ADVERTISEMENT

വനത്തിനുള്ളിൽ ക്യാംപിങ് നടത്തുകയെന്നത് ഏറെ സാഹസികമാണ്. എത്രത്തോളം വലിയ അപകടങ്ങൾ വനത്തിനുള്ളിൽ നേരിടേണ്ടി വന്നേക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു തരികയാണ് സിനിമറ്റോഗ്രഫറായ റോബർട്ട് ഹോഫ്മെയർ. ജോലിയുമായി ബന്ധപ്പെട്ട് ഷൂട്ടിങ്ങിനായി ഹോഫ്മെയറും ബന്ധുവായ ആൻഡിയും ഒരുക്കിയ ക്യാംപിങ് ടെന്റിലെത്തിയത് സിംഹമാണ്.

ആഫ്രിക്കയിലെ ബോട്സ്വാനയിലുള്ള വനത്തിനുള്ളിലാണ് ഇരുവരും ക്യാംപിങ് ടെന്റൊരുക്കിയത്. പുലർച്ചെ എഴുന്നേറ്റ് ചായ ഉണ്ടാക്കുന്നതിനിടെ യാദൃശ്ചികമായി പുറത്തേക്ക് നോക്കിയപ്പോഴാണ് ടോർച്ചിന്റെ വെളിച്ചത്തിൽ സിംഹം ടെന്റിന്റെ തൊട്ടരികിൽ നിൽക്കുന്നത് ഇവർ കണ്ടത്. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഇരുവരും പരിഭ്രാന്തിയിലായി. എന്നാൽ പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്ത് കാറിനുള്ളിലേക്ക് ഓടിക്കയറി.

രക്ഷപ്പെട്ടു എന്ന് ഉറപ്പായതോടെ കാറിന്റെ ഹെഡ്ലൈറ്റ് ഓൺ ചെയ്ത് സിംഹത്തിന്റെ ദൃശ്യവും പകർത്തി. ടെന്റിനു ചുറ്റും നടന്ന് ഏറെനേരം പരിശോധന നടത്തിയശേഷം സിംഹം ഉള്ളിലേക്ക് കടന്നു. ടെന്റിൽ സൂക്ഷിച്ചിരുന്ന സ്ലീപ്പിങ് ബാഗും തലയിണയുമെല്ലാം മണക്കുകയും നക്കി നോക്കുകയും ചെയ്തു. എന്നാൽ കാർ ടെന്റിന് അടുത്തേക്ക് നീക്കിയതോടെ ഉള്ളിൽ നിന്നു ഒരു ക്യാംപിങ് ചെയറും കടിച്ചെടുത്ത് സിംഹം പുറത്തേക്ക് ഓടുകയായിരുന്നു. സമീപത്തുള്ള കുറ്റിക്കാട്ടിലിരുന്ന് ക്യാംപിങ് ചെയർ ഭക്ഷിക്കാൻ നോക്കിയശേഷം അതുപേക്ഷിച്ച് കാടിനുള്ളിലേക്ക് സിംഹം മറഞ്ഞു. 

lion-explores-inside-campers-tent-here-is-what-happened-next
Screengrab from Youtube video shared by Viralhog

പുലർച്ചെ ആ സമയത്ത് എഴുന്നേൽക്കുകയോ സിംഹം നിൽക്കുന്ന ഭാഗത്തേക്ക് നോക്കുകയോ ചെയ്തില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ഓർക്കുമ്പോഴാണ് ഏറെ ഭയം തോന്നുന്നതെന്ന് ഹോഫ്മെയർ വ്യക്തമാക്കി. ടെന്റിനു പിന്നിലൂടെയാണ് സിംഹം വന്നിരുന്നതെങ്കിൽ രക്ഷപ്പെടാൻ പോലും സമയം ലഭിക്കുമായിരുന്നില്ല. എന്തായാലും ഭാഗ്യമാണ് ഇരുവരെയും തുണച്ചത്. വൈറൽ ഹോഗാണ് ദൃശ്യം യൂട്യൂബിൽ പങ്കുവച്ചത്.

English Summary: Lion enters camper’s tent, here is what happened next

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com