ADVERTISEMENT

വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കൻ പെൻഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് ദാരുണമായ സംഭവം. ദക്ഷിണാഫ്രിക്ക ടേബിൾ മൗണ്ടെൻ ദേശീയപാർക്ക് അധികൃതരാണ് പെൻഗ്വിനുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പെൻഗ്വിനുകളുടെ ശരീരം നിറയെ കുത്തേറ്റ പാടുകളും കണ്ണുകൾക്കുള്ളിൽ നിന്ന് തേനീച്ചകളെയും കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമോ വെള്ളിയാഴ്ച പുലർച്ചയ്ക്കു മുൻപോ ആകാം തേനീച്ചകൾ പെൻഗ്വിനുകളെ ആക്രമിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

ദേശീയപാർക്കിന്റെ ഭാഗമായ ബോൾഡേഴ്സ് ബീച്ചിലാണ് പെൻഗ്വിനുകളെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ആഫ്രിക്കൻ പെൻഗ്വിനുകളുടെ സംരക്ഷിത കോളനിയാണ് ഈ കടൽത്തീരം. സൈമൺസ് ടൗണിനു സമീപത്താണ് ബോൾഡേഴ്സ് ബീച്ച് സ്ഥിതി ചെയ്യുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പോറൽ ഏൽപ്പിക്കാതെയാണ് പെൻഗ്വിനുകളെ സംരക്ഷിക്കുന്നത്. 1982 ലാണ് ബോൾഡേഴ്സ് ബീച്ചിൽ സംരക്ഷിത പെൻഗ്വിൻ കോളനി നിലവിൽ വരുന്നത്.

സാധാരണയായി പെൻഗ്വിനുകളും തേനീച്ചകളും സൗഹാർദപരമായാണ് കഴിയുന്നതെന്നും ഇത്തരമൊരു ആക്രമണമുണ്ടായത് എന്തുകൊണ്ടാണെന്ന് നിരീക്ഷിച്ച് വരികയാണെന്നും ദേശീയപാർക്കിലെ ഗവേഷകർ അറിയിച്ചു. കടൽതീരത്ത് കേപ് തേനീച്ചകളെയും കണ്ടെത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തോളമുണ്ടായിരുന്ന ആഫ്രിക്കൻ പെൻഗ്വിനുകൾ 20–ാം നൂറ്റാണ്ടിന്റെ തുടക്കമായതോടെ അരലക്ഷത്തോളമായി ചുരുങ്ങിയിരുന്നു.

കുഞ്ഞൻ പെൻഗ്വിനുകളാണ് ആഫ്രിക്കൻ പെൻഗ്വിനുകൾ. വലിയ ശബ്ദമാണ് ഇവ ഉണ്ടാക്കുന്നത്. ആഫ്രിക്കൻ പെൻഗ്വിൻ, കേപ് പെൻഗ്വിൻ, സൗത്ത് ആഫ്രിക്കൻ പെൻഗ്വിൻ എന്നീ പേരുകളിലറിയപ്പെടുന്ന സ്പെനിസ്കസ് ഡെമേഴ്സസ് എന്നയിനം പെൻഗ്വിനുകളാണ് വസിക്കുന്നത്. വർഷം മുഴുവൻ പെൻഗ്വിനുകളിവിടെ ഉണ്ടാകും. ബീച്ചിലെ മണലിൽ കുഴികളുണ്ടാക്കിയാണ് പെൺ പെൻഗ്വിനുകൾ മുട്ടയിടുന്നത്. ആൺ പെൻഗ്വിനുകളാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്. കുഴിക്ക് പുറത്ത് പെൺ പെൻഗ്വിനുകൾ കാവൽ നിൽക്കുകയാണ് പതിവ്.

English Summary: 63 Endangered African Penguins Killed By A Swarm Of Honey Bees In Cape Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com