ഒറ്റ നോട്ടത്തിൽ ആനയുടെ തുമ്പിക്കൈ, മണലില്‍ മറഞ്ഞിരിക്കുന്ന വിചിത്ര ജീവി, ആയുസ്സ് 150 വർഷം!

Geoduck: The Largest Burrowing Clam
Image Credit: Shutterstock
SHARE

കക്കയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കക്ക വിളവെടുക്കുന്ന കാനഡയിലെ പടിഞ്ഞാറന്‍ തീരങ്ങളിലെത്തിയാല്‍ ആ കാഴ്ച നമ്മെ അദ്ഭുതപ്പെടുത്തും. ശരാശരി ഒരു മീറ്ററോളം വരെ നീളമുള്ള കക്കകളാണ് ഇവിടെ വിളവെടുക്കുന്നത്. മുങ്ങല്‍ വിദഗ്ദ്ധരെ പോലെ വസ്ത്രങ്ങള്‍ ധരിച്ച സംഘമാണ് ഇവിടങ്ങളില്‍ കടലില്‍ മുങ്ങി കക്കയുമായി തിരികെയെത്തുന്നത്. ലോകത്തെ ഏറ്റവും വലുപ്പമുള്ള ഈ കക്കയുടെ പേര് ജിയോ ഡക്ക് ക്ലാം എന്നാണ്. 

ആനയുടെ തുമ്പിക്കൈ പോലൊരു കക്ക

ഈ കക്ക ഇനത്തിന്‍റെ തോടിന് മാത്രം ഏതാണ്ട് 8 ഇഞ്ച് നീളം വരും. ശരീരത്തിന്‍റെ ആകെ വലുപ്പം കണക്കിലെടുത്താല്‍ ഒരു മീറ്ററോളം ആണ് ഇവയുടെ നീളം. ഹിയാറ്റല്‍ഡ് എന്ന തീരദേശ കക്ക വിഭാഗത്തില്‍ പെടുന്നവയാണ് ഈ കക്കകള്‍. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറന്‍ യുഎസ് തീരത്തും ഈ നീളമുള്ള കക്കകളെ ധാരാളമായി കണ്ടുവരാറുണ്ട്.  എലിഫന്‍റ് ട്രങ്ക് ക്ലാം, മഡ് ഡക്ക്, കിങ് ക്ലാം എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. കാനഡയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ, പ്രത്യേകിച്ച് ബ്രിട്ടിഷ് കൊളംബിയന്‍ മേഖലയിലെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ഇവ. ചൈനയാണ് ഈ കക്കകളുടെ വലിയ മാര്‍ക്കറ്റ്. വര്‍ഷത്തില്‍ ഏതാണ്ട്  1370 മെട്രിക് ടണ്‍ ഡിയോഡക്ക് കക്കകള്‍ ചൈനയിലേയ്ക്ക് മാത്രം കയറ്റി അയയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

തീരത്തെ മണല്‍പ്പരപ്പിലും, കടലില്‍ ഒരു മീറ്റര്‍ ആഴത്തിലുള്ള മണല്‍ത്തിട്ടയിലും വരെ ജിയോ ഡക്കുകളെ കണ്ടുവരാറുണ്ട്. പക്ഷേ കാണപ്പെടുന്നത് മനുഷ്യര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രദേശത്താണെങ്കിലും, ഇവയെ വിളവെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നാണ് പലരും ഇവയുടെ വിളവെടുപ്പ് നടത്തുന്നത്. വിളവെടുപ്പിന്‍റെ ആദ്യ പടിയെന്നത് മണലില്‍ ഒളിച്ചിരിക്കുന്ന ഇവയെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ്. മണലില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ശരീരഭാഗമായ സിഫോണിന്‍റെ അറ്റമാണ് ഇവയെ കണ്ടെത്താനുള്ള ഏക മാര്‍ഗം.

ശ്രമകരമായ വിളവെടുപ്പ്

കണ്ടെത്തി കഴിഞ്ഞാല്‍ കരയിലാണെങ്കില്‍ ആദ്യം ആ പ്രദേശത്ത് വെള്ളം ഉപയോഗിച്ച് ചുറ്റുമുള്ള മണല്‍ മാറ്റും. തുടര്‍ന്ന് കയ്യിലുള്ള ഉപകരണം ഉപയോഗിച്ച് ഇവയെ പുറത്തെടുക്കും. ഇവയെ പുറത്തെടുക്കുക എന്നതും ഏറെ ശ്രമകരമായ പണിയാണ്. മിക്കപ്പോഴും ഏറെ സമയമെടുത്താണ് ഇവ ഓരോന്നിനെയും മണലില്‍ നിന്ന് പുറത്തെടുക്കാനാകുക. അതേസമയം ട്രോളിങ് പോലുള്ള വ്യാവസായിക ശ്രമങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റ് ജീവജാലങ്ങളെയും മത്സ്യസമ്പത്തിനെയും ബാധിക്കില്ല എന്നത് ഈ രീതിയിലുള്ള വിളവെടുപ്പിന്‍റെ ഗുണങ്ങളില്‍ ഒന്നാണ്.

എന്നാല്‍ വിളവെടുപ്പ് മറ്റ് ജീവികള്‍ക്ക് ദോഷം ചെയ്യുന്നില്ലെങ്കിലും ജിയോഡക്ക് ക്ലാമുകളുടെ എണ്ണത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് അമിതമായി നടത്തിയ വിളവെടുപ്പാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇവയുടെ സംരക്ഷണത്തിനായി ബ്രിട്ടിഷ് കൊളംബിയയില്‍ ജിയോഡക്ക് ക്ലാമുകളുടെ വിളവെടുപ്പ് നിയന്ത്രിച്ചിട്ടുണ്ട്. ആകെ ജിയോഡക്ക് ക്ലാമുകളുടെ രണ്ട് ശതമാനത്തെ മാത്രമെ വിളവെടുക്കാന്‍ ഇപ്പോള്‍ അനുമതിയുള്ളൂ.

പ്രത്യേകതയുള്ള പ്രജനനം

150 വയസ്സാണ് ജിയോഡക്ക് ക്ലാമുകളുടെ ശരാശരി ആയുസ്സ്. 168 വയസ്സുള്ള ജിയോഡക്ക് ക്ലാമാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രായമേറിയ ജിയോഡക്ക് കക്ക. ഈ ജീവികളുടെ പ്രജനന രീതിയും ശ്രദ്ധേയമാണ്. ആദ്യം പെണ്‍ ക്ലാമുകളാണ് മുട്ടയിടുക. തുടര്‍ന്ന് ഈ മുട്ടയിലേക്ക് ആണ്‍ ക്ലാമുകള്‍ സ്പേമുകള്‍ ചീറ്റും. വൈകാതെ ഇതില്‍ നിന്ന് ദശലക്ഷക്കണക്കിന് ചെറിയ കക്ക മുട്ടകള്‍ തീരത്തേക്ക് നീങ്ങും. തീരത്താണ് ഇവയുടെ ശൈശവ കാലം ചിലവഴിക്കുക. ശൈശവ കാലത്ത് ഇവയ്ക്ക് കുഴി കുഴിച്ച് അതിനുള്ളില്‍ ഇരിക്കാന്‍ കഴിയും. ഇതിലൂടെയാണ് ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുക.

എന്നാല്‍ മുതിര്‍ന്ന ജിയോഡക്ക് കക്കകള്‍ ഈ ശേഷിയില്ല. മുതിരുന്നതോടെ ഇവയുടെ സിഫോണ്‍ എന്ന അവയവം വളരും. ഇതോടെ മണ്ണില്‍ സ്ഥിരമായി ഒരേ സ്ഥലത്ത് തുടരുകയും , സിഫോണ്‍ എന്ന അവയവം ഉപയോഗിച്ച് ഭക്ഷണം കണ്ടെത്തുകയും ചെയ്യും. പ്രാപൂര്‍ത്തിയാകുമ്പോഴേക്കും ഈ സിഫോണ്‍ അവയവത്തിന്‍റെ വളരെ ചെറിയൊരു അംശം മാത്രമാകും പുറത്തേക്ക് ദൃശ്യമാകുക.

English Summary: Geoduck: The Largest Burrowing Clam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA