ADVERTISEMENT

ഉയർന്ന താപനിലയും കാട്ടുതീയുമെല്ലാം കലിഫോർണിയയിലെ ജനങ്ങളെ കൊടുംചൂടിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ചൂടിൽനിന്നു അൽപം ശമനം തേടി പരക്കം പായുന്നത് ജനങ്ങൾ മാത്രമല്ല. മൃഗങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ഇപ്പോഴിതാ ദേഹമൊന്ന് തണുപ്പിക്കാനായി താഹോ തടാകത്തിൽ മുങ്ങിക്കുളിക്കാനെത്തിയ കരടി കുടുംബത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

ബീച്ചിലെത്തിയ വിനോദസഞ്ചാരികളെ വകവയ്ക്കാതെ അമ്മക്കരടിയും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം  വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ബ്രൗൺ ബെയർ വിഭാഗത്തിൽപ്പെട്ട കരടികളാണ് ബീച്ചിൽ സന്ദർശനം നടത്തിയത്. വെള്ളത്തിലിറങ്ങിയ കരടിക്കുഞ്ഞുങ്ങൾ  തകർത്തു കളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അവയെ സംരക്ഷിച്ചുകൊണ്ട് അമ്മക്കരടിയും ഒപ്പം തന്നെയുണ്ട്. ബീച്ചിലെത്തിയ സന്ദർശകരിലൊരാളാണ് കൗതുകമുണർത്തുന്ന ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമാങ്ങളിൽ പങ്കുവച്ചതും.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പരിസ്ഥിതി  സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിച്ചു കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനവും മനുഷ്യരുടെ ചെയ്തികൾ മൂലം വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതുമെല്ലാം ഇനിയെങ്കിലും ഗൗരവതരമായി കാണേണ്ടതുണ്ടെന്ന തരത്തിലാണ് പലരുടെയും പ്രതികരണങ്ങൾ.

അതേസമയം കരടികൾ ജലാശയത്തിനു സമീപമെത്തിയിട്ടും വിനോദസഞ്ചാരികൾ അവയുടെ അരികിൽതന്നെ നിൽക്കാൻ മുതിർന്നതിലെ അപകടവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കുഞ്ഞുങ്ങളുമൊത്ത് എത്തിയ അമ്മക്കരടി അവയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. കുഞ്ഞുങ്ങൾക്ക് അപകടം ഉണ്ടാവാൻ എന്തെങ്കിലും സാധ്യതയുണ്ടെന്ന് തോന്നിയാൽ  അമ്മക്കരടി അക്രമാസക്തയാകും. വന്യമൃഗങ്ങൾ സമീപമെത്തിയാൽ  അവയുടെ ദൃശ്യങ്ങൾ പകർത്താൻ മുതിരാതെ എത്രയും വേഗം സുരക്ഷിതമായ അകകലം പാലിക്കുകയാണ് വേണ്ടതെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. 

ഈ പ്രദേശത്ത് കരടികൾ ധാരാളമായി ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ടെന്നും മനുഷ്യരുടെ സമീപ്യവുമായി  അവ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും പ്രദേശവാസികൾ പറയുന്നു. എന്തായാലും സമൂഹമാധ്യമങ്ങളിലെത്തിയതോടെ  വ്യത്യസ്തമായ ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകൾ ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Family of bears takes a dip in Lake Tahoe to beat the heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com