ADVERTISEMENT

കാലിൽ കടിച്ച് വലിച്ച് വെള്ളത്തിലിട്ട് തന്നെ ഭക്ഷിക്കാനൊരുങ്ങിയ മുതലയെ പേനാക്കത്തി കൊണ്ട് വിരട്ടിയോടിച്ച് അറുപതു വയസ്സുകാരൻ. ഓസ്ട്രേലിയയുടെ വടക്കൻഭാഗത്തുള്ള നോർത്തേൺ കേപ് യോർക്ക് മേഖലയിലുള്ള കുഗ്രാമത്തിലാണു സംഭവം. മീൻപിടിത്തത്തിൽ താൽപര്യമുള്ള അറുപതുകാരൻ കെയിൻസിൽ നിന്നു 5 മണിക്കൂർ ഡ്രൈവിങ് അകലത്തിൽ സ്ഥിതി ചെയ്യുന്ന ഹോപ് വാലിയിൽ നദിക്കരയിൽ ചൂണ്ടയിടാൻ പോയതാണ്. അവിടെ ചെന്നപ്പോൾ നദിക്കരയിൽ കാള നിൽക്കുന്നത് കണ്ടു. അതിനെ ഓടിച്ചു വിട്ട് ആ സ്ഥാനത്ത് നിന്നു ചൂണ്ടയിടൽ തുടങ്ങിയ അദ്ദേഹത്തെ കാത്ത് വലിയൊരപകടം നദിക്കുള്ളിലുണ്ടായിരുന്നു.

നാലര മീറ്ററോളം നീളമുള്ള ഒരു മുതലയായിരുന്നു അത്. തന്നെ ആക്രമിക്കുന്നതിന് തൊട്ടു മുൻപാണു മുതലയെ അദ്ദേഹം കണ്ടത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ചൂണ്ട ഉപയോഗിച്ച് മുതലയെ അടിച്ചോടിക്കാൻ അദ്ദേഹം മുതിർന്നെങ്കിലും ഫലം കണ്ടില്ല. അറുപതുകാരന്റെ കാലിൽ കടിച്ച മുതല അദ്ദേഹത്തെ പരിഭ്രാന്തിയിലാക്കി. തുടർന്ന് നദിക്കരയിലുള്ള ഒരു മരത്തിൽ അള്ളിപ്പിടിച്ചു കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുതല കാലിൽ വീണ്ടും കടിച്ച് വലിച്ച് വെള്ളത്തിലേക്കിട്ടു. അവിടെ മരണത്തെ മുഖാമുഖം കണ്ട നേരത്താണ് അരയിലെ ബെൽറ്റിൽ പേനാക്കത്തിയുണ്ടെന്ന കാര്യം അദ്ദേഹം ഓർത്തത്. അരയിൽ നിന്ന് പേനാക്കത്തി വലിച്ചൂരി ജീവരക്ഷാർഥം മുതലയെ ആക്രമിച്ചു. 

മിനിറ്റുകൾ നീണ്ടു നിന്ന ആക്രമത്തിനൊടുവിൽ മുതല അദ്ദേഹത്തെ വിട്ടു വെള്ളത്തിലേക്ക് തിരികെ ഊളിയിട്ടു പോയി. നിലവിൽ അറുപതുകാരൻ ഓസ്ട്രേലിയയിലെ കുക്ക്ടൗൺ എന്ന ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കുകളിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും ആക്രമണം മൂലം മാനസികമായ ആഘാതം ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇത്തരമൊരു രക്ഷപ്പെടൽ അപൂർവമാണെന്ന് ക്വീൻസ്‌ലൻഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മാറ്റ് ബ്രയാൻ പറഞ്ഞു. സാധാരണ ഗതിയിൽ ഇത്ര വലുപ്പമുള്ള ഒരു മുതലയുടെ പിടിയിൽ ഒരാൾ ഒറ്റയ്ക്ക് അകപ്പെട്ടാൽ രക്ഷപ്പെടുന്നത് അസാധ്യമാണ്.

നദിക്കരയിൽ നിന്നിരുന്ന കാളയെ ആക്രമിക്കാൻ തയാറെടുത്താകാം മുതല വന്നതെന്നും ആ കാളയെ ഓടിച്ചുവിട്ടശേഷം അതിന്റെ സ്ഥാനത്ത് കയറി നിന്നതാണ് അറുപതുകാരനു വിനയായതെന്നും ഉദ്യോഗസ്ഥർ പറയുന്നു. സാൾട്ട് വാട്ടർ വിഭാഗത്തിൽപെടുന്ന മുതലകളാണ് നോർത്തേൺ കേപ് യോർക്കിലേതും. 1971ൽ ഇവയെ സംരക്ഷിത ജീവികളായി പ്രഖ്യാപിച്ചതിനു ശേഷം ഇവയുടെ എണ്ണം പെരുകിയിരുന്നു. സോൾട്ടീസ് എന്നാണ് ഇവയെ ഇവിടെ നാട്ടുകാർ വിളിക്കുന്നത്. ചിലതൊക്കെ ഏഴുമീറ്റർ വരെയൊക്കെ വലുപ്പം നേടാറുണ്ടെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.

English Summary: Tug-of-war? Australian Man Uses Pocket Knife to Fight Off Crocodile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com