ADVERTISEMENT

ദേശീയോദ്യാനത്തിൽ വന്യമൃഗങ്ങളെ കാണാനെത്തുന്ന സഞ്ചാരികൾ പലപ്പോഴും അവയെകണ്ട് ഭയപ്പെടാറുണ്ട്. തങ്ങളെ ഉപദ്രവിക്കാൻ എത്തുന്നവരെന്ന് കരുതി വന്യമൃഗങ്ങൾ സഞ്ചാരികൾക്ക് നേരെ ചീറിയടിക്കുന്ന ദൃശ്യങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പുറത്തുവരാറുണ്ട്. ഇത്തരം സംഭവങ്ങളിൽ  സഞ്ചാരികൾക്കോ മൃഗങ്ങൾക്കോ അപകടം സംഭവിക്കുന്നത് വിരളമാണ്. എങ്കിലും വന്യമൃഗങ്ങളുടെ അരികിലെത്തുന്നത് എത്രത്തോളം അപകടകരമാണെന്ന്  മനസ്സിലാക്കിതരുന്ന ദൃശ്യങ്ങളാണ് അസമിലെ മാനസ് ദേശീയോദ്യാനത്തിൽ നിന്നും പുറത്തുവരുന്നത്. 

 

വനത്തിനുള്ളിൽക്കൂടി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഒരുകൂട്ടം സഞ്ചാരികളെ കൂറ്റൻ കാണ്ടാമൃഗം തുരത്തുന്ന ദൃശ്യമാണിത്. ദേശീയോദ്യാനത്തിലെ ബാബരി മേഖലയിലായിരുന്നു സംഭവം. ജീപ്പിന് പിന്നാലെ രോഷത്തോടെ ഓടിയടുക്കുന്ന കാണ്ടാമൃഗത്തെ വിഡിയോയിൽ കാണാം. വാസസ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് കാണ്ടാമൃഗങ്ങളെ പ്രകോപിതരാക്കും. ഇതാകാം കാണ്ടാമൃഗം സഞ്ചാരികളെ ആക്രമിക്കാനെത്തിയതിനു പിന്നിലെന്നാണ് നിഗമനം.

 

ദേശീയോദ്യാനത്തിൽ സന്ദർശനത്തിനെത്തിയ മറ്റു സന്ദർശകരാണ് ഭയാനകമായ ഈ ദൃശ്യങ്ങൾ പകർത്തിയത്. കാണ്ടാമൃഗത്തെ കണ്ട് അതിൽനിന്നും രക്ഷപ്പെടാനായി വേഗത്തിൽ പായുന്ന ജീപ്പിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയായിരുന്നു കാണ്ടാമൃഗം. വാഹനം മുന്നോട്ട് നീങ്ങിയിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ  ഏറെ ദൂരം പിന്തുടരുകയായിരുന്നു. വാഹനത്തിന്റെ തുറന്ന ഭാഗത്തും സഞ്ചാരികൾ നിലയുറപ്പിച്ചിരുന്നതിനാൽ അപകടസാധ്യത ഏറെയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ദേശീയോദ്യാനത്തിലെ വനപാലകരെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. 

 

പൂർണ്ണ വളർച്ചയെത്തിയകാണ്ടാമൃഗങ്ങളിൽ ഒന്നാണ് ജീപ്പിനു പിന്നാലെ കൂടിയത്. ഭാഗ്യംകൊണ്ട് മാത്രമാണ് സഞ്ചാരികളിൽ ആർക്കും അപകടം ഉണ്ടാകാതിരുന്നത്. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ ദൃശ്യങ്ങൾ . 2019ൽ സമാനമായ ഒരു സംഭവം ദക്ഷിണാഫ്രിക്കയിലും സംഭവിച്ചു. വെളുത്ത നിറത്തിലുള്ള  കാണ്ടാമൃഗങ്ങളിൽ ഒന്നാണ് അന്ന് ഒരു കൂട്ടം സഞ്ചാരികളെ ആക്രമിക്കാൻ മുതിർന്നത്. കാനനപാതയ്ക്കു സമീപം നിലയുറപ്പിച്ചിരുന്ന കാണ്ടാമൃഗം സഫാരി ജീപ്പ് നീങ്ങിയതിന് തൊട്ടുപിന്നാലെ  ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും  അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു

 

English Summary: Rhino Charges At Tourist Vehicle At Assam's Manas National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com