കർണാടക ഗ്രാമത്തിലൂടെ റോന്തുചുറ്റി വമ്പൻ മുതല; ഭയന്നുവിറച്ച് ഗ്രാമവാസികൾ: വിഡിയോ!

Crocodile takes a stroll on streets of Karnataka village
Image Credit: ANI
SHARE

കർണാടകയിലെ ഗ്രാമമായ കോഗിലബന്നയിലെ വീഥിയിലൂടെ നടന്നുപോകുന്ന വലിയ മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒട്ടേറെ പേർ ഇതു പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ മുതല ഇന്നലെ ഇന്റർനെറ്റിലെ താരമായി. ഗ്രാമവാസികൾ പേടിച്ച് സംസാരിക്കുന്നതും ഒരു നായ മുതലയ്‌ക്കെതിരെ നിർത്താതെ കുരയ്ക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ മുതല ഇതൊന്നും കൂസാതെ നടപ്പു തുടർന്നു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുതലയെ പിടിച്ച് നദിയിലൊഴുക്കിവിട്ടതോടെ ഗ്രാമത്തിനെ കിടിലംകൊള്ളിച്ച മുതലമാർച്ചിനു പരിസമാപ്തിയായി. വന്യജീവി മേഖലയായ ഡാൻഡെലിയിൽ ഉൾപ്പെടുന്ന ഗ്രാമമാണു കോഗിലബന്ന.

ഗ്രാമത്തിനു സമീപം ഒഴുകുന്ന കാളി നദിയിൽ നിന്നാണു മുതല എത്തിയതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാളി നദിയിൽ മുതലകളുടെ ആധിക്യമുണ്ടെന്നു പ്രദേശത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറായ രാമു ഗൗഡ പറയുന്നത്. ചിലപ്പോഴൊക്കെ ഇവ നദിയിൽ നിന്നു കരകയറി ഗ്രാമങ്ങളിലെത്താറുണ്ടെങ്കിലും ഇതു വളരെ അപൂർവമാണ്.

പുലർച്ചെ ഏഴരയോടെയാണു മുതലയുടെ സന്ദർശനമുണ്ടായതെന്നു പ്രദേശവാസികൾ പറയുന്നു. ഗ്രാമവാസികളിലൊരാൾ ഇതിനെ കാണുകയും ഉടൻ തന്നെ നാട്ടുകാരെ ബഹളം വച്ച് അറിയിക്കുകയും ചെയ്തു. കാളി നദിയുടെ സമീപഗ്രാമമാണെങ്കിലും കോഗിലബന്നയിലാരും തന്നെ ഇതുവരെ മുതലയെ കണ്ടിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി എത്തിയ ക്ഷണിക്കാത്ത അതിഥിയെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. വിഡിയോയും എടുത്തു.

നാട്ടുകാർ കണ്ടിട്ടില്ലെങ്കിലും മേഖലയിൽ മുതലകൾ ഉൾപ്പെടുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണു വനവകുപ്പിന്റെ ഭാഷ്യം.  കഴിഞ്ഞ മാസങ്ങളിൽ നദിക്കരയിൽ വച്ച് ഒരാടിനെ മുതല ആക്രമിച്ചിരുന്നു. രണ്ടാംതവണ വനംവകുപ്പിന്റെ ഒരു ചെക്‌പോസ്റ്റിലേക്കും മുതല സന്ദർശനം നടത്തി. എന്തിനാണ് മുതല എത്തിയതെന്ന കാര്യം അജ്ഞാതം. ചിലപ്പോൾ ഭക്ഷണം തേടിയാകാം, അല്ലെങ്കിൽ ഫ്രീയായി അൽപം സൂര്യപ്രകാശമേറ്റു സൺബാത്തിങ് നടത്തത്തിനായിരിക്കാം. ചിലപ്പോഴൊക്കെ മുതലകൾ ഇങ്ങനെ ചെയ്യാറുണ്ട്.

Crocodile takes a stroll on streets of Karnataka village
Image Credit: PTI

മുതലയെ പിടിക്കാനായി ബലം പ്രയോഗിക്കേണ്ടി വന്നില്ലെന്നും അതിനെ നയിച്ചു നദിക്കരയിൽ കൊണ്ടാക്കുകയാണുണ്ടായതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 2019ൽ കർണാടകയിൽ സംഭവിച്ച പ്രളയത്തിനിടെ ഒരു മുതല വീടിന്റെ മേൽക്കൂരയിൽ കയറി നിൽക്കുന്ന വിഡിയോയും ഇതുപോലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എഎൻഐ ആണ് ഇതു സംബന്ധിച്ച വാർത്തകളും ദൃശ്യവും ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Crocodile takes a stroll on streets of Karnataka village

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA