ADVERTISEMENT

ഓസ്ട്രേലിയയിലെ അഡിലൈഡിൽ തിമിംഗലത്തേയും കുഞ്ഞിനെയും ശല്യപ്പെടുത്താൻ ശ്രമിച്ച കൈറ്റ്സർഫർക്കെതിരെ പോലീസ് നടപടി. അഡിലൈഡിലെ ക്രിസ്റ്റീസ് ബീച്ചിലെത്തിയ സഞ്ചാരികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ്  അധികൃതർ നടപടി എടുത്തത്. കൈറ്റ്സർഫിങ് നടത്തുകയായിരുന്ന ഇയാൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും സമീപത്തെത്തേക്ക് പോകുന്നത് കണ്ടതോടെയാണ് പരാതി ഉയർന്നത്. 

തിമിംഗലത്തിന് തൊട്ടടുത്ത് ഇയാൾ  കൈറ്റ്സർഫിങ് നടത്തുന്ന ചിത്രങ്ങളും  കാഴ്ചക്കാർ പകർത്തി അധികൃതരെ കാണിച്ചിരുന്നു. അഡിലൈഡ് സ്വദേശിയായ 32 കാരനാണ് പിടിയിലായിരിക്കുന്നത്. തിമിംഗലത്തെ ശല്യംചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ഇയാൾ തിമിംഗലത്തെ ഉപദ്രവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 

തിമിംഗലങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾ  തടയുന്നതിനുവേണ്ടി 1972 ൽ പാസാക്കിയ നിയമപ്രകാരമാണ്  കേസെടുത്തത്. കടലിൽ ഇറങ്ങുന്നവർ തിമിംഗലത്തെ കണ്ടാൽ ചുരുങ്ങിയത് 100 മീറ്റർ അകലം പാലിക്കണമെന്ന് നിയമത്തിൽ പറയുന്നു. തിമിംഗലങ്ങൾക്കൊപ്പം കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ  കൂടുതൽ ശ്രദ്ധ ചെലുത്തുകയും വേണം. ഇവ പാലിക്കാതെയിരിക്കുന്നത് തിമിംഗലത്തിന് നേരെയുള്ള ഉപദ്രവമായി കണക്കാക്കപ്പെടും. 

പിടിയിലായ വ്യക്തിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്. തിമിംഗലങ്ങൾക്കു പുറമേ  ഡോൾഫിനുകളെയും തെക്കൻ ഓസ്ട്രേലിയയിൽ സംരക്ഷിതവിഭാഗങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ഡോൾഫിനുകളിൽ നിന്നും 50 മീറ്റർ അകലം പാലിക്കണമെന്നാണ് നിയമം. ഇവയ്ക്ക് തീറ്റ കൊടുക്കുന്നതോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നതോ നിയമവിരുദ്ധമാണ്.

English Summary: Kitesurfer arrested after allegedly getting too close to southern right whale and calf 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com