മൃഗശാലയിലെ സുരക്ഷാവേലി മറികടന്ന് യുവതിയുടെ സാഹസം; സിംഹത്തിന് സമ്മാനമായി റോസാപ്പൂക്കളും പണവും!

 Woman climbs over barrier near Bronx Zoo’s lion exhibit, throws money in the air
Image Credit: WNBC
SHARE

മൃഗശാലയിലാണെങ്കിലും വന്യജീവി സങ്കേതങ്ങളിലാണെങ്കിലും വന്യമൃഗങ്ങൾ അപകടകാരികൾ തന്നെയാണ്. മൃഗശാലയിൽ ഓരോ മൃഗങ്ങളെയും പാർപ്പിച്ചിരിക്കുന്ന കൂടിന് സമീപം  പ്രത്യേക സുരക്ഷാ നിർദേശങ്ങളും സന്ദർശകർക്കായി എഴുതിവച്ചിട്ടുണ്ടാവും. എന്നാൽ ന്യുയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെത്തിയ ഒരു യുവതി ഈ നിർദേശങ്ങളൊക്കെ അവഗണിച്ച് കയറിയത് ഒരു സിംഹക്കൂട്ടിലാണ്.  സിംഹത്തോടുള്ള സ്നേഹം മൂലം അതിനെ അടുത്തു കാണുന്നതിനായിരുന്നു യുവതിയുടെ സാഹസം. 

സന്ദർശകരിൽ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോസാപ്പൂക്കൾകൊണ്ട് ഉണ്ടാക്കിയ രണ്ടു ബൊക്കെകളും കൈയിൽ കരുതിയായിരുന്നു യുവതി സിംഹക്കൂടിനുള്ളിൽ കയറിയത്. വേലിക്കുള്ളിൽ കയറിയശേഷം ദൃശ്യങ്ങൾ പകർത്തിയിരുന്ന വ്യക്തിയോട് 'താൻ ഇവനെ ഏറെ മിസ്സ് ചെയ്തു' എന്ന് യുവതി പറയുകയും ചെയ്യുന്നുണ്ട്. കുറച്ചകലെയായി സിംഹം നിൽക്കുന്നതും വിഡിയോയിൽ കാണാം. 

കാഴ്ചകണ്ടു നിന്നവരെ കൈവീശി കാണിച്ചശേഷം യുവതി സിംഹത്തിനോട് 'ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും, നിനക്കായി മാത്രമാണ് ഞാൻ തിരികെ എത്തിയതെന്നും പറഞ്ഞു. അതിനുശേഷം അല്പസമയം കൂടിനുള്ളിൽ നിന്ന് നൃത്തം ചെയ്ത യുവതി ബൊക്കെകളും ഒരു ഡോളറിന്റെ നോട്ടുകളും സിംഹത്തിന് നേരെ എറിഞ്ഞു കൊടുത്തു. കൂടിനുള്ളിൽ മനുഷ്യനെ കണ്ടിട്ടും  സിംഹം ആക്രമിക്കാൻ ശ്രമിച്ചില്ല. അതുകൊണ്ട് മാത്രമാണ് യുവതി ജീവനോടെ പുറത്ത്കടന്നത്. അല്പനേരം യുവതിയെ നോക്കി നിന്ന ശേഷം സിംഹം അതേ സ്ഥാനത്ത് തന്നെ  കിടക്കുകയായിരുന്നു. 

സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു സന്ദർശകർ ഉടൻ തന്നെ വിവരം മൃഗശാല അധികൃതരെ അറിയിച്ചു. എന്നാൽ അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും യുവതി സിംഹക്കൂടിനുള്ളിൽ നിന്നും സ്ഥലം വിട്ടിരുന്നു.യുവതിയുടെ പേരോ വിവരങ്ങളോ വ്യക്തമല്ല.  2019ലും മൃഗശാലയിൽ സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. മ്യാ ഓട്രി എന്ന യുവതിയാണ് അന്ന് സിംഹത്തെ  പാർപ്പിച്ച കൂടിനുള്ളിൽ കയറിയത്. തനിക്ക് മനുഷ്യരെയും മൃഗങ്ങളെയും ഭയമില്ലെന്നും സിംഹത്തിന് തന്നോട് സ്നേഹമാണെന്നുമാണ് മ്യാ ഓട്രി അന്ന് പറഞ്ഞത്. സംഭവത്തെതുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. അതെ യുവതി തന്നെയാണ് ഇത്തവണയും സിംഹക്കൂടിനുള്ളിൽ കയറിയതെന്ന് ദൃക്സാക്ഷികളിലൊരാൾ പറയുന്നു. 

ഇത്തവണ കൂടിനുള്ളിൽ കയറിയ യുവതി തലയിൽ വിഗ് ധരിച്ചിരുന്നതിനാൽ അത് മ്യാ ഓട്രി  തന്നെയാണോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാൽ യുവതിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മൃഗശാല അധികൃതരും ന്യുയോർക്ക് പൊലിസും  അറിയിക്കുന്നു. അതേസമയം 2019ലെ സംഭവത്തിനു ശേഷവും വന്യമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള സുരക്ഷാ വേലികൾ മാറ്റി സ്ഥാപിക്കാത്തതിന് മൃഗശാലയ്ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

English Summary: Woman climbs over barrier near Bronx Zoo’s lion exhibit, throws money in the air

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA