മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ സൺ വിഭാഗത്തിൽ പെടുന്ന 'മിലു' എന്ന പേരുള്ള തത്തയെ ആണ് ബുധനാഴ്ച്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്. അപൂർവ ഇനത്തിൽ പെടുന്ന അലങ്കാര ജീവികളുടെ കാലിൽ തിരിച്ചറിയാനായി അണിയുന്ന റിങ് മുകളിലേക്ക് കയറി നീര് വന്നു നടക്കാനാവാത്ത നിലയിലായിരുന്നു.

ഉടമസ്ഥൻ റിങ് ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് തത്തയെയുമായി വരികയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഗ്രൈൻഡർ, കട്ടർ എന്നിവ ഉപയോഗിച്ച് റിങ് മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. സേനാംഗങ്ങളായ ആർ. വി. സജികുമാർ, എൻ.പി. സജിത്ത്, എൽ. ഗോപാലകൃഷ്ണൻ, പി. അഭിലാഷ്, എ. പി.ഉണ്ണികൃഷ്ണൻ, സി.പ്രമോദ് കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
English Summary: Fire and Rescue Services Safely Remove a Ring from a Parrots leg