പാക്കിസ്ഥാനിലെ ഏറ്റവും വലിയ മൃഗശാലയായ കറാച്ചി മൃഗശാലയിൽ നിന്ന് പുറത്തുവരുന്നത് ദാരുണ ദൃശ്യം. എഴുന്നേൽക്കാൻ പോലുമാവാതെ പട്ടിണിക്കോലമായി കിടക്കുന്ന സിംഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.കറാച്ചി മൃഗശാലയിലെ ഭക്ഷണം വിതരണ കരാറുകാരൻ പിൻമാറിതാണ് മൃഗശാലയുടെ ദുരവസ്ഥയ്ക്ക് പിന്നിൽ. കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷന്റെ നിയന്ത്രണത്തിലാണ് മൃഗശാല.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെയുള്ള തുക അധികൃതർ നൽകിയില്ലെന്നാണ് കരാറുകാരൻ അംജദ് മെഹബൂബിന്റെ ആരോപണം. പ്രാദേശിക മാധ്യമങ്ങളോടാണ് മെഹബൂബ് ഇക്കാര്യം വിശദീകരിച്ചത്.തുക കിട്ടിയാൽ മൃഗശാലയിലേക്കുള്ള ഭക്ഷണ വിതരണം തുടരുമെന്നും മെഹബൂബ് വ്യക്തമാക്കി. പത്രപ്രവർത്തകയായ കത്രിന ഹെസെയ്ൻ ആണ് മൃഗശാലയിൽ നിന്നുള്ള ദാരുണദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. കൂടിനുള്ളിൽ ആഹാരമില്ലാതെ പട്ടിണിക്കോലമായി കിടക്കുന്ന ആഫ്രിക്കൻ സിംഹത്തിന്റെ ദൃശ്യമായിരുന്നു ഇത്.തിങ്കളാഴ്ചയാണ് വിഡിയോ പുറത്തുവന്നത്.
കടുത്ത വിമർശനമാണ് മൃഗശാല അധികൃതർക്കെതിരെ ഉയർന്നത്. ഇതിനു പിന്നാലെ വിശദീകരണവുമായി കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷൻ പ്രതിനിധി അലി ഹസ്സൻ സാജിദ് എത്തി. മൃഗശാലയ്ക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും പുറത്തുവരുന്ന ദൃശ്യം പഴയതാണെന്നും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മൃഗശാലയിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചത്തേക്കുള്ള ഭക്ഷണം സ്റ്റോക്കുണ്ടെന്നും അലി ഹസ്സൻ സാജിദ് വിശദീകരിച്ചു.
മൃഗശാല ഡയറക്ടർ ഖാലിദ് ഹാഷ്മിയും ആരോപണം നിഷേധിച്ചു. മൃഗശാലയിൽ ഭക്ഷണവിതരണം പതിവുപോലെ തുടരുന്നുണ്ടെന്നും മൃഗങ്ങൾ പട്ടിണി നേരിടുന്നില്ലെന്നും സംശയമുണ്ടെങ്കിൽ മൃഗശാലയിലെത്തി മൃഗങ്ങളെ നേരിൽ കണ്ട് മനസ്സിലാക്കാമെന്നും ഹാഷ്മി വിശദീകരിച്ചു. മൃഗശാല പുറത്തുവിട്ട വിഡിയോയിൽ പട്ടിണിക്കോലമായ ആഫ്രിക്കൻ സിംഹമെവിടെയെന്ന ചോദ്യമുന്നയിച്ച് കത്രീന വീണ്ടും രംഗത്തെത്തിയിരുന്നു.
English Summary: No Food Shortage, Says Karachi Zoo - But Viral Video Shows Lion In "Awful Shape"