ശരീരത്തിന്റെ മുക്കാൽ ഭാഗവും മുതലയുടെ വായിൽ, വളർത്തുനായയെ ആക്രമിച്ച് കൂറ്റൻ മുതല, ഒടുവിൽ?

Dog Fights Off Two-metre Crocodile After Almost Being Eaten By It At A Popular Beach In Australia
SHARE

മുതലകളുടെ ആക്രമണത്തിനിരയാകുന്നവർ രക്ഷപ്പെടുന്നത് വിരളമാണ്. ശക്തരായ എതിരാളികളാണ് മുതലകൾ. ഇരകളെ പിടിച്ചുകഴിഞ്ഞാൽ വെള്ളത്തിലേക്ക് വലിച്ചുതാഴ്ത്തി ആക്രമിച്ചു കൊല്ലുകയാണ് ഇവയുടെ പതിവ്. മുതലയുടെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വളർത്തുനായയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലെ ഡാർവിനിലാണ് സംഭവം നടന്നത്. ഉടമയ്ക്കൊപ്പം കാഷ്വറീന കടൽത്തീരത്തെത്തിയതായിരുന്നു ബാഞ്ചോ എന്ന വളർത്തുനായ. തെളിഞ്ഞ ജലത്തിലൂടെ നീന്തരന്നതിനിടയിലാണ് 2 മീറ്ററോളം നീളമുള്ള മുതല നായയെ വായിലാക്കിയത്.

നായയുടെ പിൻഭാഗത്താണ് മുതല പിടിമുറുക്കിയത്. നായയുടെ കരച്ചിൽ കേട്ടപ്പോഴാണ് ഉടമയായ ടോം ക്യുമിൻ മുതലയുടെ  വായിലകപ്പെട്ട വളർത്തുനായയെ കണ്ടത്. മുട്ടോളം മാത്രം വെള്ളമുണ്ടായിരുന്ന സ്ഥലത്താണ് ബാഞ്ചോ ആക്രമിക്കപ്പെട്ടത്. മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കുതറിയ നായ കൂർത്തപല്ലുകൾ നിറഞ്ഞ വായയ്ക്കുള്ളിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുതല ഇരയെ ചവയ്ക്കാനായി വായ തുറന്ന സമയത്ത് നായ രക്ഷപ്പെടുകയായിരുന്നു. കരയിലേക്ക് വേഗം നീന്തിയെത്തിയ നായ പിന്തിരിഞ്ഞു നോക്കുന്നുമുണ്ടായിരുന്നു. നായ പോയിക്കഴിഞ്ഞിട്ടും മുതല ഏറെനേരം അവിടെത്തന്നെ തുടർന്നതായി ടോം ക്യുമിൻ വ്യക്തമാക്കി.

മുതലയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട വളർത്തുനായയെ ഉടൻതന്നെ ടോം ക്യുമിൻ മൃഗാശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വലിയ മുറിവുകളില്ലെന്നും പരുക്കുകളൊന്നും ഗുരുതരമല്ലെന്നും അധികൃതർ വിഷദീകരിച്ചു. നോർതേൺ ടെറിട്ടറി പാർക്ക് ആണ് ഫേസ്ബുക്കിലൂടെ ബാഞ്ചോയുടെ ചിത്രവും ആക്രമണത്തിന്റെ വിവരവും പങ്കുവച്ചത്. കൽത്തീരത്ത് പിന്നീട് നടത്തിയ തിരച്ചിലിൽ മുതലയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വന്യജീവി വിഭാഗം വ്യക്തമാക്കി. ഈ മേഖലിൽ ധാരാളം മുതലകളുണ്ടെന്നും അവ കന്നുകാലികളെയും കാട്ടുപന്നികളെയും ആക്രമിക്കാറുണ്ടെന്നും പാർക്ക് അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളുടെ എണ്ണം മൂവായിരത്തിൽ നിന്ന് ഒരു ലക്ഷമായി ഉയന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Dog Fights Off Two-metre Crocodile After Almost Being Eaten By It At A Popular Beach In Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS