ADVERTISEMENT

ഉടമയ്ക്കൊപ്പം യാതൊരു പേടിയുമില്ലാതെ പാരാഗ്ലൈഡിങ് ചെയ്യുന്ന നായയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൂന്നു വയസ്സ് പ്രായമുള്ള സാമൊയെഡ് ഇനത്തില്‍പ്പെട്ട ഔക എന്ന നായയാണ്‌ ഇപ്പോൾ താരം. ആകാശത്തെ ഓരോ നിമിഷവും ആസ്വദിച്ച് പറക്കുന്ന ഔകയെ വിഡിയോയില്‍ കാണാം. നായയുടെ പേരില്‍ത്തന്നെ ഉണ്ടാക്കിയ ‘ഔക ‍ഡോട്ട് സാം’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ഉള്ളത്.

ചലച്ചിത്ര സംവിധായകനായ ഷംസ് ആണ് നായയുടെ ഉടമ. ഫ്രാന്‍സ് ആണ് ഇരുവരുടെയും സ്വദേശം. യാതൊരു ഭയവുമില്ലാതെയാണ് ഔക മലനിരകള്‍ക്ക് മുകളിലൂടെ പറന്നത്. പാരാഗ്ലൈഡിങ് പ്രേമിയായ ഷംസ് തന്‍റെ നായയ്ക്ക് വേണ്ടി പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തിയാണ് പാരാഗ്ലൈഡിങ്ങിന് ഒരുക്കിയത്. പാരാഗ്ലൈഡിങ് മാത്രമല്ല, പൊതുവേ ധൈര്യശാലിയാണ് ഔക. ഫ്രാന്‍സിലെ മനോഹരമായ സ്ഥലങ്ങളില്‍ ഹൈക്കിങ്, കയാക്കിങ് പോലുള്ള സാഹസിക കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന വിഡിയോകളും ഔകയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.

കഴിഞ്ഞ ജൂണിലാണ് ഔകയെ ഷംസ് ദത്തെടുക്കുന്നത്. നായ വന്നതോടെ തന്‍റെ ജീവിതം എത്രത്തോളം മാറിയെന്ന് സാഹസിക ചലച്ചിത്രങ്ങളുടെ സംവിധായകനായ ഷംസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. കുറേക്കാലത്തിനിടയില്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും പോസിറ്റീവായ കാര്യം എന്നാണ് ഷംസ് അതിനെ വിശേഷിപ്പിക്കുന്നത്. ഔകയ്ക്ക് ഏറ്റവും മികച്ച ജീവിതം നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരുമിച്ച് ലോകമെമ്പാടും പറക്കാനാവട്ടെ എന്നും ഷംസ് പറയുന്നു. നായയോടുള്ള ഷംസിന്‍റെ സ്നേഹം മുഴുവന്‍ ഈ വാക്കുകളില്‍ കാണാം.

ഫ്രാന്‍സിലെ ഏറ്റവും മനോഹരമായ പാരാഗ്ലൈഡിങ് ഇടങ്ങളിൽ ഒന്നായ കോള്‍ ദു ഗ്രാനണ്‍ പര്‍വതനിരകള്‍ക്ക് മുകളിലൂടെയാണ് വിഡിയോയില്‍ ഇരുവരും പറക്കുന്നത്. ആൽപ്സിലെ ഏറ്റവും ഉയർന്ന പർവത പാതകളില്‍ ഒന്നാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്നും 2,413 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പട്ടാള പരിശീലനത്തിനായുള്ള മേഖല കൂടിയാണ് ഇവിടം. 1986ൽ ഫ്രാന്‍സിലെ വാര്‍ഷിക സൈക്കിളോട്ട മത്സരമായ ടൂർ ഡി ഫ്രാൻസിന്‍റെ ഏറ്റവും ഉയർന്ന പർവത ടോപ്പ് സ്റ്റേജ് ഫിനിഷിങ്ങിന് ആതിഥേയത്വം വഹിച്ച പ്രദേശം എന്ന പ്രത്യേകതയും കോള്‍ ദു ഗ്രാനണിനുണ്ട്. ഇപ്പോഴും നിരവധി സാഹസിക സഞ്ചാരികള്‍ എത്തുന്ന മേഖലയാണ് ഇവിടം.

English Summary: Cute Dog’s Paragliding With his Human Over French Mountains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com