ADVERTISEMENT

ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന കരടി എന്നറിയപ്പെടുന്ന ജംബോലീനയ്ക്ക് ദുരിതത്തിൽ നിന്നും മോചനം. സ്വിറ്റ്സർലൻഡിലെ അരോസ മലനിരകളിലുള്ള ദ ആരോസ ബിയർ ലാൻഡ് എന്ന് സംരക്ഷിത മേഖലയിലേക്ക് ജംബോലീനയെ തുറന്നുവിട്ടു. യുക്രൈനിലെ ഒരു സർക്കസ് കൂടാരത്തിൽ 12 വർഷമായി കൂടിനുള്ളിൽ  ദുരിതജീവിതം നയിക്കുകയായിരുന്നു ജംബോലീന.

ഫോർ പോവ്സ് എന്ന മൃഗസംരക്ഷണ സംഘടനയാണ് കരടിയെ സർക്കസിൽ നിന്നും മോചിപ്പിച്ചത്. നിവർന്നു നിൽക്കാൻ പോലും ഇടയില്ലാത്ത കൂടിനുള്ളിലാണ് ഇത്രയും കാലം കരടി കഴിഞ്ഞത്. 2009 ൽ ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ  കരടിയെ സർക്കസ് കൂടാരത്തിലെ കൂട്ടിൽ അടയ്ക്കുകയായിരുന്നു. പിന്നീട് കാണികൾക്ക് മുന്നിൽ വിദ്യകൾ അവതരിപ്പിക്കുന്നതിനായി ഏറെ പീഡനങ്ങൾ സഹിച്ചായിരുന്നു കരടി കഴിഞ്ഞിരുന്നത്. ജംബോലീനയെ മോചിപ്പിക്കുന്നതിനായി പല തവണ സംഘടന ശ്രമിച്ചിരുന്നുവെങ്കിലും മുൻപ് സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സർക്കസ് നിർത്തലാക്കിയ അവസരം മുതലെടുത്താണ് ഒടുവിൽ സംഘടന കരടിയെ മോചിപ്പിച്ചത്.

ജംബോലീനയെ സ്വിറ്റ്സർലൻഡിൽ എത്തിച്ചിട്ട് കുറച്ചു നാളുകളായെങ്കിലും പുതിയ സാഹചര്യവുമായി  ഇണങ്ങുന്നതിന് അല്പം കാലതാമസം വേണ്ടിവന്നു. ശീതകാലനിദ്രയ്ക്ക്  ശേഷമാണ് കരടിയെ പുറംലോകത്തേക്ക് തുറന്നു വിട്ടത്. കൂട്ടിൽ നിന്നും  പുറത്തിറങ്ങി കുളത്തിലും മഞ്ഞിലും കളിച്ച് സ്വാതന്ത്ര്യം ആസ്വദിക്കുന്ന ജംബോലീനയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നരക ജീവിതത്തിനുശേഷം സ്വാതന്ത്ര്യത്തിലേക്കിറങ്ങുന്ന ജംബോലീനയെ കണ്ടത് ഏറെ സന്തോഷം നൽകുന്ന കാഴ്ചയായിരുന്നു എന്ന് ഫോർ പൗസിന്റെ കൺട്രി മാനേജറായ അലക്സാണ്ട്ര മൺടോകി വ്യക്തമാക്കി.

ജംബോലീനയുടെ മുൻകാലത്തെ സ്വഭാവ സവിശേഷതകളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാൽ  ഇപ്പോൾ അതിനെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. പുതിയ സാഹചര്യവുമായി കരടി പൊരുത്തപ്പെട്ടു എന്നുറപ്പായ ശേഷം മറ്റു രണ്ടു കരടികൾക്കൊപ്പം  വിടാനാണ് അധികൃതരുടെ തീരുമാനം.

English Summary: World's loneliest bear wakes up in Alps after rescue from circus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com