ADVERTISEMENT

മസാച്യുസെറ്റ്സിലെ കേപ് കോഡ് എന്ന സ്ഥലത്ത് കടലിൽ പതിവുപോലെ കൊഞ്ചു പിടിക്കാനിറങ്ങിയ മൈക്കിൾ പക്കാർഡ് എന്ന മുങ്ങൽ വിദഗ്ധനെ കാത്തിരുന്നത്  സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭയപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു. ജോലിക്കിടെയിൽ ഒരു കൂറ്റൻ തിമിംഗലം മൈക്കിളിനെ അപ്പാടെ വായിലാക്കുകയായിരുന്നു. തലനാരിഴയ്ക്കാണ്  മൈക്കിളിന് ജീവൻ തിരികെ ലഭിച്ചത്.

ആഴക്കടലിലേക്ക് നീന്തുന്നതിനിടെ 45 അടി ആഴത്തിൽവച്ച്  പെട്ടെന്നെന്തോ  ശക്തിയായി തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ചുറ്റിലും ഇരുട്ടു പരന്നു. ആദ്യം സ്രാവ് തന്നെ ആക്രമിക്കുകയാണെന്നാണ് മൈക്കിൾ കരുതിയത്. എന്നാൽ പെട്ടെന്ന് തന്റെ ശരീരം സ്വന്തം നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സമയം കൊണ്ട് താനൊരു തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വായയ്ക്കുള്ളിലെ മസിലുകൾകൊണ്ട് തിമിംഗലം  തന്നെ ഞെരിക്കുകയായിരുന്നുവെന്ന്  മൈക്കിൾ പറയുന്നു.

മൈക്കിളിന്റെ ശരീരം പൂർണമായും തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ പെട്ടു കഴിഞ്ഞിരുന്നു. ഇതോടെ രക്ഷപ്പെടാനായി ആവും വിധത്തിൽ  കൈകാലുകളിട്ടടിച്ചു. നിമിഷങ്ങൾക്കകം  തിമിംഗലത്തിന്റെ തലഭാഗം ശക്തമായി വിറച്ചു. ഇതിനൊപ്പം  വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഉയർന്നു വന്ന തിമിംഗലം വായ തുറക്കുകയും ചെയ്തു. ഇതോടെ താൻ തെറിച്ചു വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് മൈക്കിൾ ഓർമിച്ചെടുക്കുന്നത്.

40 സെക്കൻഡുകളിൽ താഴെ മാത്രമാണ് മൈക്കിൾ തിമിംഗലത്തിന്റെ  വായയ്ക്കുള്ളിൽ കഴിഞ്ഞത്. എന്നാൽ ഇത് വലിയൊരു കാലയളവായാണ് മൈക്കിളിന് തോന്നിയത്. മരണം മുന്നിൽ കണ്ടതോടെ മക്കളുടെയും ഭാര്യയുടെയും മുഖമാണ് തന്റെ മനസ്സിലേക്കെത്തിയതെന്ന് മൈക്കിൾ പറയുന്നു. 

ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട തിമിംഗലമാണ് മൈക്കിളിനെ വിഴുങ്ങിയത്. വെള്ളത്തിലേക്ക് തെറിച്ചുവീണ മൈക്കിളിനെ കൊഞ്ചുപിടുത്തത്തിനായി ഒപ്പമുണ്ടായിരുന്നവരിലൊരാൾ കരയിലേക്കെത്തിക്കുകയായിരുന്നു. ഉടനൻതന്നെ സമീപത്തുള്ള ആശുപത്രിയിലുമെത്തിച്ചു. ശരീരത്തിലാകെ ചതവുകൾ ഉണ്ടായതൊഴിച്ചാൽ മറ്റ് കാര്യമായ  ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല. താൻ രക്ഷപ്പെട്ടു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് മൈക്കിൾ പറയുന്നു.

English Summary: Humpback whale gulps and spits out Cape Cod lobsterman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com