ADVERTISEMENT

വടക്കൻ ചൈനയിലെ ടിയാൻജിന്നിൽ യാത്രക്കാരെയാകെ വട്ടംകറക്കി ഒട്ടകപ്പക്ഷി. റോങ്ഷെങ് - വുഹായ് എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ച വാഹനങ്ങളാണ് നടുറോഡിലൂടെ പാഞ്ഞ ഒട്ടകപ്പക്ഷി കാരണം ബുദ്ധിമുട്ടിലായത്.  നിരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ട്രക്കിൽ നിന്നും പുറത്തുചാടിയ ഒട്ടകപ്പക്ഷി പരിഭ്രാന്തനായി പൊതുവഴിയിലൂടെ ഓടുകയായിരുന്നു. എക്സ്പ്രസ് വേയിലൂടെ  പായുന്ന ഒട്ടകപ്പക്ഷിയുടെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.  മൂന്നുവരി പാതയിൽ ഒരു വരിയിൽ നിന്നും മറ്റൊന്നിലേക്ക് വഴുതിമാറിയായിരുന്നു ഒട്ടകപ്പക്ഷിയുടെ ഓട്ടം. ഇതുമൂലം  വാഹനങ്ങൾക്ക്  മുന്നോട്ടു സഞ്ചരിക്കുന്നതിന് തടസ്സം നേരിട്ടു. നിരത്തിൽ നിന്നും വിട്ടുമാറാതെ മുൻപോട്ട് തന്നെ ഒട്ടകപ്പക്ഷി സഞ്ചാരം തുടർന്നതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലായി. എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വ്യക്തിയാണ് കാറിനോളം വലുപ്പമുള്ള കൂറ്റൻ ഒട്ടകപ്പക്ഷി നിരത്തിലിറങ്ങിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. 

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി. എന്നാൽ അപ്പോഴും വാഹനങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതിന്റെ പരിഭ്രമം വിട്ടുമാറാത്ത പക്ഷി ഓട്ടം തുടരുകയായിരുന്നു. രണ്ടു വാഹനങ്ങളിലായെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഒട്ടകപ്പക്ഷിയുടെ  സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് അതിനെ പ്രധാന പാതയിൽ നിന്നും പുറത്തിറക്കി മതിലുകളുള്ള ഒരു മുറ്റത്തേക്ക് ഓടിച്ചു കയറ്റി. ഈ സമയമത്രയും  രക്ഷപ്പെട്ടോടിയ ഒട്ടകപ്പക്ഷിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു ട്രക്ക് ഡ്രൈവർ. ഒട്ടകപ്പക്ഷിയെ പിടികൂടിയ വിവരമറിഞ്ഞതോടെ അദ്ദേഹം സ്ഥലത്തെത്തി ഒട്ടകപ്പക്ഷിയുമായി തിരികെ മടങ്ങുകയും ചെയ്തു. 

ഒന്നിലധികം ഒട്ടകപക്ഷികളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇവയുമായി സഞ്ചരിക്കുന്നതിനിടെ ട്രക്കിന്റെ വാതിൽ അബദ്ധത്തിൽ തുറന്നപ്പോൾ ഒട്ടകപക്ഷി പുറത്തു ചാടുകയായിരുന്നു. തിരക്കുള്ള റോഡിലൂടെ ഏറെനേരം പാഞ്ഞെങ്കിലും ഒട്ടകപക്ഷിക്കോ മറ്റു വാഹനങ്ങൾക്കോ അപകടമൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യമാണെന്ന് അധികൃതർ പറയുന്നു. ഒൻപത് അടി നീളത്തിൽ വരെ വളരുന്ന ഒട്ടകപ്പക്ഷികൾക്ക് 150 കിലോഗ്രാമിനടുത്ത് ഭാരവുമുണ്ടാകും. ഇത്തരത്തിൽ പൂർണവളർച്ചയെത്തിയ ഒരു ഒട്ടകപ്പക്ഷിയാണ് നിരത്തിലിറങ്ങിയത്.ഇത് ഏതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.

ഒട്ടകപക്ഷികളെ വളർത്തുന്ന കാര്യത്തിൽ ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് ചൈന. 2019 ലെ കണക്കു പ്രകാരം ഇവയെ വളർത്തുന്ന 20,000 ൽ പരം ഫാമുകളാണ്  രാജ്യത്തുള്ളത്. ഇവയുടെ മാംസം, മുട്ട, തൂവലുകൾ എന്നിവയ്ക്കെല്ലാം വലിയ ഡിമാൻഡാണുള്ളത്. പറക്കാനാവില്ലെങ്കിലും അത്യന്തം അപകടകാരികൾ കൂടിയാണ് ഒട്ടകപക്ഷികൾ. ആഫ്രിക്കൻ വനാന്തരങ്ങളിൽ ജീവിക്കുന്ന ഒട്ടകപ്പക്ഷികളുടെ തൊഴിയേറ്റ് സിംഹങ്ങളടക്കമുള്ള വലിയ മൃഗങ്ങൾ ചത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ലോകത്തിലെ ഏറ്റവും അപകടകാരികളായ പക്ഷികളുടെ പട്ടികയിൽ മുൻ നിരയിൽതന്നെയാണ് ഒട്ടകപക്ഷികൾ ഇടം നേടിയിരിക്കുന്നത്.

English Summary: Ostrich swerves in front of cars as it races along a highway in China after falling out of a truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com