ADVERTISEMENT

ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച് ചൈനയിലെ ആനകൾ ഇപ്പോഴും യാത്ര തുടരുകയാണ്. ഇതിനിടെ ഗുരുതര പരുക്കേറ്റ കുട്ടിയാനയെയും സംഘം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ മുന്നോട്ടു പോവുകയായിരുന്നു. മുൻപ് ഇതിൽ ഒരു കൊമ്പൻ കൂട്ടം തെറ്റി ഏറെ പിന്നിലാവുകയും തിരിച്ച് യാത്ര പുറപ്പെട്ട സ്ഥലത്തേക്ക് നടപ്പു തുടങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു.

 

തേയിലെ തോട്ടത്തിന് സമീപമാണ് പരുക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ച്  സംഘം യാത്ര തുടർന്നത്. കുട്ടിയാനയുടെ കാലിനാണ് പരുക്ക്. കടുത്ത അണുബാധ കുട്ടിയാനയെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്കുള്ളത്. ഒന്നര വർഷമായി തുടങ്ങിയ യാത്ര ഇതിനോടകം 600 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു.

 

ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വയ്ക്കുന്നത്. പല പ്രതിസന്ധികൾ വന്നിട്ടും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ 15 ആനകൾ അടങ്ങിയ സംഘം യാത്ര തുടരുകയാണ്. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നുണ്ട്. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

 

ലോകമൊന്നാകെ ഉറ്റുനോക്കുകയാണ് ചൈനയിലെ അലഞ്ഞുതിരിയുന്ന ആനക്കൂട്ടത്തിന്റെ യാത്ര. ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും വാർത്തകളുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ലോകജനത കാത്തിരിക്കുന്നത്. ചൈന–മ്യാൻമർ അതിർത്തിയിലുള്ള, സിഷ്വങ്ബന്ന വന്യമൃഗസങ്കേതത്തിൽ നിന്നു 2020 മാർച്ചിലാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്.16 ആനകളാണ് തുടക്കത്തിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. 100 കിലോമീറ്റർ പിന്നിട്ടതോടെ രണ്ടുപേർ തിരിച്ചു പോയി. ബാക്കി 14 പേർ യാത്ര തുടർന്നു. ഇതിനിടയിൽ ഒരു പിടിയാന പ്രസവിച്ചതോടെ അംഗസംഖ്യ 15 ആയി മാറി. 3 കൊമ്പനാന, 6 പിടിയാന, 6 കുട്ടിയാന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 85 ലക്ഷം പേർ താമസിക്കുന്ന വൻനഗരമായ കുൻമിങ്ങിനു സമീപമെത്തിയശേഷം വന്നവഴിയിൽ തിരിച്ചു നടക്കുകയാണ് ഇപ്പോൾ ആനക്കൂട്ടം. കുൻമിങ്ങിൽ നിന്നു തെക്കുഭാഗത്തുള്ള യൂക്സി പട്ടണത്തിനു സമീപം ഷിജി ടൗൺഷിപ്പിലൂടെയായിരുന്നു ആനകളുടെ യാത്ര. ഇതുവരെ ഒരു മനുഷ്യനെ പോലും ഇവർ ആക്രമിച്ചിട്ടില്ല. ജനവാസമേഖലയിൽ പോലും വളരെ സമാധാനത്തോടെയാണ് ഇവയുടെ നടത്തം. സർക്കാർ തന്നെ ഇവർക്ക് വേണ്ട ഭക്ഷണവും വഴിയുെമാരുക്കി യാത്രയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

 

ഇതുവരെ 600 കിലോമീറ്ററിലധികം ആനകൾ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ 100 കിലോമീറ്റർ പിന്നിട്ടതോടെയാണ് ഇവരുടെ യാത്ര സമൂഹമാധ്യമങ്ങളിൽ വലിയ സംഭവമായത്. കഴിഞ്ഞ ബുധനാഴ്ച യുനാന്റെ തലസ്ഥാന നഗരമായ കുൻമിങ്ങിലേക്ക് ഇവരെത്തിയതോടെ അധികാരികൾ ഉണർന്നു പ്രവർത്തിച്ചു. അധികം നാശനഷ്ടമുണ്ടാക്കാത്ത രീതിയിൽ ബ്ലോക്കുകളും മറ്റുമൊഴിവാക്കി ഇവർ യാത്ര ക്രമീകരിച്ചു. ചോളം, കടച്ചക്ക, വാഴപ്പഴം തുടങ്ങി 1200 കിലോ ഭക്ഷണം സർക്കാർ ദിനംപ്രതി ഇവർക്കായെത്തിക്കുന്നു. യുനാൻ മാത്രമല്ല, ബെയ്ജിങ് നേരിട്ടാണ് ഇവരുടെ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുന്നത്.

 

English Summary: Injured baby elephant abandoned by rogue Chinese herd saved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com