നീളം 50 സെന്‍റീമീറ്റര്‍, തവിട്ടും മഞ്ഞയും കലർന്ന നിറം; മിസോറാമിൽ പുതിയ പാമ്പ് വർഗത്തെ കണ്ടെത്തി

New species of non-venomous snake discovered in Mizoram
Image Credit: Twitter/roopak1966
SHARE

മാര്‍ച്ച് മാസത്തിലെ ഒരു പ്രഭാത പര്യടനത്തിനിടെയാണ് 50 സെന്‍റിമീറ്റര്‍ മാത്രം നീളമുള്ള ഒരു കുഞ്ഞന്‍ പാമ്പ് മിസോറാം സര്‍വകലാശാലയിലെ ഗവേഷകരുടെ മുന്നില്‍ വന്നുപെടുന്നത്. ഉഭയജീവികളെയും ഇഴജന്തുക്കളെയും പറ്റി പഠിക്കുന്ന ഗവേഷകരായിരുന്നു ഈ സംഘാംഗങ്ങള്‍. മിസോറാമിലെ ഐസ്വാളില്‍ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമത്തില്‍ നദിക്കരയില്‍ നിന്നാണ് ഈ പാമ്പിനെ ഗവേഷകര്‍ക്കു ലഭിച്ചത്. വേനലില്‍ വരണ്ടു തുടങ്ങിയ നദിയുടെ ചെളിയില്‍ കൂടി നീങ്ങാന്‍ അല്‍പം പ്രയാസപ്പെട്ട പാമ്പിനെ ഗവേഷകര്‍ വേഗം പിടികൂടുകയായിരുന്നു.

ഒറ്റനോട്ടത്തില്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ പലയിടത്തായി എന്നാല്‍ വളരെ വിരളമായി കാണപ്പെടുന്ന സ്റ്റോലിക്സിയാ എന്ന വിഭാഗത്തില്‍ പെട്ട പാമ്പിനെയാണ് ഗവേഷകര്‍ കൈയിലെടുത്തത്. തവിട്ടു നിറത്തിലുള്ള ശരീരത്തിലെ മഞ്ഞ വരകള്‍ ഇന്ത്യയിലെ വിഷമില്ലാത്ത പല പാമ്പുകളിലും കാണപ്പെടുന്ന പൊതു ശാരീരിക സവിശേഷതയാണ്. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയില്‍  ഇവയുടെ തലഭാഗത്തുള്ള പിങ്ക് നിറം ഗവേഷകരില്‍ കൗതുകമുണര്‍ത്തി. ഈ കൗതുകമാണ് മാസങ്ങള്‍ക്ക് ശേഷം ഈ പാമ്പ് പുതിയ ജനുസ്സാണെന്ന കണ്ടെത്തലിലേക്ക് നയിച്ച പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്റ്റോലിസ്കിയാ വിഭാഗത്തിലെ ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ ജനുസ്സായി ഇതോടെ ഈ പാമ്പുകള്‍ മാറി.

വാന്‍ഹുവാലിയാനൈ എന്ന പോരാളി 

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലെ ഏറ്റവും കരുത്തനായ പോരാളികളില്‍ ഒരാളായിരുന്നു വാന്‍ഹുവാലിയാനൈ. സുഷായി മലനിരകളില്‍ ഗോത്രത്തിനു വേണ്ടി 1800 കളില്‍ നിരവധി വിജയകരമായ പോരാട്ടങ്ങള്‍ വാന്‍ഹുവാലിയാനൈ നടത്തിയിട്ടുണ്ട്. ഈ വാന്‍ഹുവാലിയാനൈയുടെ സ്മരണാര്‍ത്ഥം അതേ പേര് തന്നെയാണ് ഗവേഷകര്‍ ഈ പാമ്പിനും നല്‍കിയത്.  റള്‍ഫുസിന്‍ എന്നാണ് ഈ പാമ്പിനെ പ്രാദേശികമായി വിളിക്കുന്നത്. ചെറിയ വരകളുള്ള പാമ്പ് എന്നര്‍ത്ഥം. അതേസമയം ലുഷായി ഹില്‍ ഡ്രാഗണ്‍ സ്നേക്ക് എന്ന ഒരു വിളിപ്പേര് കൂടി ഗവേഷക സംഘം ഈ പാമ്പിന് നല്‍കിയിട്ടുണ്ട്.

ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുന്‍പാണ് സ്റ്റോലിക്സിയാ വിഭാഗത്തില്‍ പെട്ട ഒരു പുതിയ ജീവിവര്‍ഗത്തെ ഇതിന് മുന്‍പ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ പുതിയ ജനുസ്സിന്‍റ കണ്ടെത്തല്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. 1904 ലാണ് ഇതിന് മുന്‍പ് സ്റ്റോലിക്സിയ ഘാസിയന്‍സിസ് വിഭാഗത്തിൽ പെട്ട രണ്ടാമത്തെ ജനുസ്സിനെ കണ്ടെത്തിയത്.  സ്റ്റോലിക്സിയ ഘാസിയന്‍സ് എന്നത് വളരെ അപൂര്‍വമായി മാത്രം കണ്ട് വരുന്ന പാമ്പ് വര്‍ഗമാണെന്നതും ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ഘടകമാണ്. ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ പെട്ട മറ്റ് രണ്ടു ജനുസുകളുടെയും ജീവനുള്ള സ്പെസിമനുകള്‍ ഗവേഷകരുടെ കയ്യിലില്ല. ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിലെ സ്പെസിമെനുകള്‍ ഉപയോഗിച്ചാണ് ഈ ജീവിവര്‍ഗങ്ങളെക്കുറിച്ച് ഗവേഷകര്‍ മനസ്സിലാക്കുന്നത്.

സംരക്ഷണം വെല്ലുവിളിയാകും

സ്റ്റോലിസ്കിയ ഘാസിയന്‍സ് പാമ്പ് വര്‍ഗത്തിന്‍റെ ഉദ്ഭവവും, പരിണാമവുമെല്ലാം ഗവേഷകര്‍ക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ പുതിയ പാമ്പ് വര്‍ഗത്തിനാകുമോ എന്നതാണ് ഗവേഷകര്‍ ഉറ്റുനോക്കുന്നത്. ഈ പുതിയ പാമ്പിന്‍റെ കണ്ടെത്തല്‍ ഈ ജീവിവവര്‍ഗ്ഗത്തിന്‍റെ സമാനതകള്‍ ഇല്ലാത്ത ജൈവസവിശേഷതകളെപ്പറ്റിയും, അവയുടെ ജൈവവ്യവസ്ഥയെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഓഫ് ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നുള്ള അഭിജിത് ദാസാണ് ഈ പാമ്പ് വര്‍ഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

പുതിയ ജീവിവര്‍ഗം ഒരു ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് കണ്ടത്തിയിട്ടുള്ള ഒരു ജീവിയുടെ മാത്രം അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഇവയുടെ സംരക്ഷണം വെല്ലുവിളി നിറഞ്ഞ ഒന്നായി മാറുമെന്ന് അഭിജിത് ദാസ് ചൂണ്ടിക്കാട്ടുന്നു. കാരണം ഈ പാമ്പിനെ കണ്ടെത്തിയ പ്രദേശം ചെറുകിട കൃഷിക്കാര്‍ സജീവമായ മേഖലയാണ്. കൃഷിക്ക് വേണ്ടി വര്‍ഷം തോറും കൂടുതല്‍ വനമേഖല തെളിക്കപ്പെടുന്ന മേഖല കൂടിയാണിത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കണ്ടെത്തിയ പാമ്പ് വര്‍ഗത്തിന്‍റെ ആവാസവ്യവസ്ഥ അത്ര സുരക്ഷിതമല്ലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

English Summary: New species of non-venomous snake discovered in Mizoram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA