ADVERTISEMENT

വേറിട്ട കാഴ്ചകളുടെ ലോകമാണ് കാട് നൽകുന്നത്. കാടുകയറുന്നവരെ മോഹിപ്പിക്കുന്നത് ഈ കാഴ്ചകളാണ്. എന്നാൽ കാട്ടിലെ എല്ലാ കാഴ്ചകളും മനസ്സിനെ സന്തോഷിപ്പിക്കുന്നതായിരിക്കില്ല. പറഞ്ഞു വരുന്നത് മൃഗങ്ങളുടെ വേട്ടയെക്കുറിച്ചാണ്. പലപ്പോഴും മൃഗവേട്ട സമ്മാനിക്കുന്നത് നൊമ്പരക്കാഴ്ചകളായിരിക്കും. അത്തരം ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കാട്ടെരുമയെ വേട്ടയാടുന്ന കാട്ടുനായ്ക്കളുടെ ദൃശ്യമാണിത്. സൗത്ത് ആഫ്രിക്കയിലെ ലോവർ സാംബസി ദേശീയപാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. 

സഫാരി ഗൈഡായ സെബാസ്റ്റ്യൻ സാൻഡെ സകാലയാണ് ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരികൾക്കൊപ്പം സഫാരിവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് വേറിട്ടകാഴ്ച കണ്ടത്. കാട്ടുനായ്ക്കളെ സഫാരി വാഹനത്തിൽ പിന്തുടർന്നെത്തിയതായിരുന്നു വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന സംഘം. അപ്പോഴാണ് കാട്ടുനായ്ക്കൾ ഒരേ ദിശയിൽ നോക്കിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അവ ഇരയെ ലക്ഷ്യമാക്കിയാണ് നിൽക്കുന്നതെന്ന് മനസ്സിലാക്കി സംഘം അവയെത്തന്നെ നിരീക്ഷിച്ചു.

അൽപം അകലെയായി മേയുന്ന കാട്ടെരുമകളായിരുന്നു അവയുടെ ലക്ഷ്യം. എരുമക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിച്ച കാട്ടുനായ്ക്കളുടെ സംഘം ഒരു എരുമയയെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തി. ആ എരുമയുടെ വയറിനു താഴെയായി വലിയ ഒരു മുഴ ദൃശ്യമായിരുന്നു. ഒറ്റപ്പെടുത്തിയ കാട്ടെരുമയുടെ വലിയ മുഴയിൽ കടിച്ചുകീറിയാണ് കാട്ടു നായ്ക്കളുടെ സംഘം അതിനെ കീഴ്പ്പെടുത്തിയത്. പ്രസവസമയത്തുണ്ടായ സങ്കീർണതയാകാം എരുമയുടെ വയറിനു താഴെ മുഴ രൂപപ്പെടാൻ കാരണമെന്നാണ് നിഗമനം. എരുമയെ കീഴ്പ്പെടുത്തിയ കാട്ടുനായ്ക്കൾ അതിനെ കടിച്ചുകീറി ഭക്ഷിച്ച ശേഷം വൈകുന്നേരത്തോടെയാണ് ഗുഹയിലേക്ക്  മടങ്ങിയത്. മിച്ചമുണ്ടായിരുന്ന ശരീരഭാഗങ്ങൾ ഭക്ഷിക്കാനായി പിറ്റേന്ന് പുലർച്ചയും ഇവയെത്തി. കഴുതപ്പുലികളും കഴുകൻമാരും കൂടി ചേർന്നതോടെ ഭക്ഷണം പൂർത്തിയാക്കി ജീവികൾ മടങ്ങുകയും ചെയ്തു.

English Summary: Wild Dogs Pop Huge Hernia on Buffalo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com