ADVERTISEMENT

സെക്കൻഡുകളുടെ ദൈര്‍ഘ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പിന്നീട് മറഞ്ഞു പോകുന്ന പല സാങ്കൽപിക ജീവികളെയും കുറിച്ചുള്ള കഥകള്‍ നാം കേട്ടിട്ടുണ്ട്. നെസ്സ് മോണ്‍സ്റ്ററിലും, വ്യാളിയിലും തുടങ്ങി യതി വരെ നീണ്ടു നില്‍ക്കുന്ന ഈ പട്ടികയിലെ ഒരു ജീവി പോലും ഇത് വരെ ജീവിച്ചിരുന്നതായോ ജീവിച്ചിരിക്കുന്നതായോ തെളിവുകളില്ല. എന്നാല്‍ ഇപ്പോഴും ഭൂമുഖത്തുള്ള അല്ലെങ്കില്‍ സമീപകാലം വരെ ജീവിച്ചതിന് തെളിവുകളുള്ള, വായ്മൊഴി കഥകളിലൂടെ ഐതിഹാസിക സ്ഥാനം നേടിയ ചില ജീവികളുമുണ്ട്. ഇതിലൊന്നാണ് ഗുസ്തേവ് എന്ന ആഫ്രിക്കന്‍ മുതല.

"6 മീറ്റര്‍ വരെ നീളം. ഇതു വരെ കൊന്ന് തിന്നത് 300 ല്‍ അധികം മനുഷ്യരെ. മാനുകളും, കന്നുകാലികളും ഉള്‍പ്പടെയുള്ള ജീവികളുടെ കണക്ക് വേറെ. ചിലരുടെ വര്‍ണനയില്‍ നിറം ചുവപ്പ്, ചിലര്‍ക്കത് മഞ്ഞ, ഒരിക്കല്‍ ബുറുന്‍ഡിയിലെ തടാകതീരത്ത് നടത്തിയ വേട്ടയില്‍ കൊന്നു തിന്നത് 7 പേരെ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള  ശരീരത്തില്‍ പച്ച പുല്ല് പോലും മുളച്ചു തുടങ്ങിയിട്ടുണ്ട്. " ഈ പറഞ്ഞതെല്ലാം ഗുസ്തേവ് എന്ന മുതലയെ പറ്റി ഇതു ജീവിക്കുന്ന തങ്കനിയക തടാകത്തിനു ചുറ്റും താമസിക്കുന്നര്‍ക്കിടയിലും, ബെറുന്‍ഡി എന്ന രാജ്യത്തും പ്രചരിക്കുന്ന ഐതിഹാസിക കഥകളാണ്. ഗുസ്തേവ് എന്ന ഒരു മുതലയുണ്ടെന്നും, ഇതിന് അസാധാരണ വലുപ്പമുണ്ടായിരുന്നുവെന്നും ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. എന്നാല്‍ ഈ മുതലയുടെ വലുപ്പം സംബന്ധിച്ചും, വേട്ടയാടാനുള്ള ശേഷിയെ കുറിച്ചും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുമാണ് ഇപ്പോഴും സംശയങ്ങള്‍ നിലവിലുള്ളത്.

ഒദ്യോഗിക കണക്കനുസരിച്ച് ആഫ്രിക്കയില്‍ ഇതുവരെ ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ മുതലയാണ് ഗുസ്തേവ് . 6 മീറ്ററിലധികം നീളവും, ഏതാണ്ട് 987 കിലോ ഭാരവും കണക്കാക്കുന്നു. അതേസമയം 300 മനുഷ്യരെ കൊന്നു തിന്നതായുള്ള വായ്മൊഴി കഥകള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. ഇതെല്ലാം തന്നെ അസാധാരണ വലുപ്പമുള്ള ഈ മുതലയെ കുറിച്ചുള്ള കെട്ടുകഥകളായാണ് കണക്കാക്കുന്നത്. എങ്കിലും ഈ മുതലയെ കുറിച്ച് പഠിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ നടന്നു എന്നതാണ് സത്യം.

ഒരു വര്‍ഷം കൊന്ന് തിന്നത് 17പേരെ

അതേസമയം ചില പഠനങ്ങള്‍ ഗുസ്താവിനെക്കുറിച്ചുള്ള കഥകള്‍ കുറഞ്ഞു പോയോ എന്ന് തോന്നിക്കും വിധം ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. പാര്‍ട്രിക് ഫേ എന്ന ഇഴജന്തു വിദഗ്ധന്‍ ഏതാണ്ട് 1 വര്‍ഷത്തിലധികം ഗുസ്താവിനെ പിന്തുടര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ തങ്കനിയക തടാകത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി ഗുസ്താവ് കൊന്നുതിന്നത് 17 മനുഷ്യരെയാണ്. വര്‍ഷത്തില്‍ 20 പേരെ വരെ കൊന്ന കണക്കുകളും ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും പാട്രിക് ഫേ പറയുന്നു. 1990 കളിലാണ് ഗുസ്താവ് മനുഷ്യവേട്ടക്കാരനായി പൊതുവെ മുദ്രകുത്തപ്പെടുന്നത്. തുടര്‍ന്ന് 2000 ത്തില്‍ നടത്തിയ പഠനത്തിന് ശേഷം പാട്രിക് ഫേയുടെ നേതൃത്വത്തില്‍ ഗുസ്തേവിനെ പിടികൂടി ഈ താടകത്തില്‍ നിന്ന് മാറ്റി വനമേഖലയിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.

മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനങ്ങള്‍ ഒരു ഡോക്യുമെന്‍ററി ടീം ചിത്രീകരിച്ചിരുന്നു. കോഴി മുതല്‍ ആട് വരെയുള്ള ജീവികളെ ഉപയോഗിച്ച് ഗുസ്താവിനെ ആകര്‍ഷിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഗുസ്തേവിനായി 9 മീറ്ററോളം വരുന്ന ഒരു കെണിയും ഇവര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഈ കെണിയെല്ലാം പരാജപ്പെട്ടു.ഗുസ്തേവിനെ ആകര്‍ഷിക്കാനോ കെണിയിലകപ്പെടുത്താനോ ഇവര്‍ക്ക് സാധിച്ചില്ല. 

ഗുസ്തേവിന്‍റെ പ്രായവും നരഭോജി സ്വഭാവവും

2004 ല്‍ ഗുസ്തേവിനെ നിരീക്ഷിക്കുന്ന സമയത്ത് ഈ മുതലയുടെ പ്രായം ഏതാണ്ട് 60 വയസ്സിന് മുകളിലായിരുന്നു. ശരാശരി 45 വയസ്സ് വരെയാണ് ഒരു ആഫ്രിക്കന്‍ മുതല ജീവിച്ചിരിക്കുക. അതുകൊണ്ട് തന്നെ പ്രായാധിക്യം മൂലമുള്ള കാരണങ്ങളാകും 90 കളുടെ പകുതി മുതല്‍ താരതമ്യേന അനായാസ ഇരയായ മനുഷ്യരെ വേട്ടയാടാന്‍ മുതലകളെ പ്രേരിപ്പിച്ചതെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് 300 പേരിലധികം ഇതിനകം ഗുസ്തേവിനിരയായി എന്ന കഥ അംഗീകരിക്കാന്‍ ഇവര്‍ തയാറാകാത്തതും. 2009 ലാണ് ഗുസ്തേവിനെ ഏറ്റവും ഒടുവില്‍ കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് ശേഷം 2015 ലും, 2017 ലും ഗുസ്തേവിനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. കാരണം 2004 ല്‍ 60 വയസ്സിലേറെയുള്ള ഗുസ്തേവ് വീണ്ടും ഇത്ര വര്‍ഷം കൂടി ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

ഇപ്പോഴും അപൂര്‍വമായി ഈ തടാകത്തിന്‍റെ തീരത്ത് മുതലയുടെ ആക്രമണമുണ്ടാകാറുണ്ട്. ഇതിന് പിന്നില്‍ ഗുസ്തേവാണെന്നു തന്നെ പ്രദേശവാസികൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആക്രമണം നടത്തുന്ന മറ്റൊരു മുതലയാകുമെന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്. എഎഫ്എൽസയൻസാണ് മുതലയെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചത്. ഗുസ്തേവ് എന്നത് ഒരു പേടിപ്പെടുത്തുന്ന ഇതിഹാസമായി മാറിയതോടെ ഇനി ഈ ജീവിയുടെ പേര് എല്ലാ മുതലകളുടെയും ആക്രമണത്തിലും ചേര്‍ത്തു വായിക്കപ്പെടുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. 

English Summary: Gustave, The Notorious Giant Crocodile Rumored to Have Killed Over 300 People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com