ADVERTISEMENT

കടുത്ത വരൾച്ചയിൽ വലയുന്ന കെനിയയിൽ നിന്ന് പുറത്തു വരുന്നത് നൊമ്പരക്കാഴ്ചകൾ. ദാഹജലവും ഭക്ഷണവുമില്ലാതെ ചത്തുവീഴുകയാണ് മൃഗങ്ങൾ. ഹിന്ദി ചലച്ചിത്ര താരം രൺദീപ് ഹൂഡ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വാജിറിലെ സബൂളി വന്യജീവി സങ്കേതത്തിൽ നിന്നുള്ളതാണ് നടുക്കുന്ന ഈ കാഴ്ച. ജിറാഫുകൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയത്.

സമീപത്തെ ജലാശയത്തിൽ വെള്ളം കുടിക്കാൻ പോകുന്നതിനിടയിൽ കാൽ ചെളിയിൽ പുതഞ്ഞുപോയതാണ് ഇവയുടെ മരണകാരണം. ഏറെക്കുറെ വറ്റിവരണ്ട നിലയിലായിരുന്നു ജലാശയം. 6 ജിറാഫുകളാണ് ഇവിടെ ചത്തുകിടന്നത്. പിന്നീട് ഇവയുടെ മൃതശരീരം ഇവിടെ നിന്നും നീക്കം ചെയ്തു. കടുത്ത വരൾച്ചയിൽ ജലം കിട്ടാതെ ജിറാഫുകൾ ചത്ത സംഭവം കെനിയയിലെ വരൾച്ചയുടെ തീവ്രത വ്യക്തമാക്കുന്നു. മറ്റു ജീവികളും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. നദീതീരങ്ങൾ കൃഷിക്കായി ഗ്രാമവാസികൾ കൈയടക്കിയതോടെ ഇവിടേക്കും ജിറാഫുകൾക്ക് വരാനാകാത്ത അവസ്ഥയാണ്.

വരൾച്ച രൂക്ഷമായതിനെ തുടർന്നു കെനിയയുടെ വടക്കു കിഴക്കൻ പ്രദേശമായ സബൂലിയിലേക്ക് ജിറാഫുകളെ മാറ്റി പാർപ്പിച്ചിരുന്നു. സാധാരണ ലഭിക്കുന്നതിന്റെ 30 ശതമാനത്തിൽ താഴെ മഴ മാത്രമാണ് ഇത്തവണ രാജ്യത്തു ലഭിച്ചത്. ഇതാണു കൊടും വരൾച്ചയ്ക്കു കാരണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വരൾച്ച ഇനിയും തുടർന്നാൽ സമീപ പ്രദേശമായ ഗരിസ്സയിലെ 4,000 ജിറാഫുകൾ മരണഭീഷണി നേരിടുമെന്ന് കെനിയൻ ദിനപ്പത്രം മുന്നറിയിപ്പ് നൽകുന്നു.

English Summar: Six dead giraffes: Kenya drought horror captured in single picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com