കൂട്ടിൽ കയറി പക്ഷികളെ അകത്താക്കി; പുറത്തിറങ്ങാനാവാതെ കുടുങ്ങി പെരുമ്പാമ്പ്!

 Snake catcher's warning for pet owners after python eats beloved birds
Image Credit: Sunshine Coast Snake Catchers 24/7/Facebook
SHARE

പക്ഷികളെ പോലെയുള്ള ചെറു ജീവികളെ വീട്ടിൽ വളർത്തുന്നവർ ഏറെ കരുതലോടെ അവയെ പരിപാലിക്കണം എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു സംഭവമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്ൻഡിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ക്വീൻസ്‌ലൻഡിലെ ഒരു വീട്ടിൽ വളർത്തിയിരുന്ന രണ്ട് പക്ഷികളെയാണ് പക്ഷികൂടിനുള്ളിൽ കയറിയ പെരുമ്പാമ്പ്  ഭക്ഷണമാക്കിയത്. ഇതിനുശേഷം കൂടിനുള്ളിൽ അകപ്പെട്ടുപോയ പെരുമ്പാമ്പിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

പക്ഷിക്കൂടിന്റെ അഴികൾക്കിടയിലെ ചെറിയ വിടവിലൂടെയാണ് കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പ് അകത്തു കയറിയത്. പറന്നു പോകാനാവാത്ത നിലയിലായതിനാൽ എളുപ്പത്തിൽ പക്ഷികളെ ഭക്ഷണമാക്കാനും പെരുമ്പാമ്പിന് സാധിച്ചു.  എന്നാൽ പക്ഷികളെ വിഴുങ്ങിയശേഷം വയർ പെരുകിയതിനാൽ കയറിയ വിടവിലൂടെ പുറത്തിറങ്ങാനാവാതെ പെരുമ്പാമ്പ് കൂടിനകത്തുതന്നെ കുടുങ്ങകയായിരുന്നു. 

പ്രായമായ ഒരു സ്ത്രീ വളർത്തുന്ന പക്ഷികളാണ് പെരുമ്പാമ്പിന് ഇരയായത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് മകൾ സൺഷൈൻ കോസ്റ്റ് സ്നേക് ക്യാച്ചേഴ്സുമായി ബന്ധപ്പെട്ടു.   പക്ഷികൾ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവയായതിനാൽ എങ്ങനെയും അവയെ രക്ഷിക്കണമെന്നാണ് മകൾ അഭ്യർത്ഥിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്നേക് ക്യാച്ചേഴ്സിലെ ഉദ്യോഗസ്ഥനായ സ്റ്റു മകെൻസിയും സംഘവും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പക്ഷികളെ പെരുമ്പാമ്പ് പൂർണമായി ഭക്ഷിച്ചുകഴിഞ്ഞിരുന്നു. 

പക്ഷികൾക്ക് ഇരിക്കാനായി സ്ഥാപിച്ചിരുന്ന കമ്പുകളിൽ ചുറ്റിയ നിലയിൽ പെരുമ്പാമ്പ് കുടുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. ഉടൻതന്നെ കൂടുതുറന്ന് പാമ്പിനെ പുറത്തിറക്കുകയും ചെയ്തു. പക്ഷികൾ പറന്നു പോകാതിരിക്കണം എന്ന ഉദ്ദേശത്തിൽ മാത്രമാണ് പലരും അവയ്ക്കായി കൂടുകൾ പണിയുന്നത്. എന്നാൽ ഇത്തരം അപകടങ്ങൾ കൂടി മുന്നിൽകണ്ട് പ്രത്യേക സുരക്ഷ അവയ്ക്കായി ഒരുക്കേണ്ടതുണ്ടെന്ന് മകെൻസി ഓർമിപ്പിച്ചു.

രാത്രികാലങ്ങളിലാണ് പെരുമ്പാമ്പുകൾ കൂടുതലായി ഇരതേടിയിറങ്ങുന്നത്. അതിനാൽ വീടിനു പുറത്താണ് പക്ഷിക്കൂടുകൾ സ്ഥാപിച്ചിരിക്കുന്നതെങ്കിൽ കഴിവതും രാത്രിസമയങ്ങളിൽ അവയെ  സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ശ്രദ്ധിക്കുണം. പെരുമ്പാമ്പുകൾ പക്ഷിക്കൂടിനുള്ളിൽ കയറുമെന്നത് പലർക്കും അവിശ്വസനീയമായതിനാലാണ് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത്. എന്നാൽ ദിനംപ്രതി ഇത്തരം സംഭവങ്ങൾ നടന്നതായറിയിച്ച് തങ്ങളെ വിളിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് മകെൻസി പറയുന്നു.

English Summary: Snake catcher's warning for pet owners after python eats beloved birds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS