ADVERTISEMENT

പസിഫിക് ലിങ്‌കോഡ് എന്ന മത്സ്യം അഞ്ചടിയോളം നീളം വരുന്ന വലിയ മത്സ്യങ്ങളില്‍ ഒന്നാണ്. ഏതാണ്ട് 40 കിലോ ശരാശരി ഭാരം വരുന്ന ഈ മത്സ്യം മീന്‍പിടുത്തക്കാരെ സംബന്ധിച്ച് വലിയ നേട്ടവുമാണ്. അതേസമയം ഇവ മറ്റ് ചെറുമത്സ്യങ്ങള്‍ക്ക് ക്രൂരന്‍മാരായ വേട്ടക്കാരുമാണ്. മികച്ച വേട്ടക്കാരായ ഈ മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഇവയുടെ പല്ലുകളാണ്. ഏതാണ്ട് അഞ്ഞൂറോളം പല്ലുകളാണ് ഒരു പ്രായപൂര്‍ത്തിയായ പസഫിക് ലിങ്‌കോഡ് മത്സ്യത്തിനുണ്ടാകുക.

 

എന്നാല്‍ ഈ മത്സ്യത്തിന്‍റെ ഈ അഞ്ഞൂറോളം വരുന്ന പല്ലുകള്‍ അവിടെ സ്ഥായിയായ  കാണപ്പെടുന്നവയല്ല. ഇവയുടെ 3 ശതമാനത്തിലേറെ പല്ലുകള്‍ ദിവസേനയെന്നോണം പൊഴിഞ്ഞ് പോകുന്നവയാണ്. എന്നാല്‍ ഈ പൊഴിഞ്ഞ് പോകുന്ന പല്ലുകള്‍ക്ക് പകരമായി പുതിയ പല്ലുകള്‍ മുളയ്ക്കുകയും ചെയ്യും. ശരാശരി കണക്കാക്കിയാല്‍ ദിവസേന ഏതാണ്ട് 20 പല്ലുകളാണ് ഇവയ്ക്ക് നഷ്ടപ്പെടുന്നതും അതേസമയം പുതിയതായി മുളയ്ക്കുന്നതും. 

 

സ്രാവിന്‍റെ ബന്ധുക്കളോ ?

സമാനമായ ശൈലിയുള്ള മറ്റൊരു ജീവി കൂടി സമുദ്രത്തിലുണ്ട്. സ്രാവുകളാണ് ഇത്തരത്തില്‍ മരണം വരെ പല്ലുകള്‍ പുതിയതായി മുളയ്ക്കുന്ന ആ ജീവി. പക്ഷേ സ്രാവുകളെ സംബന്ധിച്ച് ഓരോ പല്ലുകളായി പൊഴിഞ്ഞു അതിന് പകരം പല്ല് ഉണ്ടാകുകയല്ല ചെയ്യുക. മറിച്ച് സ്രാവുകളുടെ വായില്‍ കാണുന്നത് പോലെ പല വരികളായാണ് പല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ വരികളായി തന്നെയാണ് പല്ലുകള്‍ പൊഴിയുന്നതും അതിന് പകരം മറ്റ് പല്ലുകള്‍ മുളയ്ക്കുന്നതും. അതേസമയം സ്രാവുകള്‍ക്ക് പല്ലുകള്‍ ഉണ്ടാകുന്നതും മുളയ്ക്കുന്നതും പസിഫിക് ലിങ്‌കോഡിന്‍റേത് പോലെ ദിവസേനയുള്ള പ്രക്രിയയല്ല. 

 

എന്നാല്‍ പല്ലുകളുടെ പൊഴിയലും വീണ്ടും മുളയ്ക്കലും മാറ്റി നിര്‍ത്തിയാല്‍ സ്രാവുകളുമായി മറ്റ് സാമ്യങ്ങളൊന്നും ലിങ്‌കോര്‍ഡുകള്‍ക്കില്ല. ജനിതകപരമായും സ്രാവും ലിങ്‌കോഡുകളും തമ്മില്‍ സാമ്യമില്ല. ലിങ്‌കോഡുകളുടെ പല്ലുകളുടെ ഘടനയും സമുദ്രത്തിലെ മറ്റ് ശരാശരി മത്സ്യങ്ങള്‍ക്ക് സമാനമാണെന്ന് ഗവേഷകര്‍ പറയുന്നു. അത് കൊണ്ട് തന്നെ സമുദ്രത്തിലെ ശരാശരി വലുപ്പമുള്ള മത്സ്യങ്ങളുടെ പല്ലുകളെക്കുറിച്ച് പഠിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ലിങ്‌കോഡുകളുടെ പല്ലുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു.

 

പഠനവിധേയമാക്കിയ 10000 പല്ലുകള്‍

വാഷിങ്ടൺ സര്‍വകലാശാലയിലെ ഗവേഷകരാണ് ലിങ്‌കോഡ്കളുടെ പല്ലുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. 20 ലിങ്‌കോഡ് മത്സ്യങ്ങളെയാണ് ഈ പഠനത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇവയില്‍ നിന്നായി പൊഴിഞ്ഞ് വീണ 10000 പല്ലുകളുടെ ഗവേഷകര്‍ പഠന വിധേയമാക്കി. ഈ പഠനത്തിന്‍റെ പ്രധാന ലക്ഷ്യം ലിങ്‌കോഡുകളുടെ ഏത് വിഭാഗത്തില്‍ പെട്ട പല്ലാണ് കൂടുതലായി പൊഴിഞ്ഞ് വീണ് വീണ്ടും മുളയ്ക്കുന്നതെന്നതായിരുന്നു. 

 

രണ്ട് തരത്തിള്ള പല്ലുകളാണ് മത്സ്യങ്ങളില്‍ പൊതുവെ കാണപ്പെടുന്നത്. വായില്‍ ചുണ്ടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് കാണുന്നവയാണ് ഒരു വിഭാഗം. തൊണ്ടയോടെ ചേര്‍ന്നു കാണപ്പടുന്ന ഫാരിന്‍ജിയല്‍ എന്നറിയപ്പെടുന്ന പല്ലുകളാണ് രണ്ടാമത്തെ വിഭാഗം. ഓറല്‍ അഥവാ ചുണ്ടിനോട് ചേര്‍ന്നുളള പല്ലുകളെ ഇരയെ പിടിക്കാനും വായ്ക്കുള്ളിലേക്ക് എത്തിക്കാനുമായാണ് ഉപയോഗിക്കുന്നത്. തൊണ്ടയോട് ചേര്‍ന്നുള്ള പല്ലുകള്‍ പിടിച്ച ഇരയെ ചവച്ചരയ്ക്കാന്‍ വേണ്ടിയാണ്. ഫാരിന്‍ജിയല്‍ എന്നറിയപ്പെടുന്ന വായയുടെ പിന്‍ഭാഗത്തുള്ള പല്ലുകളാണ് ഏറ്റവുമധികം പൊഴിയുന്നതും പിന്നീട് മുളച്ച് വരുന്നതുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ നിന്ന് പൊതുവെ മത്സ്യങ്ങള്‍ ഇവയുടെ ഫാരിന്‍ജയല്‍ പല്ലുകളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് പ്രാഥമിക നിഗമനത്തിലാണ് ഗവേഷകരെത്തിയത്. 

 

English Summary: This Mighty Fish Loses 20 Teeth Everyday, Then It Grows Them All Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com