ADVERTISEMENT

നായകൾ മനുഷ്യരുടെ ഉറ്റ ചങ്ങാതിമാരാണെന്ന ചൊല്ല് പറഞ്ഞുപഴകിയതാണെങ്കിലും അത് യാഥാർഥ്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതി ലോകത്ത് അരങ്ങേറുന്നുണ്ട്. സംസാരിക്കാൻ ശേഷിയില്ലെങ്കിലും ബുദ്ധിശക്തികൊണ്ട് ഉടമസ്ഥരെ രക്ഷിക്കാൻ ഒരു നായ കാണിച്ച സാമർഥ്യത്തെക്കുറിച്ചുള്ള വാർത്തകളാണ് അമേരിക്കയിൽ നിന്നു പുറത്തുവരുന്നത്. രാത്രിയിൽ യാത്ര ചെയ്യുന്നതിനിടെ ഉടമയുടെ വാഹനം അപകടത്തിൽപെട്ട വിവരം പൊലീസിനെ അറിയിച്ച് യഥാസമയത്ത് അവർക്ക് രക്ഷയായത് വളർത്തു നായ ടിൻസ്‌ലെയാണ്. 

അമേരിക്കയിലെ ന്യൂഹാംഷെറിലാണ് സംഭവം. ന്യൂഹാംഷെർ - വെർമോണ്ട് അതിർത്തിക്കു സമീപമുള്ള പ്രധാന പാതയിൽ രാത്രിസമയത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഒരു നായ അലഞ്ഞു തിരിയുന്നതായി റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ അതിനെ പിടികൂടാൻ സ്ഥലത്തെത്തിയത്. എന്നാൽ നായയെ കണ്ടെത്തിയെങ്കിലും അതിനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. സാധാരണഗതിയിൽ പിടികൂടാൻ എത്തുന്ന മനുഷ്യരാണെന്നറിഞ്ഞാൽ നായകൾ ഓടി മറയുകയാണ് പതിവ്. എന്നാൽ ഇവിടെ ടിൻസ്‌ലെ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അകലെയായി ഉദ്യോഗസ്ഥർക്കു വേണ്ടി കാത്തിരിക്കുന്ന രീതിയിലാണ് പെരുമാറിയത്.

നായയുടെ വിചിത്രമായ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ അതിനെ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. അതോടെ നായ തങ്ങളെ ഏതോ സ്ഥലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഏറെ ദൂരം ഓടിയ നായ വെർമോണ്ടിലേക്ക് കടന്നു. ഒടുവിൽ നായയ്ക്ക് പിന്നാലെ എത്തിയ ഉദ്യോഗസ്ഥർ കണ്ടത് പ്രധാന പാതയിൽ നിന്നു തലകുത്തനെ മറിഞ്ഞ നിലയിൽ കിടക്കുന്ന ഒരു പിക്കപ്പ് ട്രക്കാണ്. സമീപ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടു യാത്രക്കാരെ സാരമായ പരുക്കുകളോടെ കണ്ടെത്തി.

അപകട സ്ഥലത്തേക്ക് നായ തങ്ങളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നത് അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ടിൻസ്ലിയുടെ ഉടമയായ ക്യാം ലോണ്ട്രിയുടെ വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ  സഞ്ചരിച്ചിരുന്ന രണ്ടുപേരെയും ഉടൻതന്നെ ഉദ്യോഗസ്ഥർ  ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ വാഹനം പൂർണമായി തകർന്നുവെങ്കിലും യാത്രക്കാർ രണ്ടുപേരും നിലവിൽ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാൻ ടിൻസ്ലിക്ക് സാധിച്ചില്ലായിരുന്നുവെങ്കിൽ സാരമായ മുറിവുകളും കൊടുംതണുപ്പും അതിജീവിക്കാനാവാതെ ഇരുവരുടേയും ജീവൻതന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ടിൻസ്ലിയുടെ ബുദ്ധിസാമർഥ്യമറിഞ്ഞ് അദ്ഭുതപ്പെട്ടുപോയതായും ജീവിതകാലമത്രയും തന്റെ വളർത്തുനായയോട് കടപ്പെട്ടിരിക്കുന്നു  എന്നുമായിരുന്നു ക്യാംലോണ്ട്രിയുടെ പ്രതികരണം.

English Summary: Pet dog leads cops to owner’s car crash site; incredible story warms hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com