ജന്തുജന്യരോഗങ്ങളും ഏകാരോഗ്യവും

Zoonoses
SHARE

‘ജന്തുജന്യരോഗങ്ങൾ’ എന്നർത്ഥം വരുന്ന  ‘സൂണോസിസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജർമ്മൻ ഭിഷഗ്വരനായ  റുഡോൾഫ്  വിർഷോ ആണ്. ‘Zoon’ എന്നാൽ  ‘Animal’ എന്നും ‘Noses’ എന്നാൽ ‘Disease’ എന്നുമാണ് ഗ്രീക്ക് ഭാഷയിൽ നിന്നും ഉടലെടുത്ത ഇൗ പദത്തിന്റെ അർത്ഥം. വൈദ്യശാസ്ത്ര രംഗത്ത്  അസൂയാവഹമായ പുരോഗതി കൈവരിച്ചെങ്കിലും മൃഗവൈദ്യശാസ്ത്രജ്ഞൻമാരെയും, നരവൈദ്യശാസ്ത്രജ്ഞൻമാരെയും ഒരുപോലെ   അമ്പരപ്പിക്കുന്ന  നിരവധി രോഗങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി  കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തിരിച്ചും സ്വാഭാവികമായി പകരുന്ന രോഗങ്ങളാണ്  ജന്തുജന്യരോഗങ്ങൾ. 1415 ഒാളം വരുന്ന  മനുഷ്യനെ ബാധിക്കുന്ന സൂക്ഷ്മാണുസംബന്ധിയായ സാംക്രമികരോഗങ്ങളിൽ  60 ശതമാനത്തോളം ജന്തുജന്യരോഗങ്ങളാണ്. ഇത് കൂടാതെ  കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലയളവിൽ മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ള  175 ഒാളം വരുന്ന പുതിയ രോഗങ്ങളിൽ 75 ശതമാനത്തിന്റെയും ഉറവിടം മൃഗങ്ങളാണെന്ന്  ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. പുഴുക്കടി പോലെയുള്ള ലഘുവായ രോഗങ്ങൾ മുതൽ മാരകമായ പേവിഷബാധവരെ ജന്തുജന്യരോഗങ്ങളുടെ  പട്ടികയിൽപ്പെടുന്നതാണ്. പ്രധാന ജന്തുജന്യരോഗങ്ങളാണ് ക്ഷയം, ബ്രൂസല്ലോസിസ്, എലിപ്പനി, ആന്ത്രാക്സ്, ജപ്പാൻജ്വരം, പക്ഷിപ്പനി, നിപ്പ, ഭ്രാന്തിപ്പശു രോഗം, മഞ്ഞപ്പനി, ടോക്സോപ്ലാസ്മോസിസ്, നാടവിരബാധ തുടങ്ങിയവ. ലോകജനതയെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി നിലനിൽക്കുന്ന അഭ്യൂഹങ്ങളും വിരൽച്ചൂണ്ടുന്നത് രോഗത്തിന്റെ ജന്തുജന്യ സാധ്യതയിലേക്കാണ്.

∙ ജന്തുജന്യരോഗദിനാചരണത്തിന്റെ പ്രാധാന്യം

1885 ജൂലൈ 6 ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയിസ് പാസ്റ്റർ വികസിപ്പിച്ചെടുത്ത പ്രതിരോധവാക്സിൻ, പേവിഷബാധയേറ്റ  ജോസഫ് മീസ്റ്റർ എന്ന ബാലന് വിജയകരമായി നൽകിയതിന്റെ ഒാർമയ്ക്കായാണ്  ജൂലൈ 6 ലോക സൂണോസിസ് ദിനമായി  ആചരിക്കുന്നത്.

ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ കൃഷിയ്ക്കും ഭക്ഷണത്തിനുമൊക്കെയായി പ്രത്യക്ഷമായും പരോക്ഷമായും  മൃഗങ്ങളുടെ ഇടപെടൽ സർവ്വസാധാരണമാണ്. വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്ന കർഷകർ, ഫാമിലെ ജീവനക്കാർ, വെറ്ററിനറി ഡോക്ടർ മാർ എന്നിവർക്കു പുറമേ  പാൽ, മുട്ട, മാംസം, മത്സ്യം എന്നിവ പാകം ചെയ്യാതെ കഴിക്കുന്ന ആളുകൾക്കും ജന്തുജന്യരോഗസാധ്യതയുണ്ട്്. സൂണോട്ടിക് രോഗങ്ങളെ ‘ഇരുതലമൂർച്ചയുള്ള വാൾ’ എന്ന് വിശേഷിപ്പിക്കാം. കാരണം രോഗംവന്ന മൃഗങ്ങളെ കൊന്നൊടുക്കുന്നത്  മൃഗോത്പന്നങ്ങളുടെ കുറവ് സൃഷ്ടിക്കുന്നു. മറുവശത്ത്  ജനസമൂഹം മാരക രോഗങ്ങൾക്ക്  വിധേയരായി  മരണപ്പെടുന്ന  സാഹചര്യമുണ്ടാകുന്നു.  പ്രധാനപ്പെട്ട ജന്തുജന്യരോഗങ്ങളെ കുറിച്ചും അവ പകരുന്നതിനെക്കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിൽ എത്തിക്കുന്നതു വഴി ഒരു പരിധിവരെ ഇൗ രോഗങ്ങളുടെ  വ്യാപനം നിയന്ത്രിക്കാനും  അതുവഴി പൊതുജനാരോഗ്യം സംരക്ഷിക്കാനും  സാധിക്കും. ഇത് കൂടാതെ ജന്തുജന്യരോഗങ്ങളെ ജൈവായുധമായി ഉപയോഗപ്പെടുത്താൻ വരെ തയ്യാറായ ഇക്കാലത്ത് അവയെക്കുറിച്ചുള്ള പ്രാഥമിക വിജ്ഞാനം പൊതുജനങ്ങൾക്ക് നൽകി, അതുവഴി ആവശ്യമായ മുൻകരുതലെടുത്ത് ഇപ്രകാരമുള്ള  രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

Food

ജന്തുജന്യരോഗങ്ങൾ മഹാമാരിയാവാനുള്ള  പ്രധാന കാരണങ്ങൾ ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള നഗരവത്കരണവും, പരിസ്ഥിതി മലിനീകരണവുംമൂലം മാറുന്ന  സാമൂഹിക സാംസ്കാരിക ശീലങ്ങളും, കൃഷിരീതികളും ജനസംഖ്യാവർദ്ധനവും മൃഗങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കാൻ കാരണമായി ഭവിക്കുന്നു.

മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങൾ മൃഗങ്ങൾ, മൃഗോത്പന്നങ്ങൾ എന്നിവയുടെ  വിൽപ്പന, കയറ്റുമതി, ഇറക്കുമതി എന്നിവ ത്വരിതപ്പെടുത്തി. രോഗാണുക്കളുടെ ജനിതകതലത്തിൽ സംഭവിച്ച വ്യതിയാനംമൂലം ഉടലെടുത്ത വിവിധ ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കു സംഭവിക്കുന്ന തകർച്ചയും കാട്ടിറച്ചിയുടെ ഉപയോഗവും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻപുണ്ടായിരുന്ന ജന്തുജന്യരോഗങ്ങൾക്ക് പുറമേ ഇന്ന് ലോകത്തിന്റെ അവിടെവിടെയായി എമർജിങ്ങ്, റീഎമർജിങ്ങ് ഗണത്തിൽപ്പെടുന്ന ജന്തുജന്യരോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

സൂക്ഷ്മാണുക്കൾക്ക് ജനിതകതലത്തിൽ ഉണ്ടാകുന്ന രൂപാന്തരങ്ങൾ വഴി തീവ്രതയേറിയ  രോഗങ്ങൾ  ഉണ്ടാക്കാനുള്ള  കഴിവുണ്ടാകുകയും, മരുന്നുകളെ പ്രതിരോധിക്കാനുള്ള  ശക്തിയാർജ്ജിക്കുന്നതുമാണ് എമർജിങ്ങ് രോഗങ്ങൾക്ക് നിദാനം. ജന്തുജന്യരോഗങ്ങളായ പക്ഷിപ്പനി, ഹെൻട്രാ വൈറസ്, നിപ്പാ വൈറസ്, എബോള വൈറസ്, ഇ-കോളി O157H7, സാർസ് രോഗം എന്നിവ പടർന്നുപിടിക്കാനുള്ള കാരണം പാരിസ്ഥിതിക പ്രശ്നങ്ങളും അന്തരീക്ഷത്തിൽ  സംഭവിച്ചുകൊണ്ടിരിക്കുന്ന  മാറ്റങ്ങളും തന്നെയാണ് റീഎമർജിങ്ങ് ഗണത്തിൽപ്പെടുന്ന രോഗങ്ങൾ സംവത്സരങ്ങൾക്ക് മുമ്പ് ദോഷഫലങ്ങൾ ഉളവാക്കിയശേഷം നിയന്ത്രണവിധേയമാവുകയും പിൽകാലത്ത്  കൂടുതൽ മാരകമായ  രീതിയിൽ പ്രത്യക്ഷപ്പെട്ടവയുമാണ്. ഉദാഹരണമായി 1950-60 കാലഘട്ടത്തിൽ വൻവിപത്തായി പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി 1990 ആയതോടെ കൂടുതൽ തീവ്രതയേറിയ രൂപത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. (ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം). പ്ലേഗ്, റിഫ്റ്റ്വാലി ഫീവർ, എന്നിവ ഇൗ ഗണത്തിൽപ്പെടുന്ന രോഗത്തിനുള്ള  മറ്റ് ഉദാഹരണങ്ങളാണ്. 

∙ രോഗസാധ്യത കൂടിയവർ

വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്ന കുടുംബാംഗങ്ങൾ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ, പശു, പന്നി, കോഴി മുതലായവയെ വളർ ത്തുന്ന ഫാമുകളിലെ ജോലിക്കാർ, മൃഗചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന വെറ്ററിനറി ഡോക്ടർമാർ, കശാപ്പുശാലകളിലെ ജീവനക്കാർ, തുകൽ, കമ്പിളി എന്നിവ കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർക്കൊക്കെ  ജന്തുജന്യരോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്നു. ഇവർക്കു പുറമേ  പാൽ, മുട്ട, മാംസം, മത്സ്യം എന്നിവ ശരിയായ രീതിയിൽ പാകംചെയ്യാതെ കഴിക്കുന്നതും ജന്തുജന്യരോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

Direct-contact

∙ രോഗസംക്രമണം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ച് മൃഗങ്ങളിലേക്കും ജന്തുജന്യരോഗങ്ങൾ പകരുന്ന മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

a). നേരിട്ടുള്ള സംക്രമണം

1. അണുക്കൾ നേരിട്ടുള്ള സ്പർശനംവഴി ശരീരത്തിലേക്ക് പ്രവേശിക്കുന്നു

∙ത്വക്കിലൂടെ- ഉദാ: എലിപ്പനി, ബ്രൂസല്ലോസിസ്

∙മൃദുല ചർമ്മത്തിലൂടെ - ഉദാ: പേവിഷബാധ

∙ലൈംഗികബന്ധത്തിലൂടെ - ഉദാ: ബ്രൂസല്ലോസിസ്, ക്യൂഫീവർ

2. അണുക്കളുള്ള മണ്ണോ മറ്റ് നിർജ്ജീവ വസ്തുക്കളുമായോ ബന്ധപ്പെടുന്നതു വഴി ഉദാ : വട്ടച്ചൊറി, ഹിസ്റ്റോപ്ലാസ്മോസിസ്

3. മൃഗങ്ങളുടെ ദംശനം വഴി പകരുന്നവ - ഉദാ: പേവിഷബാധ, കാപ്നോസൈറ്റോ ഫേഗ 

4. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് മറുപിള്ള വഴി പകരുന്നവ - ഉദാ: ലിസ്റ്റീരിയാ രോഗം, ടോക്സോപ്ലാസ്മോസിസ് 

b). നേരിട്ടല്ലാതെയുള്ള സംക്രമണം

 1. വെള്ളവും മറ്റു ഭക്ഷണപദാർത്ഥങ്ങൾ വഴിയും

∙ പാൽ ഉദാ: ബ്രൂസല്ലാരോഗം, ക്ഷയരോഗം

∙ മാംസം ഉദാ: ടൈ്രക്കിനെല്ലാ രോഗം

∙ വെള്ളം ഉദാ: എലിപ്പനി, ഗിയാർഡിയ രോഗം

∙ മത്സ്യം ഉദാ: ഡൈഫില്ലോ ബോത്രിയം രോഗം, വിബ്രിയോ രോഗം

2. ഷഡ്പദങ്ങൾ, ചെറുപ്രാണികൾ, കൊതുക് എന്നിവ വഴി പകരുന്നവ

∙ യാന്ത്രികമായി പകരുന്നവ - രോഗാണുക്കൾ പ്രാണികളുടെ കാലുകളിലും മറ്റും പറ്റിപ്പിടിക്കുകയും അത് രോഗമില്ലാത്തയാളുടെ ശരീരത്തിൽ ആഹാരം വഴിയോ, വെള്ളം വഴിയോ എത്തുകയും ചെയ്യുന്നു. ഉദാ: സാൽമൊണല്ലോസിസ് ഇൗച്ചവഴി പകരുന്നത്

∙ ചില രോഗങ്ങൾ പ്രാണികളുടെ ശരീരത്തിൽ വളർന്ന്  ജീവിച്ചതിനുശേഷം പ്രാണി കടിക്കുന്നത് മൂലമോ മറ്റ് വഴികളിലൂടെയോ രോഗം പകരാൻ കാരണമാകുന്നു. ഉദാ: പ്ലേഗ്, മലേറിയ, ഡെങ്കിപ്പനി, മന്തുരോഗം

3. വായുവഴി - പൊടികൾ വഴിയോ, വായുവിലുള്ള വളരെ ചെറിയ കണികകൾ വഴിയോ അണുക്കൾ ശ്വാസനാളത്തിലൂടെ  ശരീരത്തിൽ പ്രവേശിക്കുന്നു

ഉദാ: ക്ഷയരോഗം, ക്യൂഫീവർ

4. ശുചിത്വമില്ലാത്ത കൈകളിലൂടെയും, വിരലുകളിലൂടെയും 

ഉദാ: സാൽമൊണല്ലോസിസ്, സ്റ്റഫൈലോകോക്കൽ രോഗബാധ

∙ ജന്തുജന്യരോഗങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾ

ജന്തുജന്യരോഗങ്ങൾ വന്ന മൃഗങ്ങളെ കൊന്നൊടുക്കേണ്ടിവരുന്നത് കർഷകർക്കിടയിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാവാറുണ്ട്. മൃഗോത്പന്നങ്ങളായ പാൽ, മാംസം എന്നിവയുടെ വിൽപ്പന, കയറ്റുമതി, ഇറക്കുമതി എന്നീ മേഖലകളെ ജന്തുജന്യരോഗങ്ങൾ പ്രതികൂലമായി ബാധിക്കുന്നു. മൃഗങ്ങളുടെ പ്രത്യുൽപ്പാദനത്തെ ബാധിക്കുന്നത് വഴി  മൃഗോത്പന്നങ്ങളിൽ  ഉണ്ടാകുന്ന  ഗണ്യമായ  കുറവ് മറ്റൊരു  പ്രധാന ഘടകമാണ്.  മനുഷ്യരുടെയും, മൃഗങ്ങളുടെയും രോഗനിർണ്ണയത്തിനും, ചികിത്സയ്ക്കുമായി  വരുന്ന ചിലവ്  സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. എല്ലാറ്റിലുമുപരിയായി പൊതുസമൂഹം തന്നെ മാരകമായ  രോഗങ്ങൾക്ക്  വിധേയരാവുകയും, മരണത്തിന് കീഴടങ്ങേണ്ടിയും വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. 

covid_corona-2

∙ ജന്തുജന്യരോഗങ്ങളുടെ പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങൾ

രോഗം ഉണ്ടാകുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിനാൽ യഥാവിധമുള്ള  രോഗപ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജന്തുജന്യ രോഗനിയന്ത്രണത്തിനായി കൈക്കൊള്ളേണ്ട ഏറ്റവും പ്രധാന മാർഗ്ഗം ഏകാരോഗ്യം അഥവാ ‘വൺ ഹെൽത്ത്’ എന്നുള്ളതാണ്. ജന്തുരോഗവ്യാപനം തടയുന്നതിന് സമൂഹത്തിന്റെ ഒന്നായ ജാഗ്രത അനിവാര്യമാണ്. മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തന ങ്ങൾ കൊണ്ടോ, മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗനിയന്ത്രണം സാധ്യമല്ല. ആരോഗ്യമുള്ള മണ്ണും, വായുവും, ജലവും, ജന്തുക്കളും സസ്യങ്ങളും കൂടുമ്പോഴേ അത് സാധ്യമാവുകയുള്ളൂ. കോവിഡും, നിപ്പയും അടക്കമുള്ള മഹാമാരികൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും പരസ്പരപൂരിതമാണെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സമ്പൂർണ്ണ ആരോഗ്യം ഉറപ്പാക്കുന്നതിനായി തദ്ദേശ-   ദേശീയ-ആഗോളതലങ്ങളിൽ നടക്കുന്ന വിവിധ പരിശ്രമങ്ങളെയാണ് ‘ഏകാരോഗ്യം’ സമീപനം വഴി അർത്ഥമാക്കുന്നത്. പുത്തൻ സാംക്രമികരോഗങ്ങളുടെ ഉദയവും, വ്യാപനവും തടയാനും ആന്റിബയോട്ടിക് പ്രതിരോധംപോലുള്ള ഭീഷണികൾക്ക് തടയിടാനും ‘ഏകലോകം, ഏകാരോഗ്യം’ എന്ന ആശയത്തിലൂന്നിയ പ്രവർത്തനങ്ങൾക്കേ സാധ്യമാവുകയുള്ളൂ. ഏകാരോഗ്യം എന്ന സമീപനം ഫലപ്രദമാകുന്നതിന് വെറ്ററിനറി വിദഗ്ദ്ധരും, വൈദ്യശാസ്ത്രമേഖലയിലെ വിദഗ്ദ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്

ജന്തുജന്യരോഗനിയന്ത്രണത്തിലെ അടിസ്ഥാനതത്വം രോഗസംക്രമണത്തിന്റെ    ശൃംഖല തകർക്കുക എന്നതാണ്. മത്സ്യം, മാംസം, പാൽ, മുട്ട തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ  ശരിയായ രീതിയിൽ  പാകം ചെയ്യുന്നതുവഴിയും, പാകം ചെയ്തതിനുശേഷമുള്ള അണുമലിനീകരണം  തടയുന്നത് വഴിയും വെള്ളത്തിൽ  ശുദ്ധീകരണം വഴിയും ഒരു പരിധിവരെ ജന്തുജന്യരോഗങ്ങളെ അകറ്റിനിർത്താം. ശരിയായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിക്കുക, ആഹാരവസ്തുക്കൾ  കൈകാര്യം ചെയ്യുന്നതിൽ നിന്നും രോഗികളെയും രോഗവാഹകരെന്ന് സംശയിക്കുന്നവരെയും പൂർണ്ണമായും ഒഴിവാക്കണം. ഇതിനായി ഭക്ഷ്യസംസ്കരണശാലകളിലെ ജോലിക്കാരെ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്കു വിധേയമാക്കുകയും ചികിത്സ നൽകുകയും വേണം.

രോഗബാധിതരോ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോ ആയിട്ടുള്ള മനുഷ്യർ, മൃഗങ്ങൾ എന്നിവയുമായുള്ള  സമ്പർക്കം ഒഴിവാക്കുകയും, രോഗവാഹകരായ കൊതുക്, ചെള്ള് എന്നിവയെ  നശിപ്പിക്കുകയും, എലിനശീകരണം കൃത്യമായി നടത്തുകയും ചെയ്യുന്നത് രോഗസംക്രമണം തടയുന്നതിന് ആവശ്യമാണ്. വായുമലിനീകരണം ഒഴിവാക്കുക, മാസ്ക്കുകൾ ധരിക്കുക എന്നിവ വഴി വായുവിൽ കൂടി പകരുന്ന രോഗങ്ങൾക്ക് തടയിടാം. ശരിയായ രീതിയിലുള്ള മാലിന്യനിർമാർജ്ജന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതും അത്യാവശ്യമാണ്. കൃത്യമായ രോഗനിർണ്ണയം, ശരിയായ ചികിത്സാരീതികൾ, പ്രതിരോധ കുത്തിവെയ്പുകൾ എന്നിവയും രോഗനിവാരണത്തിന്  അത്യന്താപേക്ഷിതമാണ്. എല്ലാറ്റിനുമുപരിയായി വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക, ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക എന്നിവയും ജന്തുജന്യരോഗനിയന്ത്രണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 

English Summary: World Zoonoses Day: Learning From Past Mistakes and Prepping for a Healthy Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA