ADVERTISEMENT

പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിൽ ഒരെണ്ണത്തിനെ അമ്മ പുലി കൊണ്ടുപോയതായി വനം വകുപ്പ്. പുലിക്കുട്ടികളെ കണ്ടെത്തിയ പഴയ വീടിനോട് ചേർന്ന് പുലിക്കെണി സ്ഥാപിച്ച് അതിനുള്ളിൽ രണ്ട് കുട്ടികളെയും ഇന്നലെ രാത്രിയിൽ സൂക്ഷിച്ചിരുന്നു. ഒരെണ്ണത്തിനെ അമ്മ പുലി തന്നെ രാത്രിയിൽ കൊണ്ടുപോയെന്നാണ് വനപാലകർ പറയുന്നത്. ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് കാട്ടിലേക്ക് തന്നെ അയക്കാനുള്ള സാധ്യത പരിശോധിച്ചത്. പകുതി വിജയിച്ചതിനാൽ ഇന്ന് രാത്രിയിൽ അടുത്ത പുലിക്കുഞ്ഞിനെയും സമാന രീതിയിൽ കൂട്ടിൽ സൂക്ഷിക്കാനാണ് തീരുമാനം. 

ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ട് ഉള്ളിൽ പരിശോധിച്ചപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒലവക്കോട് റേഞ്ച് ഓഫിസിൽ വനപാലകരുടെ സംരക്ഷണത്തിലായിരുന്നു ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന പുലിക്കുഞ്ഞുങ്ങൾ. കാടുമൂടിക്കിടക്കുന്ന വീടിന്റെ പരിസരത്തു പലയിടത്തായി ക്യാമറകൾ വച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേർന്നു വലിയ കൂടും വച്ചിരുന്നു. വീടിനകത്തെ കൂടിനു സമീപം ഞായറാഴ്ച രാത്രി പുലി എത്തിയെങ്കിലും ചെറിയ കൂടായതിനാലാകണം അകത്തു കയറാഞ്ഞതെന്നു കരുതുന്നു.

മണം പിടിച്ചു വരുമെന്നതിനാൽ കുഞ്ഞുങ്ങളുടെ വിസർജ്യമുള്ള തുണി കൂട്ടിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. പുലിയെ കണ്ട പറമ്പ് വർഷങ്ങളായി കാടു വെട്ടിത്തെളിക്കാത്തതിനാൽ വള്ളിപ്പടർപ്പുകളും കുറ്റിക്കാടും നിറഞ്ഞ് 5 മീറ്ററിലപ്പുറം കാണാൻ കഴിയാത്ത സ്ഥിതിയാണ്. മരങ്ങളുടെ മുകളിലേക്കും വള്ളിപ്പടർപ്പുകൾ കയറിയിട്ടുള്ളതിനാൽ പുലി മരത്തിനു മുകളിൽ ഇരുന്നാലും കാണാൻ കഴിയില്ല.

English Summary: Leopard cubs found inside a locked house in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com