ടകളേറ്റ് സ്വന്തം ഗാരേജില്‍ നിന്നാണ് ഹോംസിന്‍റെ ശരീരം പൊലീസിനു ലഭിച്ചത്. ഇതോടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബ്രാഡിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ഇതോടെ സിഡ്നി പോലീസിന്‍റെ ചരിത്രത്തില്‍ ഒരിക്കലും തെളിയാത്ത പ്രമാദ കേസുകളിലൊന്നായി അറ്റു പോയ കൈയില്‍ തുടങ്ങിയ അന്വേഷണം അവസാനിച്ചു.

അറ്റു പോയ കൈ അക്വേറിയത്തിലെത്തിയതെങ്ങനെ?

പൊലീസിനൊപ്പം ഈ കേസ് പിന്തുടര്‍ന്ന എല്ലാവരെയും കുഴപ്പിച്ച ഒരു ചോദ്യമായിരുന്നു കൈ എങ്ങനെ അക്വേറിയത്തിലെ സ്രാവിലേക്കെത്തി എന്നത്. ഈ ചോദ്യത്തിന് ഏറ്റവും സ്വീകാര്യമായ ഉത്തരം നല്‍കുന്നത് താഴെ പറയുന്നു ഒരു വിശദീകരണമാണ്.

അറുത്തെടുത്ത കൈയുമായി തന്‍റെ മുന്നിലെത്തിയ ബ്രാഡിയെ കണ്ട് ഹോംസ് ഭയന്നു. കൈ ഹോംസിന്‍റെ വീട്ടില്‍ ഉപേക്ഷിച്ചാണ് ബ്രാഡി മടങ്ങിയത്. ഇതോടെ ഹോംസ് കൈ അന്നു രാത്രി സമുദ്രത്തില്‍ ഉപേക്ഷിച്ചു. ഈ കൈ ഏതോ ചെറിയ മത്സ്യമോ സ്രാവോ വിഴുങ്ങി. വൈകാതെ ഈ ജീവിയെ സാമാന്യം വലുപ്പമുള്ള ഒരു ടൈഗര്‍ ഷാര്‍ക്കും വിഴുങ്ങി.

അക്വേറിയത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിന്‍റെ ഉടമയും മകനും ചേര്‍ന്ന് സമുദ്രത്തില്‍ നിന്ന് ഒരു ടൈഗര്‍ ഷാര്‍ക്കിനെ പിടികൂടി. യാദൃച്ഛികമായി ഈ ടൈഗര്‍ ഷാര്‍ക്ക് ജിമ്മിയുടെ കൈ ഭക്ഷണമാക്കിയ മത്സ്യത്തെ വിഴുങ്ങിയ അതേ സ്രാവായിരുന്നു. ജിമ്മിയെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ടൈഗര്‍ ഷാര്‍ക്കിനെ അക്വേറിയത്തിലെ ഉടമയായ ബെര്‍ട്ട് ഹോബ്സണ്‍ പിടികൂടുന്നത്. അത് കൊണ്ട് തന്നെ ഈ വിശദീരണത്തിന് പ്രായോഗികമായ നിലനിൽപുമുണ്ട്. 

English Summary: A Shark Vomiting Up A Tattooed Arm Sparked Australia's Most Bizarre Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com