ADVERTISEMENT

കാടു രണ്ടാക്കി കീറി മുറിച്ചാണു കഞ്ചിക്കോട്–കോയമ്പത്തൂർ റെയിൽപാത കടന്നു പോവുന്നത്. 13 കിലോമീറ്റർ കേരള വനത്തിലൂടെയും 10 കിലോമീറ്റർ തമിഴ്നാടിലൂടെയുമാണ് എ, ബി ലൈൻ പാതയുള്ളത്. കാടിന്റെ വന്യത തൊട്ടറിഞ്ഞ് കുളിർമയുള്ള കാഴ്ചകൾ നൽകുന്ന ഈ വനപാത സഹ്യപുത്രൻമാരുടെ മരണ പാതയായി മാറുകയാണ്. കഴിഞ്ഞ ദിവസവും തീവണ്ടി തട്ടി മൂന്നു കാട്ടാന ചരിഞ്ഞു. ഈ മേഖലകളിൽ ട്രെയിന്റെ വേഗം കുറയ്ക്കാറുണ്ട്. ഉറക്കെ ഹോൺ മുഴക്കിയാണ് ട്രെയിൻ കടന്നു പോവാറുള്ളത്. എങ്കിലും അപകടങ്ങൾ പതിവാണ്.

വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ട്രാക്കിന്റെ നിർമാണ സമയത്തു തന്നെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ ട്രാക്കിലേക്കു വന്യമൃഗങ്ങൾ എത്താതിരിക്കാനുള്ള സുരക്ഷിത മാർഗങ്ങൾ ഒരുക്കുമെന്നും റെയിൽപാത ‘വന സൗഹൃദമാകുമെന്നും’ റെയിൽവേ അധികൃതർ വാദിച്ചു. ട്രാക്ക് നിർമാണം കഴിഞ്ഞു ട്രെയിൻ ഓടി തുടങ്ങി ഒട്ടേറെ വർഷങ്ങളായിട്ടും മുൻപു പറഞ്ഞ ‘വന സൗഹൃദം’ മാത്രം ഇനിയുമെത്തിയിട്ടില്ല. വന്യ ജീവികളുടെ ചോര പുരണ്ട ട്രാക്കായി കഞ്ചിക്കോട്–വാളയാർ–കോയമ്പത്തൂർ വനപാത മാറി. ‘സഹ്യപുത്രന്മാരുടെ’ മരണപാതയെന്നാണ് ഇതിപ്പോൾ അറിയപ്പെടുന്നത്.

19 വർഷം: ചരിഞ്ഞത് 34 കാട്ടാനകൾ

19 വർഷത്തിനിടെ കഞ്ചിക്കോട്– കോയമ്പത്തൂർ ട്രാക്കിൽ ചരിഞ്ഞത് 34 കാട്ടാനകളാണ്. അപകടമേഖലകളിൽ ട്രെയിനിന്റെ അമിതവേഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ വനംവകുപ്പ് കേസെടുക്കാറുണ്ടെങ്കിലും തുടർനടപടിക്കു സാങ്കേതിക തടസ്സമുണ്ട്. കാട്ടാനകൾ അപകടത്തിൽപ്പെടുന്നതിനോടപ്പം മേഖലയിൽ ആറു മാസത്തിനിടെ 2 മനുഷ്യജീവനുകൾ കൊമ്പൻമാരുടെ പരാക്രമത്തിൽ പൊലിഞ്ഞു. എന്നിട്ടും പ്രതിരോധ നടപടികൾ പ്രഹസനമാകുകയാണ്. ഓരോ വർഷം പിന്നിടുമ്പോഴും ട്രെയിനിടിച്ചു ചെരിയുന്നതും അപകടത്തിൽപ്പെടുന്നതുമായ ആനകളുടെ എണ്ണം കൂടി വരുകയാണ്.  കഞ്ചിക്കോട്, പയറ്റുകാട്, കൊട്ടാമുട്ടി, ചാവടിപ്പാറ,നവക്കര, മധുക്കര തുടങ്ങി മേഖലകളിലാണ് ആനകൾ കൂടുതലും അപകടത്തിൽപ്പെടാറ്. ഇവിടെങ്ങളിൽ ട്രാക്ക് കടന്നു പോവുന്നിടങ്ങളിൽ വീതി കുറവായതും ട്രെയിൻ എത്തുമ്പോൾ ആനകൾക്കു പെട്ടെന്ന് മാറാൻ കഴിയാത്തതുമാണ് അപകട കാരണം. 

കിടങ്ങുകളും സോളർ വേലിയും സ്ഥാപിച്ച് കോടികൾ പാഴായതു മിച്ചം. കാട്ടാനശല്യത്തിന് അറുതി വരുത്തുന്നതിനായുള്ള കുങ്കിയാന പദ്ധതിയും നിലച്ച മട്ടാണ്. കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ അടിയന്തര പരിഹാരമായി സോളാർ ഹാങ്ങിങ് ഫെൻസിങ്ങ് (സൗരോർജ്ജ തൂക്ക് വേലി) സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നടപടികളും നീളുകയാണ്. ആനകൾ മാത്രമല്ല കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും കുരങ്ങുകളും മയിലുകളും ഉൾപ്പെടെ അപകടത്തിൽപ്പെടാറുണ്ട്. 

വാച്ചർമാർ പുറത്ത്, ആനകൾ ട്രാക്കിൽ

ട്രാക്കിൽ കയറുന്ന ആനകളെ വിരട്ടി ഓടിക്കാൻ ആന വാച്ചർമാരെ നിയോഗിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം അവരിൽ പലരെയും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിരിച്ചു വിട്ടു. ഇതോടെ ആനകൾ ട്രാക്ക് കടക്കുന്നതും അപകടത്തിൽപ്പെടുന്നതും കൂടി. ട്രാക്കിനു സമീപം ഏറുമാടം കെട്ടിയും പട്രോളിങ് നടത്തിയും നിരീക്ഷണം ശക്തമാക്കിയിരുന്ന സമയത്താണ് വാച്ചർമാരെ മുഴുവൻ പുറത്താക്കിയത്. 

എവിടെ റെയിൽ വേലി?

ജില്ലയിൽ കാട്ടാനശല്യം തുടർക്കഥയായിട്ടും റെയിൽവേലി പദ്ധതി ‘വേലിക്കുരുക്കിൽ’ തന്നെ. വാളയാർ മുതൽ മുണ്ടൂർ വരെ കാട്ടാന ശല്യം രൂക്ഷമാവുന്ന ജനവാസ മേഖലകളിലും വനമേഖലയിലെ റെയിൽപാളങ്ങളോടു ചേർന്നും നടത്താനിരുന്ന പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇതിനു വീണ്ടും ജീവൻ നൽകാൻ റെയിൽവേയും വനംവകുപ്പും ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നില്ല. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ആറുകിലോമീറ്റർ ദൂരത്തിലെ വേലി നിർമാണത്തിനായി 8 കോടി രൂപ സർക്കാർ അനുവദിച്ചു.

ജില്ലയിലെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ, റെയിൽവേയുടെ പ്രതിനിധികളായ പഞ്ചായത്തംഗം എന്നിവരുൾപ്പെട്ട സമിതിക്കായിരുന്നു ചുമതല. സർവേ പൂർത്തിയായെങ്കിലും പദ്ധതി ഫയലുകളിലൊതുങ്ങി. കഞ്ചിക്കോട്– വാളയാർ മേഖലയിലെ റെയിൽവേ ട്രാക്കുകൾ താണ്ടിയാണു സ്ഥിരമായി കാട്ടാനകൾ ജനവാസമേഖലയിലെത്തുന്നത്. റെയിൽ പാളങ്ങളുടെ ഇരുമ്പുപയോഗിച്ചുള്ള റെയിൽ വേലി നിർമിക്കുന്നതിലൂടെ ഇതു തടയാനാവും. പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഉൾപ്പെടെ സർക്കാരിനു നിവേദനം നൽകിയെങ്കിലും നടപടിയില്ല.

English Summary:  34 Elephants have died due to train hits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com