ADVERTISEMENT

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും രക്ഷിച്ച വളർത്തുമൃഗങ്ങളെ പാർപ്പിച്ചിരുന്ന ഷെൽട്ടറിനുള്ളിൽ തീപടർന്നു പിടിച്ചതിനെ തുടർന്ന് അവയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവച്ച് ഒരുകൂട്ടം സുരക്ഷാ ഉദ്യോഗസ്ഥർ. ഫ്ലോറിഡയിലെ ഓർലൻഡോയിലാണ് സംഭവം. പെറ്റ് അലയൻസ് ഓഫ് ഗ്രേറ്റർ ഒർലൻഡോ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്  ആളിപ്പടരുന്ന തീയുടെ ഇടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷെൽറ്ററിനുള്ളിൽ കടന്ന് പൂച്ചകളെയും നായകളെയും രക്ഷിക്കുകയായിരുന്നു. 

 

തീപിടുത്തം നടക്കുന്ന സമയത്ത് ഷെൽട്ടറിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഓറഞ്ച് കൗണ്ടി അനിമൽ ഷെൽറ്ററിലെ ഒരു ഉദ്യോഗസ്ഥനാണ് തീപിടുത്തമുണ്ടായത് യാദൃശ്ചികമായി കണ്ടത്. അദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്ത് എത്തുകയായിരുന്നു. ഷെൽറ്ററിൽ പാർപ്പിച്ചിരുന്ന 26 നായകളെയും അപകടമൊന്നും കൂടാതെ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. എന്നാൽ സേനാംഗങ്ങൾ എത്തിയപ്പോഴേക്കും 23 പൂച്ചകൾ തീപിടുത്തത്തെ തുടർന്ന് ചത്തിരുന്നു. 45 എണ്ണത്തിനെ ജീവനോടെ രക്ഷിക്കാനായി. നാല് പൂച്ചകളെ കാണാതായിട്ടുണ്ട്. 

 

അഗ്നിശമനസേനാംഗങ്ങളുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തീപിടിച്ചതിനെ തുടർന്ന് കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ അകത്ത് അകപ്പെട്ട മൃഗങ്ങളെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. മുറികളിൽ പലതും ബന്ധിച്ച നിലയിലായതിനാൽ അവയ്ക്ക് തനിയെ പുറത്തിറങ്ങാനും നിർവാഹമുണ്ടായിരുന്നില്ല. ഷെൽട്ടറിന്റെ മുൻഭാഗത്തുള്ള കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. ഇത് രക്ഷാദൗത്യം ഏറെ ബുദ്ധിമുട്ടുള്ളതാക്കി. കെട്ടിടത്തിന്റെ പകുതിയിലേറെ ഭാഗവും  പൂർണമായും നശിച്ചു. 

 

രക്ഷപ്പെടുത്തിയ നായകളെ ഓറഞ്ച് കൗണ്ടി അനിമൽ ഷെൽട്ടറിലേക്ക് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. രക്ഷപ്പെടുത്തിയ പൂച്ചകളിൽ  ചിലതിന് സാരമായി പരുക്കേറ്റതിനാൽ അവയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേൽക്കാതെ രക്ഷപ്പെട്ട പൂച്ചകളെ സാൻഫോർഡിലെ പെറ്റ് അലയൻസ് സെന്ററിലേക്കാണ് എത്തിച്ചിരിക്കുന്നത്.

 

English Summary: 23 cats killed in fire at Florida pet adoption facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com