ചൈനയിൽ പുലികൾ മൃഗശാല ചാടി; വിവരം മറച്ചുവച്ച് ഉദ്യോഗസ്ഥർ, 6 പേർക്ക് തടവ്

Six Sentenced to Jail Over Zoo Leopard Escape Cover-Up
Image Credit: Six Sentenced to Jail Over Zoo Leopard Escape Cover-Up
SHARE

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷീജിയാങ്ങിൽ പുലികൾ മൃഗശാലയിൽ നിന്നു രക്ഷപ്പെട്ട വിവരം മറച്ചുവച്ചതിന് 6 മൃഗശാല ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ. ഒന്നു മുതൽ രണ്ടു വരെ വർഷം ദൈർഘ്യമുള്ള തടവുശിക്ഷയാണ് പലർക്കും ലഭിച്ചത്. ഷീജിയാങ്ങിലെ ഹാങ്ഷു സഫാരി പാർക്കിലായിരുന്നു സംഭവം. ഹാങ്ഷുവിലെ ജനകീയ കോടതിയാണു ശിക്ഷ വിധിച്ചത്. ശിക്ഷ ലഭിച്ചവരിൽ ഹാങ്ഷു സഫാരി പാർക്കിന്റെ ലീഗൽ ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥരുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണു കേസിന് ആസ്പദമായ കാര്യങ്ങൾ നടന്നത്. ഡിങ് സെങ്‌ഖാൻ എന്നൊരാൾ ഉൾപ്പെടെ മൂന്ന് മൃഗശാല സൂക്ഷിപ്പുകാർ കാട്ടിയ അലംഭാവത്തെ തുടർന്ന് 3 പുലികൾ ഹാങ്ഷു സഫാരി പാർക് മൃഗശാലയിൽ നിന്നു രക്ഷപ്പെട്ടു. ഏപ്രിൽ 19നായിരുന്നു ഇത്. വിവരമറിഞ്ഞ ഹാങ്ഷു സഫാരി പാർക് മാനേജ്മെന്റ് സംഭവം പുറത്തായാൽ കനത്ത പിഴ നൽകേണ്ടി വരുമെന്നും പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുമെന്നും കരുതി. ഹാങ്ഷു സഫാരി പാർക് ലീഗൽ ഓഫിസർ ഴാങ് ഡിക്വാനുമായി ചർച്ച നടത്തി വിവരം പൊലീസിലോ സർക്കാരിലോ അറിയിക്കാതെ മറച്ചുവയ്ക്കുകയായിരുന്നു.

ഇതിനിടയിൽ ചാടിപ്പോയ പുലികളെ കണ്ടെത്താമെന്നായിരുന്നു ഇവരുടെ വിചാരം. മൂന്നു ദിവസത്തിനുള്ളിൽ തന്നെ മൂന്നിൽ ഒരെണ്ണത്തെ ഇവർ പിടികൂടി. എന്നാൽ രണ്ടു പുലികൾ പിടികൊടുക്കാതെ വിഹരിച്ചു നടന്നു. ഇതിനിടെ പൊലീസിനും തദ്ദേശ വനം വകുപ്പ് അധികൃതർക്കും പൊതുജനങ്ങളിൽ നിന്നു ധാരാളം പരാതികൾ ലഭിച്ചുതുടങ്ങി. പൊതുവിടങ്ങളിൽ പുലികളെ കാണുന്നുണ്ടെന്നറിയിച്ചായിരുന്നു പരാതികൾ. എവിടെ നിന്നാണ് ഈ പുലികൾ വന്നതെന്നറിയാതെ അധികാരികൾ കുഴങ്ങി. ഇനി ആളുകൾ പറ്റിക്കാൻ വിളിക്കുന്നതാണോയെന്നും അവർ സംശയിച്ചു. പക്ഷേ ഇത്രയധികം ആളുകൾ പറ്റിക്കാൻ വിളിക്കില്ലല്ലോ എന്ന ചിന്ത ആ സംശയത്തെ മാറ്റി.

തുടർന്ന് അധികാരികൾ നടത്തിയ അന്വേഷണമാണ് ഹാങ്ഷു സഫാരി പാർക്കിലേക്കു നയിച്ചത്. താമസിക്കാതെ കള്ളം പുറത്തായെന്നറിഞ്ഞ പാർക്ക് മാനേജ്മെന്റ് കുറ്റം ഏറ്റുപറഞ്ഞു. തുടർന്നാണു കേസ് കോടതിയിലെത്തിയത്. പുലികളെ പിടികൂടാനായി പൊലീസും വനംവകുപ്പും ഊർജിത തിരച്ചിൽ നടത്തുകയും ചെയ്തു. മേയ് എട്ടിന് ഒന്നു കൂടി പിടിയിലായി. ശേഷിക്കുന്ന ഒരു പുലി ഇപ്പോഴും പുറത്താണ്. 7 മാസം പിന്നിട്ടിട്ടും ഇതിനെ  ഇതുവരെ പിടികൂടാൻ ആയിട്ടില്ല. സുരക്ഷാ നടപടികളിൽ പ്രതികൾ വൻ വീഴ്ച വരുത്തിയെന്നും പുലികൾ ചാടിപ്പോയതും അതു മറച്ചുവച്ചതും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ കുറ്റം സമ്മതിച്ച്  തനിയെ കീഴടങ്ങാൻ തയാറായതാണ് ശിക്ഷയുടെ കാഠിന്യം കുറച്ചതെന്നും അല്ലെങ്കിൽ ദൈർഘ്യമേറിയ കഠിന തടവ് തന്നെ ഇവർക്ക് നൽകിയേനെയെന്നും കോടതി അഭിപ്രായപ്പെട്ടു.

English Summary: Six Sentenced to Jail Over Zoo Leopard Escape Cover-Up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA