ADVERTISEMENT

ജനവാസ മേഖലകളിൽ വിഷപാമ്പുകളെ കണ്ടെത്തിയാൽ അവയെ കൊന്നുകളയുകയോ ഉപദ്രവിക്കുകയോ ആണ് സാധാരണഗതിയിൽ ജനക്കൂട്ടം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബിഹാറിലെ ഫരിംഗോല ഗ്രാമത്തിൽ എത്തിയ വിഷപ്പാമ്പിനെ  ജീവനോടെ പിടികൂടി വനത്തിലേക്ക് തിരികെവിടാനായതിന്റെ സന്തോഷത്തിലാണ് വനപാലകർ. ഉഗ്രവിഷമുള്ള ബാൻഡഡ് ക്രെയ്റ്റ് വിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ് ഗ്രാമത്തിൽ നിന്നു പിടികൂടിയത്. പാമ്പിനെ ജീവനോടെ പിടികൂടാൻ സഹായിച്ച ഗ്രാമവാസികൾക്ക് നന്ദി പറയുന്ന വനപാലകനായ അനിൽകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പാമ്പിനെ കണ്ടെത്തിയ ഉടൻ തന്നെ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു ഗ്രാമവാസികൾ. തക്കസമയത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം ഇത്തരമൊരു തീരുമാനം എടുത്തതിന് ഗ്രാമവാസികളോട് അനിൽകുമാർ നന്ദി രേഖപ്പെടുത്തുകയായിരുന്നു. അവിടെ കൂടിയ ജനങ്ങളോട് പ്രകൃതിയിലെ ജീവജാലങ്ങളോടു സഹാനുഭൂതി കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പരിസ്ഥിതിയിൽ ഓരോ ജീവിയും സുപ്രധാനമാണെന്നും മനുഷ്യനെ പോലെ തന്നെ ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കുമുണ്ടെന്നും ഗ്രാമവാസികളെ ബോധ്യപ്പെടുത്താനാണ്  അനിൽകുമാർ ശ്രമിച്ചത്. ഓരോ ജീവനും  വിലപിടിപ്പുള്ളതാണെന്ന അറിവ് ജനങ്ങളിലേക്ക് കൃത്യമായെത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഗ്രാമവാസികളെല്ലാം ശ്രദ്ധാപൂർവ്വം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കുന്നതും വിഡിയോയിൽ കാണാം.

ബിഹാറിലെ പരിസ്ഥിതി-വനം വിഭാഗത്തിന്റെ  പ്രിൻസിപ്പൽ സെക്രട്ടറിയായ ദീപക് കുമാർ സിങ്ങാണ് ബാൻഡഡ് ക്രെയ്റ്റ് ഇനത്തിൽപ്പെട്ട പാമ്പിനെ പിടികൂടുന്നതിന്റെയും അനിൽകുമാര്‍ ചുറ്റുംകൂടി നിന്നവരോട് സംസാരിക്കുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വന്യജീവികളെപറ്റി ജനങ്ങൾക്ക് അവബോധം നൽകിയതിന്  വനപാലകനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവെച്ചത്. വിഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. അനിൽകുമാറിന്റെ ചിന്തകളെയും അവ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തെയും പ്രകീർത്തിച്ചുകൊണ്ടാണ് പ്രതികരണങ്ങൾ.

English Summary:  Forest official gives impromptu speech to create awareness after rescuing banded krait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com