ADVERTISEMENT

തിരുവനന്തപുരം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആനക്കുട്ടി ചെരിഞ്ഞു. നാല് വയസുള്ള അര്‍ജുനാണ് ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞത്. രോഗമുക്തി പ്രയാസകരമായ ഹെര്‍പ്പിസ് വൈറസാണ് മറ്റ് മൂന്നുആനക്കുട്ടികള്‍ക്കുകൂടി ബാധിച്ചത്.  ആനകള്‍ക്ക് ലഭ്യമായ എല്ലാ ചികില്‍സയും നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 

 

വൈറസ്ബാധ കൂടുതല്‍ ആപത്തുണ്ടാക്കുമോയെന്ന ആശങ്കയിലാണ് വനംവകുപ്പ്. വൈറസ് രോഗമുക്തിനേടിയ അര്‍ജുന്‍ എന്ന കുട്ടിയാന നെഗറ്റീവായി ഇരുപത്തിനാലു മണിക്കൂറിനകം ചരിഞ്ഞതാണ് കാരണം. രോഗം സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

 

അഞ്ചുഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തനനിരതരാണ്. ഹെര്‍പ്പിസ് എന്ന വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുകുട്ടിയാനകളെ രക്ഷിച്ചെടുക്കാനുള്ള പരിശ്രമത്തിലാണവര്‍. ഒരാഴ്ചമുമ്പ് ശ്രീക്കുട്ടി എന്ന കുട്ടിയാന ചെരിഞ്ഞപ്പോള്‍ മറ്റ് ആനകളെയും പരിശോധിച്ചിരുന്നു. നാല് ആനകള്‍ പോസിറ്റീവായി. ഇക്കൂട്ടത്തില്‍ അര്‍ജുന്‍ 24 മണിക്കൂര്‍മുമ്പ് പരിശോധിച്ചപ്പോള്‍ നെഗറ്റീവായതാണ്.എന്നിട്ടും ആന ചെരിഞ്ഞതാണ് ആശങ്കയുളവാക്കുന്നത്. 

 

പന്ത്രണ്ടു വയസിനു താഴെയുള്ള ആനകള്‍ക്ക് പിടിപെടുന്ന ഗുരുതര വൈറസ് ബാധ ആയതിനാല്‍ കോട്ടൂരിലുളള 10 കുട്ടിയാനകള്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കി. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ മരണനിരക്ക് എണ്‍പത്തിയഞ്ചുശതമാനമാണ്. മറ്റ് ആനകളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി.രണ്ടുകുട്ടിയാനകള്‍ ചരിഞ്ഞതോടെ  കോട്ടൂരിലെ ആനകള്‍ 15 ആയി കുറഞ്ഞു. ഡോക്ടര്‍മാര്‍ക്കു പുറമെവനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘവും കോട്ടൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

 

മൂന്ന് ആനക്കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടുതോടെയാണ് പരിപാലന കേന്ദ്രത്തിലെ മറ്റ് ആനകളെയെല്ലാം നിരീക്ഷണത്തിലാക്കിയത്.പന്ത്രണ്ട് വയസില്‍ താഴെയുള്ള ആനക്കുട്ടികളെ ബാധിക്കുന്നതാണ് വൈറസ്. മനുഷ്യരിേലക്ക് പകരില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലഭ്യമായ എല്ലാ ചികില്‍സയും നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അഞ്ചുഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ദ്ധസംഘം ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നു.

 

അസുഖം വന്ന ആനകള്‍ക്ക് ഫാം സൈക്ലോവിന്‍ മരുന്ന് നല്‍കുന്നുണ്ട്.  കോട്ടൂരില്‍ പതിനേഴ് ആനകളാണുള്ളത്. ഇതില്‍ പതിനൊന്നും കുട്ടിയാനകളാണ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് കോട്ടൂരിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. മൃഗശാല, മൃഗസംരക്ഷണ വകുപ്പ്, വൈറസ് ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ സേവനങ്ങളും വേണ്ടിവന്നാല്‍ ഉപയോഗപ്പെടുത്തും.

 

English Summary:  Elephant calf dies of viral infection at Kottoor rehabilitation centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com