നഷ്ടമായ ഗജവീരൻമാർ, ഇക്കൊല്ലം ചരിഞ്ഞത് 27 ആനകള്‍; നാട്ടാനപ്പെരുമ ചങ്ങലയഴിക്കുന്നുവോ?

Kerala elephants
Image Credit: Akshay Sajan /Shutterstock
SHARE

നാട്ടാനപ്പെരുമ കേരളത്തിൽ ചങ്ങലയഴിക്കുകയാണോ ? ആനയോളം വലിയ ആനക്കഥകളുമുള്ള നമ്മുടെ നാട്ടിൽ ഇക്കൊല്ലം മാത്രം ചരിഞ്ഞത് 27 നാട്ടാനകളാണ്.  ഇനി അവശേഷിക്കുന്നത് 452 പേർ മാത്രം. 2018ൽ വനം വകുപ്പ് നടത്തിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് 521 നാട്ടാനകൾ ഉണ്ടായിരുന്നു. മനസിന്റെ ഉത്സവപ്പറമ്പിൽ നെറ്റിപ്പട്ടവും തിടമ്പുമേറ്റി ആരാധിച്ചിരുന്ന ഗജവീരൻമാകെയാണ് ആരാധകർക്കു നഷ്ടമാകുന്നത്. പലരും തലയെടുപ്പിന്റെ തമ്പുരാൻമാരായിരുന്നു.മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് ഗണപതി, ഗുരുവായൂർ പത്മനാഭൻ, ഗുരുവായൂർ വലിയ കേശവൻ, കോങ്ങാട് കുട്ടിശങ്കരൻ , തുടങ്ങി തലയെടുപ്പുള്ള ഒരുപിടി ആനകളാണ് അടുത്ത കാലത്തു ചരിഞ്ഞത്. പ്രായാധിക്യമാണ് മരണകാരണമെങ്കിലും രോഗങ്ങളും നാട്ടാനകളെ വല്ലാതെ പിടിമുറുക്കിത്തുടങ്ങി. ചരിയുന്നവയിൽ വലിയൊരു പങ്കും പിടിയാനകളാണ്. മംഗലാംകുന്ന് ആനത്തറവാട്ടിൽ തൊട്ടടുത്ത ദിവസങ്ങളിലായി നഷ്ടമായത് 2 കൊമ്പൻമാരെയാണ്. ആനപ്രേമികൾക്കിടയിൽ ടിന്റുമോൻ എന്നറിയപ്പെട്ടിരുന്ന മംഗലാംകുന്ന് രാജൻ  (59)  ചരിഞ്ഞതിനു തൊട്ടടുത്ത ദിവസമാണ് മംഗലാംകുന്ന് ഗജേന്ദ്രനും യാത്രയയായത്. മാതംഗലോകത്തെ ചക്രവർത്തിയായ മംഗലാംകുന്ന് കർണന്റെ നാടുനീങ്ങലും ഇക്കൊല്ലം തന്നെയായിരുന്നു.

ഈ വർഷം നഷ്ടപ്പെട്ട നാട്ടാനകൾ

Mangalamkunnu-Karnan
മംഗലാംകുന്ന് കർണൻ

മംഗലാംകുന്ന് കർണൻ, കെ ആർ ശിവപ്രസാദ്, ഗുരുവായൂർ വലിയ കേശവൻ, കിരൺ ഗണപതി, അമ്പലപ്പുഴ വിജയകൃഷ്ണൻ. കളരിക്കാവ് അമ്പാടി കണ്ണൻ, കുമ്പളം മണികണ്ഠൻ, കോന്നി മണികണ്ഠൻ(ജൂനിയർ സുരേന്ദ്രൻ),  മതിലകം ദർശനി, കുഴൂർ സ്വാമിനാഥൻ, മനിശ്ശേരി രഘുറാം, കോട്ടൂർ ശ്രീക്കുട്ടി, ചോറ്റാനിക്കര സീത, ഗുരുവായൂർ വലിയ മാധവൻകുട്ടി, കോട്ടൂർ അർജുൻ, അക്കരമ്മേൽ ലൈല, പാഴുർമന ഗോപാലൻ(കല്ലൻ ഗോപാലൻ, ബാലുശ്ശേരി ജഗതാംബിക, ചാന്നനിക്കാട് അയ്യപ്പൻകുട്ടി , പട്ടത്താനം ജാജിസ് ജാനകി , കൊട്ടിയൂർ ചന്ദ്രശേഖരൻ, അയിരൂർ ചിലങ്ക വാസുദേവൻ, ശ്രീ വിജയം കാർത്തികേയൻ, വാഴയിൽ അനിൽ ബാബു, കുളമാക്കൽ മാധവൻ, മംഗലാംകുന്ന് രാജൻ ( ടിന്റുമോൻ ), മംഗലാംകുന്ന് ഗജേന്ദ്രൻ. രണ്ട് ആനകൾ വനം വകുപ്പിന്റെ  കോട്ടൂർ ആന ക്യാംപിൽ ചെരിഞ്ഞു.

സഹിക്കാനാകുന്നില്ല വിയോഗം

mangalamkunnu-karnan
മംഗലാംകുന്ന് കർണൻ

പ്രിയപ്പെട്ട ആനകളുടെ വിയോഗം ആരാധകർക്കു സഹിക്കാവുന്നതിലേറെയാണ്. ചങ്കുപറിക്കുന്ന വേദനയാണ് പലർക്കും. മംഗലാംകുന്ന് കർണനും കോങ്ങാട് കുട്ടിശങ്കരനും ചരിഞ്ഞ ദിവസങ്ങളിൽ കണ്ണീരോടെയെത്തിയ ആരാധകർ തന്നെ അതിനുള്ള തെളിവ്. കേരളത്തിൽ മാത്രമല്ല വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചു പോലും ഫാൻസുള്ള ആനകളുണ്ട്. മൂന്നു കൊല്ലത്തിനുള്ളിൽ സംസ്ഥാനത്തു ചെരിഞ്ഞത് അറുപതോളം  നാട്ടാനകളാണ്. നിലവിലുള്ളവയിൽ അറുപതു ശതമാനത്തിലധികം ആനകളുടെയും ശരാശരി പ്രായം അറുപതു വയസാണ്. പ്രായാധിക്യം, പാദരോഗങ്ങൾ, ഹെർപ്പിസ് എന്നീ രോഗങ്ങൾ മൂലമാണ് ആനകൾ കൂടുതലായി ചെരിഞ്ഞത്. ദഹനേന്ദ്രിയവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും പതിവാണ്. 

ആനത്തറവാടുകളിലും തറിയൊഴിയുന്നു

Elephants

കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള ഗുരുവായൂർ പുന്നത്തൂർക്കോട്ടയിൽ കൊമ്പൻ മാധവൻകുട്ടി ചരിഞ്ഞതോടെ ദേവസ്വം ആനകളുടെ എണ്ണം 44 ആയി കുറഞ്ഞു. ദേവസ്വത്തിന്റെ ആനകളെല്ലാം ഭക്തർ ക്ഷേത്രത്തിൽ നടയിരുത്തുന്നതാണ്. 1967ൽ 17 ആനകളാണ് ഉണ്ടായിരുന്നത്. 1974ൽ മാധവൻകുട്ടിയെ നടയിരുത്തിയതോടെ 26 ആയി. 1993ൽ 41 ആനകൾ. 2009 ൽ  ഉണ്ണിക്കൃഷ്ണൻ എന്ന ആനയെ നടയിരുത്തിയതോടെ എണ്ണം റെക്കോർഡ് ആയി, 66ൽ എത്തി. 2011 ൽ  അയ്യപ്പൻകുട്ടി എന്ന കൊമ്പനെയാണ് അവസാനം നടയിരുത്തിയത്. മംഗലാംകുന്ന് ആനത്തറവാടിന് അടുത്തകാലത്ത് നഷ്ടമായത് 4 ആനകളെയാണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ എന്നീ സൂപ്പർസ്റ്റാർ ആനകളും കഴിഞ്ഞ ദിവസം ചരിഞ്ഞ രാജനും ഗജേന്ദ്രനുമാണിവർ.  ഒരു കാലത്ത് 17 ആനകൾ വരെയുണ്ടായിരുന്ന തറവാട്ടിൽ ഇപ്പോൾ 6 ആനകളാണുള്ളത്.

രോഗങ്ങൾ ഗുരുതരം 

ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമാണ്  ആനകളെ പ്രധാനമായി ബാധിക്കുന്നതെന്ന് കേരള വെറ്ററിനറി സർവകലാശാല എലിഫന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ഡോ.ടി.എസ്.രാജീവ് പറയുന്നു. കാലാവസ്ഥാ വ്യതിയാനവും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. എരണ്ട കെട്ടും വൈറസ് രോഗങ്ങളും വർധിക്കുന്നു.  കോവിഡ് കാലത്തു മുഴുവൻ സമയവും വിശ്രമത്തിൽ കഴിയുന്നത് ആനകളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. 

നാട്ടാന പരിപാലന ചട്ടം പരിഷ്കരിക്കണം

Elephant

നാട്ടാനകളും കാട്ടാനകളും ചെരിയുന്നത് സംബന്ധിച്ച് വനം വകുപ്പ് ഗൗരവമായ പഠനം നടത്തണമെന്ന് ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ പറയുന്നു.  കേരള നാട്ടാന പരിപാലന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം. ഉടമകളുടെ ഉത്തരവാദിത്തവും കർത്യവും ചട്ടത്തിൽ നിർവചിച്ചതുപോലെ പോലെ പാപ്പാൻമാരുടെയും  രേഖപ്പെടുത്തണം. ഇടയ്ക്കിടെ പാപ്പാന്മാർ മാറുന്നത് ആനയുടെ സ്വഭാവത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതിനാൽ പാപ്പാനെ ചുമതല ഏൽപിക്കുമ്പോൾ കുറഞ്ഞത് 5 വർഷം കൂടെ നിൽക്കുമെന്നു നിബന്ധനയിൽ രേഖപ്പെടുത്തണം. പാപ്പാൻമാരുടെ നിയമനവും നീക്കം ചെയ്യലും ഒഴിഞ്ഞുപോക്കും സംബന്ധിച്ച് വ്യക്തമായ നയം വേണമെന്നുംഇദ്ദേഹം പറയുന്നു.

ഉടമകളും പ്രതിസന്ധിയിൽ

Elephant

കോവിഡ് നിയന്ത്രണങ്ങൾക്കിടെ എഴുന്നള്ളിപ്പുകളും വരുമാനവും കുറഞ്ഞതോട‌െ വലിയ പ്രതിസന്ധിയായി. മരുന്നും തീറ്റയും പാപ്പാൻമാരുടെ പ്രതിഫലവും ഉൾപ്പെടെ ഒരാനയുടെ പരിപാലനത്തിനു പ്രതിദിനം നാലായിരത്തിലേറെ രൂപ  ഉടമകൾ പറയുന്നു. പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കുടംബാംഗങ്ങളെയെന്ന പോലെയാണ് ആനകളെ സംരക്ഷിക്കുന്നത്.

English Summary: 27 captive elephants lost their lives in Kerala so far this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA