ADVERTISEMENT

ശ്രീലങ്കയിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തുനിന്ന് പട്ടിണി മൂലം മാലിന്യം ഭക്ഷിച്ചു വിശപ്പടക്കുന്ന ആനകളുടെ ചിത്രം മൃഗസ്നേഹികളെ ഞെട്ടിക്കുന്നു. കിഴക്കൻ ശ്രീലങ്കയിലെ അമ്പാര ജില്ലയിലുള്ള പല്ലാക്കാട് ഗ്രാമത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്നാണ് ചിത്രം.  മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പ്ലാസ്റ്റിക് അധികമായി ഉള്ളിൽ ചെന്ന് എട്ടുവർഷങ്ങൾക്കിടയിൽ 20 ആനകളാണ് ഇവിടെ ചരിഞ്ഞത്. കഴിഞ്ഞ ആഴ്ച രണ്ട് ആനകൾ ഇടവിട്ട ദിവസങ്ങളിൽ ചരിഞ്ഞതോടെയാണ് പല്ലാക്കാട് ഗ്രാമത്തിലെ പ്രതിസന്ധി വീണ്ടും ചർച്ചയാകുന്നത്.

 

 Elephants dying from eating plastic waste in Sri Lankan dump
Image Credit: AP

ചരിഞ്ഞ ആനകളുടെ ആമാശയത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം വലിയതോതിൽ വെളിപ്പെട്ടെന്ന് ശ്രീലങ്കയിലെ മൃഗരോഗവിദഗ്ധനായ നിഹാൽ പുഷ്പകുമാര അറിയിച്ചു. പോളിത്തീൻ ബാഗുകൾ, ചിപ്സ്, ബിസ്ക്കറ്റ് പോലുള്ളവയുടെ റാപ്പറുകൾ എന്നിവയായിരുന്നു കൂടുതൽ. ആനകൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങൾ വയറ്റിൽ കുറവായിരുന്നെന്നും നിഹാൽ പുഷ്പകുമാര പറഞ്ഞു. പ്ലാസ്റ്റിക് വയറിൽ കുറേയേറെ നിറയുന്നതോടെ ആനകൾ വരും ദിവസങ്ങളിൽ വളരെ ദുർബലരാകുകയും ക്രമേണ ചരിയുകയും ചെയ്യും.

 Elephants dying from eating plastic waste in Sri Lankan dump
Image Credit: AP

 

ആനകള്‍ പുണ്യമൃഗങ്ങളായാണ് ശ്രീലങ്കയിൽ കണക്കാക്കപ്പെടുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്ത ആനയായ നടുംഗമുവ രാജയ്ക്ക് പൊലീസ്, സൈനിക അകമ്പടി വരെയുണ്ട്. എന്നാൽ ഈ മൃഗങ്ങളുടെ പൊതുവിലുള്ള സ്ഥിതി ദ്വീപരാജ്യത്ത് അത്ര ശുഭകരമല്ലെന്നാണു പഠനം. പത്തൊൻപതാം നൂറ്റാണ്ടിൽ ആകെ 14000 ആനകൾ ശ്രീലങ്കയിലുണ്ടായിരുന്നു. എന്നാൽ 2011ൽ നടത്തിയ കണക്കെടുപ്പിൽ വെറും 6000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. വനനശീകരണം മൂലം പ്രകൃതിദത്തമായ ആവാസവ്യവസ്ഥ നശിക്കുന്നതാണു ശ്രീലങ്കയിലെ ആനകളുടെ ദുർഗതിക്കു കാരണമാകുന്നതെന്നാണു പരിസ്ഥിതി വിദഗ്ധർ പറയുന്നത്. ഇതോടെ കടുത്ത ഭക്ഷ്യ ദൗർലഭ്യം നേരിടുന്ന ഇവ ഭക്ഷണം തേടി ജനവാസ മേഖലകളിലേക്കിറങ്ങി. 

 

വിളനാശത്താൽ പ്രകോപിതരായി കർഷകരും, കൊമ്പിനായി വേട്ടാക്കാരും ഇവയെ കൊല്ലുന്നതു പതിവാണ്. യൂറോപ്യൻ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട മാലിന്യസംസ്കരണകേന്ദ്രമാണ് പല്ലാക്കാട്. ഇവിടെ പക്ഷേ മാലിന്യം തള്ളലല്ലാതെ സംസ്കരണം നടക്കുന്നില്ല. ഇതിനെ ചുറ്റിയുള്ള ഇലക്ട്രിക് വേലി ഇടിമിന്നലിൽ നശിച്ചിരുന്നു. ഇതു നന്നാക്കാതെയായതോടെയാണ് ആനകൾ ഉൾപ്പെടെ മൃഗങ്ങൾ ഇവിടേക്കു സ്വൈര്യവിഹാരം തുടങ്ങിയത്. പല്ലാക്കാട് കൂടാതെ 54 മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കൂടി രാജ്യത്തെ വനമേഖലകൾക്കു സമീപത്തായുണ്ട്. ഇവിടങ്ങളിൽ 300ൽ അധികം ആനകൾ ഭക്ഷണം തേടിയെത്താറുണ്ടെന്നു നിരീക്ഷകർ പറയുന്നു.

 

English Summary:  Elephants dying from eating plastic waste in Sri Lankan dump

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com