പൂച്ച കുറുകെ ചാടി, ആന വിരണ്ടു; അഞ്ചര മണിക്കൂർ പരിഭ്രാന്തി; വിഡിയോ

Tusker Manikandan Runs Amok block road for 5 hours
SHARE

കൊട്ടാരക്കര വെട്ടിക്കവല മഹാക്ഷേത്രത്തിൽ പൊങ്കാലച്ചടങ്ങിന് കൊണ്ടു വന്ന ആന അഞ്ച് കിലോമീറ്ററുകളോളം ദൂരം റോഡിലൂടെ വിരണ്ടോടി. അഞ്ചര മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് റബർ തോട്ടത്തിൽ തളച്ചു. നാശനഷ്ടങ്ങളില്ല. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. നെടുവൺകാവ് ക്ഷേത്രത്തിലെ 45 വയസ്സുള്ള ‘മണികണ്ഠൻ’ എന്ന ആനയാണ് പിണങ്ങി ഓടിയത്. രാവിലെ പൊങ്കാല ചടങ്ങിന് ശേഷം ക്ഷേത്ര പരിസരത്ത് തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ചങ്ങലയുമായി  ഓടുകയായിരുന്നു. ക്ഷേത്രത്തിലെ ഒരു വളപ്പിനോട് ചേർന്നാണ് ആനയെ തളച്ചിരുന്നത്. ഇവിടെവച്ച് ഒരു പൂച്ച കുറുകെ ചാടുകയും തുടർന്ന് ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു എന്നുമാണു പാപ്പാൻ വനപാലകർക്ക് നൽകിയ വിശദീകരണം. 

വെട്ടിക്കവലയിൽ നിന്നു കണ്ണങ്കോട് റോഡിലൂടെ സദാനന്ദപുരത്തെത്തിയ ആന എംസി റോഡിലേക്ക് കയറി. തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ ബാഹുല്യം ഉണ്ടായിരുന്നുവെങ്കിലും ആരെയും ശല്യപ്പെടുത്താതെയായിരുന്നു ഓട്ടം. എംസി റോഡിലൂടെ അര കിലോമീറ്ററോളം ഓടി കക്കാട് ജംക്‌ഷനിലെത്തി വലതുഭാഗത്തേക്കു തിരിഞ്ഞ് കക്കാട്– പഴിഞ്ഞം റോഡിൽ നില കൊണ്ടു.  തളയ്ക്കാനുള്ള ശ്രമത്തിനിടെ പല തവണ  അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തുടർന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും  തടിച്ചു കൂടി. ആനയെ തളയ്ക്കാനായി ഒന്നാം പാപ്പാൻ എസ്. കണ്ണൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും വിരട്ടി ഓടിച്ചു. പഴക്കുല നൽകി അനുനയിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സമീപം ഏറെ നേരെ നിന്നെങ്കിലും ആക്രമിച്ചില്ല. കയർ ഉപയോഗിച്ച് തളയ്ക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ ആന റോഡരികിലെ ഉയർന്ന സ്ഥലത്തേക്ക് ഓടി. തുടർന്ന് പരിസരത്തെ റബർ തോട്ടത്തിലേക്ക് ഓടിക്കയറിയ ആനയെ തളയ്ക്കാൻ ശ്രമങ്ങൾ ഊർജിതമാക്കി. കൊല്ലത്ത് നിന്ന് എലിഫന്റ് സ്ക്വാഡ് എത്തി പാപ്പാൻമാരുടെ സഹായത്തോടെ കുരുക്കിട്ടാണ് (ക്യാച്ചർ) ആനയെ തളച്ചത്. അപ്പോഴേക്കും സമയം വൈകിട്ട് 4.15. എസ്പിസിഎ സ്ക്വാഡിലെ ഡോ. അരവിന്ദ്, റിജു, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമങ്ങൾ.  ആന വിരണ്ടോടിയതിനെ തുടർന്ന് എംസി റോഡിലും പരിസരങ്ങളിലും വൻ ഗതാഗതക്കുരുക്കും ഉണ്ടായി. പൊലീസെത്തി വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. കൊട്ടാരക്കര ഡിവൈഎസ്പി ആർ.സുരേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.

English Summary: Tusker Manikandan Runs Amok block road for 5 hours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS